ലക്ഷദ്വീപ് ജനതയുടെ ശബ്ദം കേൾക്കണം: അവർ ഒട്ടും സന്തുഷ്ടരല്ല; പ്രതികരണവുമായി നടന്‍ പൃഥിരാജ്

0

കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ പുതിയ ‘പരിഷ്കാരങ്ങൾ’ക്കെതിരെ നടനും സംവിധായകനുമായ പൃഥ്വിരാജ്. ഫെയ്‌സ്ബുക്കിലൂടെയാണ് പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരെ നടന്‍ പൃഥിരാജ് രംഗത്തുവന്നത്.

ലക്ഷദ്വീപുവാസികളുടെ ശബ്ദം കേൾക്കണം. അവരുടെ നാടിന് എന്താണ് നല്ലതെന്ന് അവർക്കറിയാം. അവരെ വിശ്വസിക്കൂ,’ പൃഥ്വിരാജ് കുറിച്ചു.

പൃഥിരാജിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ആറാം ക്ലാസിൽ പഠിക്കുമ്പോൾ നടത്തിയ ഒരു വിനോദയാത്രയിൽ നിന്നാണ് ലക്ഷദ്വീപ് എന്ന മനോഹരമായ ദ്വീപുസമൂഹത്തെക്കുറിച്ചുള്ള എന്റെ ഓർമകൾ തുടങ്ങുന്നത്. വൈഢൂര്യം പോലെ തിളങ്ങുന്ന നീലക്കടലും സ്ഫടികം പോലെ തെളിയുന്ന കായലുകളും തെല്ലൊരു അമ്പപ്പോടെ നോക്കി നിന്നത് ഞാനിപ്പോഴും ഓർക്കുന്നു. വർഷങ്ങൾക്കിപ്പുറം, സച്ചിയുടെ അനാർക്കലിയിലൂടെ സിനിമയെ വീണ്ടും ദ്വീപിലെത്തിച്ച അണിയറപ്രവർത്തകരുടെ ഭാഗമായി ഞാൻ. രണ്ടു മാസം ഞാൻ കവരത്തിയിൽ ചെലവഴിച്ചു. ജീവിതകാലം നീണ്ടു നിൽക്കുന്ന സുഹൃത്തുക്കളെയും ഒരുപാടു ഓർമകളുമാണ് ഈ കാലയളവിൽ ഞാൻ സ്വന്തമാക്കിയത്. രണ്ടു വർഷം മുൻപ് ഞാൻ വീണ്ടും ലക്ഷദ്വീപിലെത്തി. എന്റെ ആദ്യ സംവിധാനസംരംഭമായ ലൂസിഫറിലെ വെല്ലുവിളി നിറഞ്ഞ ഒരു സീക്വൻസ് ചിത്രീകരിക്കുന്നതായിരുന്നു ആ യാത്ര. ലക്ഷദ്വീപുവാസികളുടെ ഊഷ്മളതയും സഹകരണവും കൊണ്ടു മാത്രമാണ് ആ രണ്ട് ചിത്രീകരണങ്ങളും സാധ്യമായത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലക്ഷദ്വീപിലെ എനിക്ക് പരിചയമുള്ളവരും അല്ലാത്തവരുമായ നിരവധി പേരിൽ നിന്ന് എനിക്ക് നിരന്തരമായി അഭ്യർത്ഥനകളും സന്ദേശങ്ങളും ലഭിക്കുന്നു. ദ്വീപിൽ നടക്കുന്ന കാര്യങ്ങൾ പുറംലോകത്ത് എത്തിക്കുന്നതിന് സഹായിക്കണം എന്നതാണ് അവരുടെ ആവശ്യം. ലക്ഷദ്വീപിനെക്കുറിച്ചോ അവിടെ നടപ്പാക്കിയ വിചിത്രമായ ‘പരിഷ്കാരങ്ങളെ’ക്കുറിച്ചോ സുദീർഘമായി ഉപന്യസിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഓൺലൈനിൽ അവ ലഭ്യമാണ്. താൽപര്യമുള്ളവർക്ക് വായിക്കാം.

ഞാൻ സംസാരിക്കുകയും ബന്ധപ്പെടുകയും ചെയ്ത ദ്വീപുവാസികളിൽ നിന്ന് അറിയാൻ കഴിഞ്ഞത്, ഇപ്പോൾ ദ്വീപിൽ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങളിൽ അവർ സന്തുഷ്ടരല്ല എന്നാണ്. നിയമമോ ഭേദഗതിയോ പരിഷ്കാരങ്ങളോ എന്തുമാകട്ടെ ആത്യന്തികമായി അത് നാടിനു വേണ്ടിയല്ല, അവിടത്തെ ജനങ്ങൾക്കു വേണ്ടിയാകണം എന്നാണ് ഞാൻ ശക്തമായി വിശ്വസിക്കുന്നത്.

ഭൂമിശാസ്ത്രപരമോ രാഷ്ട്രീയപരമോ ആയ അതിർത്തികളല്ല ഒരു സംസ്ഥാനത്തെയോ കേന്ദ്രഭരണ പ്രദേശത്തെയോ നിർവചിക്കുന്നത്. മറിച്ച്, അവിടെ ജീവിക്കുന്ന ജനങ്ങളാണ്. നൂറ്റാണ്ടുകളായി സമാധാനത്തോടെ പുലർന്നിരുന്ന ഒരു ജനസമൂഹത്തിന്റെ ജീവിതരീതിയെ തടസപ്പെടുത്തുന്നത് പുരോഗതിയുടെ സ്വീകാര്യമാർഗമായി മാറുന്നത് എങ്ങനെയാണ്? ഭാവിയിൽ സംഭവിച്ചേക്കാവുന്ന പ്രത്യാഘാതങ്ങളെ പരിഗണിക്കാതെ, അതിലോലമായ ദ്വീപിന്റെ ആവാസവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തകർക്കുന്നത് എങ്ങനെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും?

എനിക്ക് നമ്മുടെ വ്യവസ്ഥാപിതമായ ഭരണകൂടത്തിൽ വിശ്വാസമുണ്ട്. അതിനേക്കാളെറെ നമ്മുടെ ജനങ്ങളിൽ എനിക്ക് വിശ്വാസമുണ്ട്. നാമനിർദേശം ചെയ്യപ്പെട്ട ഒരു അധികാര കേന്ദ്രമെടുത്ത തീരുമാനങ്ങളിൽ ഒരു സമൂഹം അസന്തുഷ്ടരാണെങ്കിൽ, അതിനെതിരെ ലോകത്തിന്റെയും സർക്കാരിന്റെയും ശ്രദ്ധ കൊണ്ടുവരുന്നതിന് അവർ ശക്തമായി പരിശ്രമിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ എനിക്കു തോന്നുന്നു അക്കാര്യത്തിൽ ഉചിതമായ നടപടിയെടുക്കാതെ മറ്റു മാർഗങ്ങളില്ല എന്നാണ്.

അതിനാൽ, ലക്ഷദ്വീപുവാസികളുടെ ശബ്ദം കേൾക്കണമെന്ന് ഞാൻ അധികാരികളോട് അഭ്യർത്ഥിക്കുന്നു. അവരുടെ നാടിന് എന്താണ് നല്ലതെന്ന് അവർക്കറിയാം. അവരെ വിശ്വസിക്കൂ. ഭൂമിയിലെ ഏറ്റവും സുന്ദരമായ ഇടങ്ങളിലൊന്നാണ് ഇത്… അതിനേക്കാളെറെ സുന്ദരമായ ജനങ്ങളാണ് അവിടെ പാർക്കുന്നത്!