എയര്‍ ഇന്ത്യ സ്വകാര്യവല്‍ക്കരണം; നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി

എയര്‍ ഇന്ത്യയുടെ സ്വകാര്യവല്‍ക്കരണം ഉടന്‍ നടപ്പാക്കുമെന്ന് സിവില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി. സ്വകാര്യമേഖലയിലുള്ള നിരവധി കമ്പനികൾ എയർ ഇന്ത്യയെ ഏറ്റെടുക്കാൻ താൽപര്യമറിയിച്ചെന്നും മന്ത്രി പറഞ്ഞു. ഇന്ധനം നിറയ്ക്കാന്‍ പണമില്ലാത്തതുകൊണ്ട് എയര്‍ ഇന്ത്യ വിമാന സര്‍വീസ് മുടങ്ങുന്ന സാഹചര്യം ഇനിയുണ്ടാകില്ലെന്നും മന്ത്രി ഉറപ്പുനൽകി.

നേരത്തെ തന്നെ സ്വകാര്യവൽക്കരണം സർക്കാർ പ്രഖാപിച്ചതാണ്. ഇതു സംബന്ധിച്ച് എത്രയും വേഗം നടപടികൾ പൂർത്തിയാക്കും. കഴിഞ്ഞ കുറെ നാളുകളായി എയർ ഇന്ത്യയെ സ്വകാര്യവൽക്കരിക്കാനുള്ള നീക്കവുമായി കേന്ദ്രസർക്കാർ മുന്നോട്ട് പോകുകയായിരുന്നു. സ്ഥാപനത്തിലെ പുതിയ നിയമനങ്ങളും സ്ഥാനക്കയറ്റവും നിർത്തി വച്ചിരുന്നു. പുതിയ വിമാനസർവീസുകൾ തുടങ്ങേണ്ടെന്ന് തീരുമാനിച്ചു.

കുറഞ്ഞ സമയംകൊണ്ട് പരമാവധി ലാഭമാണ് സ്വകാര്യവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. സ്വകാര്യവൽക്കരണം മുന്നിൽ കണ്ട് കേടായ വിമാനങ്ങളുടെ അറ്റകുറ്റപണി പുരോഗമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. പിന്നാലെയാണ് സ്വകാര്യവൽക്കരണ നടപടികള്‍ ഉടൻ പൂർത്തിയാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം. ഈ വര്‍ഷം അവസാനത്തോടെ വിൽപന നടപടികൾ പൂർത്തിയാക്കുകയാണു ലക്ഷ്യം. മൊത്തം 55,000 കോടി രൂപയുടെ കടബാധ്യതയാണ് എയർ ഇന്ത്യയ്ക്കുളളത്.