30 ലക്ഷം കൈപ്പറ്റി ഷെയ്ന്‍ വഞ്ചിച്ചു; ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് നിർമാതാവ് ജോബി ജോർജ്

0

കൊച്ചി: നടൻ ഷെയ്ൻ നിഗത്തിനെതിരേ ആരോപണങ്ങളുമായി നിർമാതാവ് ജോബി ജോർജ് രംഗത്ത്. വെയിൽ എന്ന തന്‍റെ സിനിമയ്ക്ക് പ്രതിഫലമായി 30 ലക്ഷം രൂപ വാങ്ങിയ ഷെയ്ൻ ചിത്രം പൂർത്തിയാക്കാതെ തന്നെ വഞ്ചിച്ചുവെന്നാണ് നിർമാതാവിന്‍റെ ആരോപണം. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

30 ലക്ഷം രൂപയാണ് ചിത്രത്തിനായി ഷെയ്ന്‍ ചോദിച്ച പ്രതിഫലമെന്നും പിന്നീട് ചിത്രീകരണം തുടങ്ങിയപ്പോള്‍ അത് 40 ലക്ഷമാക്കിയെന്നും ജോബി പറയുന്നു. ഭീഷണിപ്പെടുത്തുകയല്ല തന്റെ അവസ്ഥ പറയുകയാണുണ്ടായിരുന്നത്. സിനിമയുമായി സഹകരിക്കാതെ പോയാല്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരുന്നതായും ജോബി ജോര്‍ജ് മാധ്യമങ്ങളെ അറിയിച്ചു.

ഇതുവരെ 4.75 കോടി രൂപ താൻ ചിത്രത്തിനായി മുടക്കി കഴിഞ്ഞു.10 ദിവസത്തെ ഷൂട്ടിംഗ് മാത്രമാണ് പൂർത്തിയാക്കാനുള്ളത്. ഇതിനിടെയാണ് ഷെയ്ൻ മറ്റാരുടെയോ പ്രേരണയാൽ തന്നെ വഞ്ചിച്ചതെന്നും സിനിമയുമായി സഹകരിക്കാതെ ഒഴിഞ്ഞുമാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ചിത്രീകരണം ഇനിയും നീണ്ടുപോയാല്‍ സാമ്പത്തികമായി ബാധിക്കും. അതിനാലാണ് നായകനോട് കൂടുതല്‍ സമയം ഈ പടവുമായി സഹകരിക്കണമെന്ന് ആവശ്യപ്പെട്ടത്. 30 ലക്ഷം കൈപ്പറ്റിയിട്ടും പടം മുഴുവനാക്കാന്‍ നിന്നു തന്നിട്ടില്ല.

വെയിൽ എന്ന ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്ന കഥാപാത്രം മുടി നീട്ടിയാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമ തീരാതെ മുടി മുറിക്കരുതെന്ന് കരാറുണ്ടായിരുന്നു. ഇതെല്ലാം അവഗണിച്ചാണ് പുതിയ ചിത്രത്തിൽ അഭിനയിക്കുന്നതിന് നടൻ പോയത്. ആ ചിത്രത്തിന്‍റെ നിർമാതാവുമായി ഇക്കാര്യം സംസാരിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും തനിക്കുണ്ടായ നഷ്ടത്തിന് ആരും പരിഹാരമുണ്ടാക്കുമെന്നും നിർമാതാവ് ചോദിച്ചു.

സിനിമ പൂർത്തിയാക്കാതെ ഷെയ്ൻ പോയതിനെതിരേ നേരത്തെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകിയിരുന്നു. ഇക്കാര്യത്തിൽ നിയമ നടപടികളുമായി മുന്നോട്ടുപോകേണ്ട സാഹചര്യമാണെന്നും ഷെയ്നോട് വ്യക്തിപരമായ വിരോധമൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷെയ്ൻ പുറത്തുവിട്ട ഓഡിയോ ക്ലിപ്പിൽ താൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല. പെട്ടന്നുണ്ടായ മനോവിഷമത്തിലാണ് താൻ ദേഷ്യത്തിൽ സംസാരിച്ചത്.

ചിത്രത്തിന്‍റെ റിലീസ് ഒക്ടോബർ 16ന് നിശ്ചയിച്ചിരുന്നതാണ്. എന്നാൽ ഷൂട്ടിംഗ് വൈകുന്നതിനാൽ നവംബർ 16-ലേക്ക് മാറ്റി. ഇങ്ങനെ മുന്നോട്ടുപോയാൽ വലിയ സാമ്പത്തിക ബാധ്യതയിലേക്ക് താൻ വീണുപോകും. ഷെയ്ൻ വന്നാൽ 10 ദിവസത്തെ ഷൂട്ടിംഗ് കൊണ്ട് ചിത്രം പൂർത്തിയാക്കാനാകും. എല്ലാവരും സഹകരിച്ച് സിനിമ തീർത്തുതരണമെന്നാണ് തന്‍റെ അപേക്ഷയെന്നും ജോബി പ്രതികരിച്ചു.

സിനിമ നിര്‍മാതാവ് ജോബി ജോര്‍ജ് വധഭീഷണി മുഴക്കിയതായും ആക്ഷേപിച്ചതായും ആരോപിച്ച് നടന്‍ ഷെയ്ന്‍ നിഗം കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ‘വെയില്‍’ എന്ന ചിത്രത്തിലെ നായകനാണ് ഷെയ്ന്‍ നിഗം. ചിത്രത്തിന്റെ ഒന്നാം ഷെഡ്യൂള്‍ കഴിഞ്ഞ ശേഷം മറ്റൊരു ചിത്രമായ ‘കുര്‍ബാനി’ക്കുവേണ്ടി പിന്നിലെ മുടി വെട്ടിയതിനെ തുടര്‍ന്ന് വെയിലിന്റെ ഷൂട്ടിങ് മുടക്കാനാണ് ഇത് ചെയ്തതെന്ന് ആരോപിച്ചാണ് നിര്‍മാതാവ് വധഭീഷണി മുഴക്കിയതെന്നാണ് ഷെയ്ന്‍ നിഗത്തിന്റെ ആരോപണം. തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാം ലൈവിലൂടെയാണ് ഷെയ്ന്‍ ജോബിക്കെതിരേ ആരാപണവുമായി രംഗത്തെത്തിയത്.