പ്രവാസികൾക്ക് പ്രോക്‌സി വോട്ട് അനുവദിക്കാന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം; എന്താണ് പ്രോക്സി വോട്ട് ?

0

പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രോക്‌സി വോട്ട് ചെയ്യാൻ കേന്ദ്രമന്ത്രിസഭ അനുമതി നൽകി . ഇതനുസരിച്ച് ജനപ്രാതിനിധ്യനിയമം ഭേദഗതി ചെയ്യും.ഇന്നലെ ദില്ലിയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. തീരുമാനം ഓഗസ്റ്റ് എട്ടിന് സുപ്രിം കോടതിയെ അറിയിക്കും.

പ്രവാസി ഇന്ത്യക്കാരുടെ ദീര്‍ഘകാല ആവശ്യത്തിനാണ് ഇതോടെ അംഗീകാരമാവുന്നത്. പ്രവാസികള്‍ക്ക് അവര്‍ വോട്ടര്‍പട്ടികയിലുള്ള മണ്ഡലത്തില്‍ നേരിട്ട് വോട്ട് ചെയ്യാനാവുന്നില്ലെങ്കില്‍ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടുചെയ്യാനുള്ള അവസരം നല്‍കുന്നതാണ് നിര്‍ദിഷ്ട ഭേദഗതി.

വോട്ടര്‍പട്ടികയില്‍ പേരുണ്ടെങ്കിലും ശരാശരി പതിനായിരം മുതല്‍ പന്ത്രണ്ടായിരംവരെ പ്രവാസികള്‍മാത്രമേ ഇപ്പോള്‍ വോട്ടുചെയ്യാന്‍ നാട്ടിലെത്തുന്നുള്ളൂവെന്നാണ് കണക്ക്. നാട്ടിലെത്താന്‍വേണ്ട ഭാരിച്ച ചെലവാണ് വോട്ടിങ്ങിനെത്തുന്നതില്‍നിന്ന് അവരെ പിന്തിരിപ്പിക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇതിന് മാറ്റമുണ്ടാകും.

പ്രോക്‌സി വോട്ട് ചെയ്യാന്‍ ചുമതലപ്പെടുത്തുന്നയാളും (മുക്ത്യാര്‍) അതേ മണ്ഡലത്തില്‍ വോട്ടുള്ളയാളായിരിക്കണം. മുക്ത്യാറിനെ ചുമതലപ്പെടുത്തിക്കൊണ്ട് തിരഞ്ഞെടുപ്പിന് ആറുമാസംമുമ്പ് റിട്ടേണിങ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഒരുപ്രാവശ്യം നിയമിക്കുന്ന മുക്ത്യാര്‍ക്ക് തുടര്‍ന്നുള്ള തിരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്താം.

എന്താണ് പ്രോക്സി വോട്ട് ?

കോടിക്കണക്കിന് പ്രവാസി ഇന്ത്യക്കാരാണ് ഗൾഫ് മേഖലയിലടക്കമുള്ള വിവിധ വിദേശ രാജ്യങ്ങളിലുള്ളത്. പക്ഷെ ഇവരിൽ പലർക്കും തെരഞ്ഞെടുപ്പിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്താൻ കഴിയാറില്ല.നാട്ടിലേക്ക് വരുന്നതിനാവശ്യമായ ഭീമമായ യാത്രച്ചെലവാണ് പ്രവാസികളെ തിരഞ്ഞെടുപ്പിൽ നിന്നും അകറ്റിനിർത്തിയത്. എന്നാൽ  പ്രോക്സി വോട്ടിങ്ങിലൂടെ പ്രവാസികൾക്കും തെരഞ്ഞെടുപ്പിൽ തങ്ങളുടെ പങ്കാളിത്തം അറിയിക്കാൻ കഴിയും . പ്രവാസികൾക്ക് അവർ വോട്ടർ പട്ടികയിലുള്ള മണ്ഡലങ്ങളിൽ വോട്ട് ചെയ്യാനാകുന്നില്ലെങ്കിൽ പകരം പ്രതിനിധിയെ നിയോഗിച്ച് വോട്ടു ചെയ്യാൻ അവസരം നൽകുന്നതാണ് പ്രോക്സി വോട്ടിങ്.

വോട്ടർ പട്ടികയിലുള്ള പ്രവാസിയുടെ അതേ മണ്ഡലത്തിലുള്ള, വോട്ടർ പട്ടികയിൽ പേരുള്ള, പ്രവാസി നിയോഗിക്കുന്ന പ്രതിനിധിക്കാണ് വോട്ട് ചെയ്യാനാകുക.വോട്ട് ചെയ്യാൻ നിയോഗിക്കുന്ന പ്രതിനിധിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും വ്യക്തമാക്കി കൊണ്ട് തിരഞ്ഞെടുപ്പിന്റെ ആറു മാസം മുൻപ് റിട്ടേണിങ് ഓഫീസർക്ക് അപേക്ഷ നൽകണം.ഒരു തവണ നിയോഗിക്കുന്ന പ്രതിനിധിക്ക്, അതേ പ്രവാസിക്ക് വേണ്ടി തുടർന്നുള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാൻ അവസരമുണ്ടാകും.അപേക്ഷയിൽ സൂചിപ്പിച്ചിട്ടുള്ള പ്രതിനിധിക്ക് പകരം ആരു വന്നാലും വോട്ട് ചെയ്യാൻ അവസരം ലഭിക്കില്ല. വോട്ടർ പട്ടികയിൽ പേരുണ്ടായിട്ടും ശരാശരി പതിനായിരം മുതൽ പന്ത്രണ്ടായിരം വരെ പ്രവാസികൾ മാത്രമേ വോട്ട് ചെയ്യാനായി നാട്ടിലെത്തുന്നുള്ളു. യാത്രയ്ക്കായി വേണ്ടിവരുന്ന ഭീമമായ തുകയാണ് പ്രവാസികളെ വോട്ടെടുപ്പിൽ നിന്ന് പിന്തിരിപ്പിക്കുന്നത്.

നിലവിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് വരെ പ്രവാസികളെ ചാർട്ട് ചെയ്ത വിമാനങ്ങളിലെത്തിക്കുന്ന സ്ഥിതിയുണ്ട്. പ്രോക്സി വോട്ട് പ്രാബല്യത്തിൽ വരുന്നതോടെ ഗൾഫിൽ നിന്നം പ്രവാസികളെ നാട്ടിലെത്തിക്കേണ്ടതില്ല. പ്രോക്സി വോട്ട് നിലവിൽ വന്നാൽ വിദേശ രാജ്യങ്ങളിലുള്ള പോഷക സംഘടനകളുടെ മുഖേന അപേക്ഷ സമർപ്പിക്കുന്നതിനും, രേഖകൾ ശരിയാക്കുന്നതിനും പ്രവാസികൾക്ക് സഹായം നൽകാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും മുന്നിട്ടിറങ്ങുമെന്നും തീർച്ചയാണ്.