പുലിമുരുഗന്‍ വരുന്നു; ഒക്ടോബര്‍ 7ന് 325 തിയറ്ററുകളില്‍

0

ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാലിന്റെ  പുലിമുരുഗന്‍  ഒക്ടോബര്‍ 7ന് റിലീസ് ആകും.മോഹന്‍ലാലിന്റെ കരിയറിലെ വമ്പന്‍ റിലീസായാണ് ചിത്രം വിലയിരുത്തപെടുന്നത് .

കേരളത്തില്‍ 160 തിയറ്ററുകളിലും കേരളത്തിന് പുറത്ത് 165 കേന്ദ്രങ്ങളിലും സിനിമ റിലീസ് ചെയ്യും. ചിത്രം ഇന്ന് സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂര്‍ 37 മിനുട്ടാണ് ദൈര്‍ഘ്യം. കേരളാ റിലീസിന് പിന്നാലെ തെലുങ്ക് പതിപ്പ് 300 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്യാനാണ് ആലോചനയെന്ന് നിര്‍മ്മാതാവ് പറയുന്നു.

ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ മുരുഗന്‍ ഉപയോഗിച്ച മയില്‍വാഹം എന്ന ലോറി ആരാധകര്‍ പ്രചരണത്തിന് ഉപയോഗിക്കുന്നുണ്ട്. പുലിമുരുഗന്‍ ഫ്‌ളെക്‌സുകള്‍ അലങ്കരിച്ച് ഈ ലോറി തിയറ്ററുകളില്‍ പ്രചരണവാഹനമായി എത്തുന്നുണ്ട്.25 കോടി മുതല്‍മുടക്കില്‍ ടോമിച്ചന്‍ മുളകുപ്പാടം നിര്‍മ്മിക്കുന്ന ചിത്രം വൈശാഖ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 180 ദിവസമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തിനായി മാറ്റിവച്ചത്. ഉദയകൃഷ്ണ തിരക്കഥാകൃത്ത് എന്ന നിലയില്‍ സ്വതന്ത്രനാകുന്ന ആദ്യ ചിത്രവുമാണ് പുലിമുരുഗന്‍. കമാലിനി മുഖര്‍ജി, ജഗപതി ബാബു, ലാല്‍, സുരാജ് വെഞ്ഞാറമ്മൂട്, ബാല, വിനു മോഹന്‍ എന്നിവരാണ് താരങ്ങള്‍. പീറ്റര്‍ ഹെയിന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി.