പുൽവാമ ഭീകരാക്രമണം: ഉപയോഗിച്ച വാഹനവും ഉടമയേയും തിരിച്ചറിഞ്ഞു

2

ന്യൂഡല്‍ഹി: പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വിവരങ്ങൾ ദേശീയ കുറ്റാന്വേഷണ ഏജൻസിക്ക് (എൻഐഎ) ലഭിച്ചു. സിആർപിഎഫ് വാഹനവ്യൂഹത്തെ ആക്രമിക്കുന്നതിനായി ചാവേർ സഞ്ചരിച്ച കാറിന്‍റെ ഉടമയെ തിരിച്ചറിഞ്ഞു.

മാരുതി ഈകോ എന്ന വാഹനമാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അനന്ത്‌നാഗ് ജില്ലയിലെ ബിജിബെഹറയ്ന്‍ സ്വദേശിയായ സജ്ജാദ് ഭട്ടാണ് ഇതിന്റെ ഉടമയെന്നും എന്‍ഐഎ ഔദ്യോഗിക വക്താവ് അറിയിച്ചു. സജ്ജാദ് ഭട്ട് ജയ്‌ഷെ ഇ മുഹമ്മദില്‍ ചേര്‍ന്നിരുന്നു. ആയുധങ്ങളുമായി ഇയാള്‍ നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നെന്നും എന്‍ഐഎ അറിയിച്ചു.

സ്​ഫോടന സ്​ഥലത്തു നിന്നും​ ലഭിച്ച അവശിഷ്​ടങ്ങളിൽ ഫോറൻസിക്​, ഓട്ടോമൊബൈൽ വിദഗ്​ധരുമായി സഹകരിച്ച്​ നടത്തിയ വിദഗ്​ധ പരിശോധനയിലാണ് എൻ.ഐ.എയുടെ​ നിർണായക കണ്ടെത്തൽ. 2011ൽ അനന്ത്​നാഗിലെ ഹെവൻ കോളനി സ്വദേശി ആദ്യമായി വാങ്ങിയ വാഹനം ആക്രമണത്തിന്​ 10 ദിവസം മുമ്പ്​ ഫെബ്രുവരി നാലിനാണ്​ ഏഴാമത്തെ ഉടമയായ സജ്ജാദിന്‍റെ കൈവശമെത്തുന്നത്​​. വാഹനത്തി​​ന്‍റെ ഷാസി നമ്പർ എം.എ3.ഇ.ആർ.എൽ.എഫ്​1.എസ്​.ഒ.ഒ183735ഉം എൻജിൻ നമ്പർ ജി12ബി.എൻ164140ഉം ആണ്​.

ശനിയാഴ്ച എന്‍ഐഎ സംഘവും പോലീസും ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും സജ്ജാദ് ഭട്ടിനെ കണ്ടെത്താനായിരുന്നില്ല. ഷോപിയാനിലെ സിറാജുൽ ഉലൂം എന്ന സ്​ഥാപനത്തിലെ വിദ്യാർഥിയായ സജ്ജാദ്,​ ജയ്ഷെ മുഹമ്മദ്​ അംഗത്വം നേടിയിട്ടുണ്ടെന്ന്​ അന്വേഷണ സംഘം പറഞ്ഞു. വാഹന ഉടമയെക്കുറിച്ച് വിവരം പുറത്തുവന്നതിനു പിന്നാലെ ഇയാൾ ആയുധങ്ങളേന്തിയ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​.