പാമ്പുകള്‍ കാവലിരിക്കുന്ന രത്നശേഖരമുള്ള ഒഡിഷയിലെ പുരി ജഗന്നാഥ  ക്ഷേത്രം

0

പാമ്പുകള്‍ കാവലിരിക്കുന്ന അമൂല്യരത്നശേഖരമുള്ള ഒരു ക്ഷേത്രത്തെ കുറിച്ചു കേട്ടിട്ടുണ്ടോ? അതെ നമ്മുടെ തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിധിശേഖരം പോലെതന്നെ വിശിഷ്ടമായൊരു ‘രത്ന ഭണ്ഡാരം’മുള്ള  ക്ഷേത്രമാണ് ഒഡിഷയിലെ പുരി ജഗന്നാഥ  ക്ഷേത്രം. ഇവിടുത്തെ  പുരാതന നിധി ശേഖരങ്ങളും രത്നങ്ങൾ സൂക്ഷിച്ച അറകളും അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്.

കാരണം 34 വര്‍ഷങ്ങള്‍ക്കു ശേഷം നാഗങ്ങള്‍ കാവല്‍ നില്‍ക്കുന്നത് എന്ന് വിശ്വസിക്കുന്ന ക്ഷേത്രത്തിലെ നിലവറകള്‍ തുറക്കാന്‍ പോകുകയാണ്. 1984 ലായിരുന്നു അവസാനമായി ഇതിനു മുന്‍പ് ഇത് തുറന്നത്. അന്നാകട്ടെ നിലവറ തുറക്കാനെത്തിയ ഉദ്യോഗസ്ഥസന്ഘത്തിനുണ്ടായത് വിചിത്രമായ അനുഭവങ്ങള്‍ ആയിരുന്നു എന്നതും ദുരൂഹം.

12ാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണ് പുരിയിലെ ജഗന്നാഥ ക്ഷേത്രം. ക്ഷേത്രത്തോട് ചേര്‍ന്നാണ് രത്‌ന കൂമ്പാരമുള്ള നിലവറ. ഇത് തുറന്നു പരിശോധിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഭരണകൂടം. 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിലവറ തുറക്കുന്നത്.വർഷം തോറും ഇവിടെ നടത്തുന്ന രഥ ഘോഷയാത്ര ഏറെ പ്രശസ്തമാണ്.

ക്ഷേത്രത്തിലെ ഇത്തരം വിശേഷാവസരങ്ങളിൽ വിഗ്രഹങ്ങൾക്കു ചാർത്തുന്ന സ്വർണാഭരണങ്ങൾ മാത്രം 208 കിലോഗ്രാം വരും! ക്ഷേത്രത്തിലെ നിധി എത്രത്തോളം വരുമെന്ന കാര്യത്തിൽ ഇതുവരെ കണക്കെടുപ്പുകളൊന്നും നടന്നിട്ടില്ല. അതിന്റെ പേരിൽ വൻ വിവാദങ്ങളുമുണ്ടായിട്ടുണ്ട്. സര്‍ക്കാർ ട്രഷറിയിലാണ് രത്ന ഭണ്ഡാരത്തിന്റെ താക്കോൽ സൂക്ഷിക്കുക. അറകൾക്കു ക്ഷേത്രം വക തന്നെ വൻ കാവലാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 1984ൽ രത്ന ഭണ്ഡാരം പരിശോധിക്കാൻ പോയവർ അറയ്ക്കകത്തു നിന്നു വിഷപ്പാമ്പുകളുടെ സീൽക്കാരം കേട്ടെന്നാണു പറയപ്പെടുന്നത്. ഇത്തവണ അതിനാൽ രണ്ടു പാമ്പുപിടിത്തക്കാരെയും പരിശോധനയ്ക്ക് ഒപ്പം കൂട്ടി. എന്നാൽ പരിശോധനയ്ക്കിടെ അകത്തു കണ്ട കാര്യങ്ങളൊന്നും പുറത്തു പറയില്ലെന്നു പുരി ജഗന്നാഥനു മുന്നിൽ പ്രതിജ്ഞ ചെയ്താണ് എല്ലാവരും കയറുന്നതു തന്നെ.

സാധാരണ വസ്ത്രമല്ല അകത്തേക്ക് പ്രവേശിക്കുമ്പോള്‍ ധരിക്കുക. ഇത്തരം ഘട്ടങ്ങളില്‍ പ്രത്യേക വസ്ത്രം ധരിക്കണം. ഉദ്യോഗസ്ഥരായാലും സര്‍ക്കാര്‍ പ്രതിനിധി ആയാലും. മാത്രമല്ല, രത്‌നങ്ങളും ആഭരണങ്ങളുമൊക്കെ കാണുമ്പോള്‍ ആര്‍ക്കും കണ്ണുതള്ളും. ഇത്തരം ഘട്ടത്തില്‍ അവിവേകം ചെയ്യാതിരിക്കാനും മുന്‍കരുതല്‍ എടുത്തിട്ടുണ്ട്.17 അംഗ സംഘമാണ് നിലവറയ്ക്ക് അകത്ത് പ്രവേശിക്കുക.  എന്നാല്‍ ആഭരണങ്ങളും രത്‌നങ്ങളും പരിശോധിക്കാനോ അതിലേക്ക് വെളിച്ചമടിക്കാനോ ആര്‍ക്കും അനുമതിയില്ല. ക്ഷേത്രത്തിന് എത്ര അറയുണ്ടെന്ന് ഇതുവരെ ആര്‍ക്കുമറിയില്ല. ഏഴ് നിലവറകള്‍ ഉണ്ടെന്നാണ് കണക്കാക്കുന്നത്. നിലവറ തുറക്കുമ്പോള്‍ പുരി രാജാവോ അദ്ദേഹത്തിന്റെ പ്രതിനിധിയോ വേണമെന്നാണ് നിബന്ധന. പരിശോധനയുടെ ഭാഗമായി വന്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

ആഭരണങ്ങളും രത്‌നങ്ങളും പരിശോധിച്ച് കണക്കാക്കുകയല്ല ഇത്തവണ അകത്ത് കടന്നുള്ള പരിശോധനയുടെ ലക്ഷ്യം. നിലവറ ഭിത്തികളുടെ ശേഷി പരിശോധിക്കലാണ്. ആഭരണങ്ങള്‍ നോക്കാന്‍ പോലും പാടില്ലെന്നാണ് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഫോട്ടോ എടുക്കാനോ വെളിച്ചമടിക്കാനോ പാടില്ല. അകത്തേക്ക് കടക്കുന്നതിന് മുമ്പ് അണിഞ്ഞിരിക്കുന്ന വസ്ത്രം മാത്രമേയുള്ളൂവെന്ന് ഉറപ്പാക്കും. ഭിത്തികളുടെ ഉറപ്പ് പരിശോധിക്കുന്നത് പരമ്പരാഗത വസ്തുക്കള്‍ ഉപയോഗിച്ചാണ്. ഇതിന് മുമ്പ് 1984, 1978, 1926, 1905 എന്നീ വര്‍ഷങ്ങളില്‍ ക്ഷേത്ര നിലവറ തുറന്നിരുന്നു.