ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷയുമായി ഫൈനലില്‍ സിന്ധു

1

ഇന്ത്യയുടെ സുവര്‍ണ്ണ പ്രതീക്ഷയുമായി ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരത്തോട് സിന്ധു ഏറ്റുമുട്ടും. വെങ്കലം നേടി സൈന നേഹ്‌വാള്‍ ആ ചരിത്ര യാത്ര പാതിവഴിയില്‍ അവസാനിപ്പിച്ചപ്പോള്‍ റിയോ ഒളിമ്പിക്‌സിലെ ഇന്ത്യന്‍ വെള്ളിത്തിളക്കം സിന്ധു ആ കുതിപ്പ് ഫൈനലിലെത്തിച്ചു.

ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പി.വി. സിന്ധുവിന്റെ ഫൈനല്‍ മാര്‍ച്ച്. സ്‌കോര്‍: 21-17, 15-21, 21-10. ഏഷ്യന്‍ ഗെയിംസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സ ഫൈനലിലെത്തുന്നത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പേയിയുടെ തായ് സൂ യിങ്ങാണ് സിന്ധുവിന്റെ എതിരാളി. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ലോക 11-ാം നമ്പര്‍ താരം തായ്‌ലണ്ടിന്റെ നിച്ചോണ്‍ ജിന്‍ഡാപോളിനെ തകര്‍ത്താണ് സിന്ധു സെമിയിലെത്തിയത്. സ്‌കോര്‍: 21-11, 16-21, 21-14.

അതേസമയം ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങ്ങിനോട് സെമി ഫൈനലില്‍ പരാജയപ്പെട്ടാണ് സൈന വെങ്കലത്തില്‍ ഒതുങ്ങിയത്. വെങ്കലം നേടിയതോടെ ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ ആദ്യ മെഡല്‍ നേടുന്ന ചരിത്ര നേട്ടവും സൈനയ്ക്ക് സ്വന്തമായി. ചൈനീസ് തായ്‌പേയിയുടെ താരത്തോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയം രുചിച്ചത്. സ്‌കോര്‍: 17-21, 14-21. ബാഡ്മിന്റണ്‍ വ്യക്തിഗത ഇനത്തില്‍ 36 വര്‍ഷത്തിനിടെ ഇന്ത്യയുടെ ആദ്യ മെഡലുകളാണ്. 2014 ഇഞ്ചിയോണില്‍ വനിതാ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടിയിരുന്നു.നിലവില്‍ ഏഴു സ്വര്‍ണ്ണവും 10 വെള്ളിയും 20 വെങ്കലവും ഉള്‍പ്പെടെ 37 മെഡുകളാണ് ഇന്ത്യയുടെ സമ്പാദ്യം.