ദോഹ – തിരുവനന്തപുരം സർവീസ് ഇൻഡിഗോ നിർത്തുന്നു

0

ഇൻഡിഗോ ദോഹ – തിരുവനന്തപുരം സർവീസ് മേയ് 2 മുതൽ താൽക്കാലികമായി നിർത്തുന്നു. യാത്രക്കാരെ ഈ വിവരം കമ്പനി ഔദ്യോഗികമായി അറിയിച്ചു.. തിരുവനന്തപുരം സർവീസ് മേയ് 2 മുതൽ താൽക്കാലികമായി നിർത്തുന്ന കാര്യം ഇൻഡിഗോയുടെ ഖത്തർ ഓഫിസാണ് സ്ഥിരീകരിച്ചത്. വേനലവധിയായതിനാൽ ഇത് യാത്രക്കാരെ ഏറെ ദുരിതത്തിലാഴ്ത്തിയിരിക്കയാണ്.

വാണിജ്യ കാരണങ്ങളാലാണു സർവീസ് നിർത്തുന്നതെന്നും ഓഗസ്റ്റിനുശേഷം പുനരാരംഭിക്കുമെന്നും ഓപ്പറേഷൻസ് വിഭാഗംമേധാവി സണ്ണി പറഞ്ഞു.ജെറ്റ് എയർവേയ്സ് നിലച്ചതോടെ കേരളത്തിന് നഷ്ടമായ സീറ്റുകൾ മറ്റു വ്യോമയാന കമ്പനികളിലൂടെ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല.

ഇതിനു പിന്നാലെ ഇൻഡിഗോയുടെ തിരുവനന്തപുരം സർവീസ് കൂടി റദ്ദാക്കുന്നതുമൂലം ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ സാധ്യതയുണ്ട്.ഇപ്പോൾ നിരക്ക് 3,000 – 3,200 റിയാൽ വരെ ഉയർന്നതായി ട്രാവൽ ഏജൻസികൾ പറയുന്നു. മേയിൽ ടിക്കറ്റ് നിരക്ക് ഇനിയും ഉയരാം.

ഖത്തർ എയർവേയ്സിന് നേരിട്ടു സർവീസ് ഉണ്ടെങ്കിലും നിരക്ക് ഉയർന്നതാണ്. താരതമ്യേന നിരക്കു കുറവുള്ള ശ്രീലങ്കൻ എയർവേയ്സിൽ ദോഹയിൽ നിന്ന് ഒട്ടേറെപ്പേർ തിരുവനന്തപുരത്തേക്കും തിരിച്ചും യാത്ര ചെയ്തിരുന്നു.എന്നാൽ ഈസ്റ്റർ ദിനത്തിൽ നടന്ന ചാവേർ ആക്രമണത്തോടെ ടിക്കറ്റെടുത്തിരുന്ന ഒട്ടേറെ മലയാളികൾ ടിക്കറ്റ് റദ്ദാക്കിയതായാണു ട്രാവൽ ഏജൻസികളിൽ നിന്നു ലഭിക്കുന്ന വിവരം.

കേരളത്തിലെ മറ്റൊരു വിമാനത്താവളത്തിലേക്കും നേരിട്ട് ഇൻഡിഗോ ടിക്കറ്റുകൾ മാറ്റി നൽകുന്നില്ല. ട്രാവൽ ഏജൻസികളിൽ നിന്നു ടിക്കറ്റ് എടുത്തവർക്ക് ഏജൻസികൾ ടിക്കറ്റ് റദ്ദാക്കി പണം മടക്കി നൽകുകയോ അധിക തുക ഈടാക്കി ഖത്തർ എയർവേയ്സിലേക്ക് ടിക്കറ്റ് മാറ്റുകയോ ചെയ്യുന്നുണ്ട്.