ഖത്തര്‍ വീണ്ടും ഞെട്ടിക്കുന്നു; ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ അതതു രാജ്യത്തു തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതി വരുന്നു; എട്ട് രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് ജോലിക്കായി പോകുന്നവര്‍ക്ക് അവരുടെ രാജ്യങ്ങളില്‍ നിന്നുതന്നെ മെഡിക്കലിനു വിധേയമാകാം

0

ഖത്തറിലേക്കുള്ള തൊഴില്‍ വിസ നടപടിക്രമങ്ങള്‍ അതതു രാജ്യത്തു തന്നെ പൂര്‍ത്തിയാക്കുന്ന പദ്ധതി അടുത്തമാസം ആരംഭിക്കും. ശ്രീലങ്കയിലാണ് ആദ്യം പദ്ധതി നടപ്പാക്കുക. തുടര്‍ന്ന് ഇന്ത്യയുള്‍പ്പെടെ മറ്റ് ഏഴു രാജ്യങ്ങളിലേക്കുകൂടി വ്യാപിപ്പിക്കും. തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോ മെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവയ്ക്കല്‍ എന്നീ കാര്യങ്ങള്‍ അതതു രാജ്യത്തുതന്നെ പൂര്‍ത്തിയാക്കുന്നതാണു പദ്ധതി.

സിംഗപ്പൂര്‍ ആസ്ഥാനമായ ‘ബയോമെറ്റ് സ്മാര്‍ട്ട് െഎഡന്റിറ്റി സൊലൂഷന്‍സ്’ എന്ന ഏജന്‍സിയുമായി സഹകരിച്ചാണ് ഖത്തര്‍ ഗവണ്‍മെന്റ് പുതിയ പദ്ധതി നടത്തുന്നത്. ഇന്ത്യയില്‍ കൊച്ചി, മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, ലഖ്നോ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യമുണ്ടാകും.

മെഡിക്കല്‍ പരിശോധനക്ക് പുറമെ തൊഴില്‍കരാര്‍ ഒപ്പുവെക്കല്‍, ഖത്തര്‍ റെസിഡന്‍സി പെര്‍മിറ്റ്, ബയോമെട്രിക് വിവരങ്ങള്‍ രേഖപ്പെടുത്തല്‍ എന്നിവയും നാട്ടില്‍ നിന്ന് തന്നെ ചെയ്യാനാകും. ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, തുണീഷ്യ എന്നീ രാജ്യങ്ങളിലാണ് സംവിധാനം നിലവില്‍ വരുന്നത്.