ഇന്ത്യക്കാര്‍ക്ക് വിസാരഹിത സന്ദര്‍ശാനുമതി നല്‍കിയ ഖത്തറിലെ പുതിയ വിസ പരിഷ്കാരങ്ങളുടെ മറവില്‍ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു; ജാഗ്രത

0

ഖത്തറിലേക്ക് ജോലിക്ക് പോകുന്നവരെ പുതിയ വിസ പരിഷ്കാരങ്ങളുടെ മറവില്‍ തട്ടിപ്പിന് ഇരയാക്കുന്നു എന്ന് പരാതി. ഖത്തര്‍ സന്ദര്‍ശിക്കുന്നതിന് ഇന്ത്യക്കാര്‍ക്ക് നിലവില്‍ വിസ ആവശ്യമില്ല. രണ്ടു മാസം വരെ വിസയില്ലാതെ ഖത്തറില്‍ താമസിക്കാന്‍ സാധിക്കും. മടക്ക ടിക്കറ്റ് കൈവശമുണ്ടായിരുന്നാല്‍ മാത്രംമതി. ഇന്ത്യക്കാര്‍ക്ക് വിസാരഹിത സന്ദര്‍ശാനുമതി നല്‍കിയ ഖത്തറിന്റെ ഈ നടപടിയുടെ മറവിലാണ് പുതിയ തട്ടിപ്പ് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഖത്തറില്‍ താമസിച്ച് ജോലി ചെയ്യണമെങ്കില്‍ വിസ ആവശ്യമാണ്. താല്‍ക്കാലികമായ യാത്രയ്ക്ക് മാത്രമാണ് വിസ ആവശ്യമില്ലാത്തത്.ഏറെ കാലം വിസയില്ലാതെ ഖത്തറില്‍ താമസിക്കാന്‍ സാധ്യമല്ല. എന്നാല്‍ ഖത്തറില്‍ ജോലിക്ക് പോകുന്നവരെ പുതിയ വിസാ പരിഷ്‌കാരങ്ങള്‍ പറഞ്ഞു പറ്റിച്ചാണ് കൊണ്ടുപോയിരിക്കുന്നതെന്നാണ് വിവരം. 24 പേര്‍ ഇത്തരത്തില്‍ വഞ്ചിതരായിട്ടുണ്ട് എന്നാണു വിവരം.

കേരളത്തിലെ നാല് ജില്ലകളിലുള്ളവരാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ഇവര്‍ ഖത്തറില്‍ കുടുങ്ങിയിരിക്കുകയാണ്. സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് ഓരോ ദിവസവും ജീവിതം ഇവര്‍ തള്ളി നീക്കുന്നത്. തട്ടിപ്പിന് ഇരയായവരെ ഉദ്ധരിച്ച് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്.  ഓരോരുത്തരില്‍ നിന്നും 85000 രൂപ വീതമാണ് ഖത്തര്‍ ജോലിയുടെ പേരില്‍ ഏജന്റുമാര്‍ വാങ്ങിയതത്രെ. ദോഹ മെട്രോയില്‍ ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇത്രയും പേരില്‍ നിന്ന് പണം വാങ്ങിയത്. മൂന്ന് ഘട്ടങ്ങളിലായാണ് 24 പേരെ ഖത്തറില്‍ എത്തിച്ചത്.തൊഴില്‍ കരാര്‍ തയ്യാറാക്കിയ ശേഷമായിരുന്നു ഖത്തറിലേക്ക് തിരിച്ചത്. എന്നാല്‍ പിന്നീടാണ് അറിഞ്ഞത് കരാര്‍ തയ്യാറാക്കിയത് വ്യാജ വിലാസത്തിലാണെന്ന്.

കൂടുതല്‍ പേരെ ഏജന്റുമാര്‍ തട്ടിപ്പിന് ഇരയാക്കുന്നുണ്ടെന്നാണ് ഇവര്‍ നല്‍കുന്ന വിവരം.ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ നിന്നുള്ളവരാണ് തട്ടിപ്പിന് ഇരയായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടുതല്‍ പേരെ തട്ടിപ്പു സംഘം വലയിലാക്കിയിട്ടുണ്ടെന്നാണ് ഇവര്‍ നല്‍കുന്ന വിവരം. ഭക്ഷണവും അടിസ്ഥാന സൗകര്യവുമില്ലാതെ ഒറ്റമുറിയില്‍ കഴിയുന്ന യുവാക്കള്‍ക്ക് സാമൂഹിക പ്രവര്‍ത്തകര്‍ മാത്രമാണിപ്പോള്‍ ആശ്രയം.