പ്രവാസികളെ തിരിച്ചെത്തിച്ചാല്‍ 2 ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യാനുള്ള കേന്ദ്രങ്ങൾ സജ്ജമാണ്: മുഖ്യമന്ത്രി

0

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പ്രവാസികളെ തിരികെയെത്തിക്കുകയാണെങ്കില്‍ രണ്ടു ലക്ഷം പേരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള സംവിധാനം സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതില്‍ കൂടുതല്‍ പേര്‍ തിരിച്ചെത്തിയാലും അവരെയെല്ലാം സ്വീകരിക്കാനും സുരക്ഷിതമായി പാര്‍പ്പിക്കാനുമുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ചികിത്സ, പരിശോധന എന്നിവയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ സജ്ജമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയാല്‍ പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, കോവിഡ് 19 ഒഴികെയുള്ള മറ്റുരോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കി നാട്ടിലേക്ക് അയക്കേണ്ടി വരും. അതോടൊപ്പം . പ്രവാസികള്‍ നാട്ടിലെത്തിയാല്‍ അവരെ ക്വാറന്റൈന്‍ ചെയ്യുന്നതു മുതല്‍ വീട്ടിലെത്തിക്കുന്നത് വരെയുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യും.

പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രത്തിന്‍റെ അനുമതിയില്ലാതെ ഇവരെ തിരികെയെത്തിക്കാന്‍ കഴിയില്ല. കേന്ദ്രത്തിന്‍റെ അനുമതി ലഭിക്കുന്നത് വരെ പ്രവാസികള്‍ ഇപ്പോഴുള്ള ഇടങ്ങളില്‍ തുടരണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മുഴുവന്‍ പ്രവാസി സംഘടനകളുടെയും സഹായവും പിന്തുണയുംഈ ഘട്ടത്തില്‍ പ്രവാസികള്‍ക്ക് ഉണ്ടാവണം. നോര്‍ക്ക റൂട്ട്‌സ് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ഹെല്‍പ്പ് ഡെസ്കുകള്‍ സ്ഥാപിച്ച് പ്രവാസികള്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കുന്നുണ്ടെന്നും കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.