മയക്കുമരുന്നിനും മദ്യത്തിനും അടിമയാണ് മാധവനെന്ന് ആരോപണം; മറുപടിയുമായി താരം

0

സെലിബ്രിറ്റികളെ സമൂഹ മാധ്യമങ്ങളിലൂടെ തേജോവധം ചെയ്യുന്നത് ഇക്കാലത്ത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. പലപ്പോഴും വ്യാജ അക്കൗണ്ടുകളിലൂടെയാണ് ഇത്തരം ആക്രമണങ്ങള്‍ നടക്കുക. അത്തരത്തിലൊരാള്‍ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍ ആര്‍. മാധവന്‍.

ട്വിറ്ററിലൂടെയാണ് ഒരു പ്രേക്ഷകൻ മാധവനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. മദ്യത്തിനും മയക്കുമരുന്നിനും വേണ്ടി മാധവൻ സ്വന്തം കരിയർ നശിപ്പിച്ചുവെന്നായിരുന്നു ആരോപണം. ‘മാഡി, ഒരു കാലത്ത് എന്റെ ഹൃദയം കവര്‍ന്ന നടനായിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ കാണുമ്പോള്‍ വിഷമം തോന്നുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയായി അദ്ദേഹം തന്റെ കരിയര്‍ തന്നെ ഇല്ലാതാക്കുകയാണ്. ബോളിവുഡിലെത്തിയപ്പോള്‍ എന്ത് തേജസ്സായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണും, മുഖവും നോക്കൂ. എല്ലാം അതില്‍ നിന്നും മനസ്സിലാകും’, എന്നായിരുന്നു മാധവന് നേരെയുള്ള കമന്റ്.

ഈ ട്വീറ്റ് വ്യാപകമായി റീട്വീറ്റ് ചെയ്തതോടെ അത് മാധവന്റെയും ശ്രദ്ധയില്‍പ്പെട്ടു. അതിന് മാധവന്‍ നല്‍കിയ മറുപടിയിങ്ങനെ. ഓ.. ഇതാണോ നിങ്ങളുടെ രോഗനിര്‍ണ്ണയം? എനിക്ക് നിങ്ങള്‍ രോഗികളുടെ കാര്യം ആലോചിച്ച് വിഷമം തോന്നുന്നു. നിങ്ങള്‍ക്കാണ് ഒരു ഡോക്ടറെ കാണേണ്ടതിന്റെ ആവശ്യമെന്ന് തോന്നുന്നു- മാധവന്‍ കുറിച്ചു.

മറുപടി വന്നതോടെ ഒട്ടനവധിപേര്‍ മാധവന് പിന്തുണയുമായി രംഗത്ത് വന്നു. സമൂഹ മാധ്യമങ്ങളിലൂടെ യാതൊരു കൂസലുമില്ലാതെ മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നവരെഒറ്റപ്പെടുത്തണമെന്ന് ചിലര്‍ കുറിച്ചു. തൊട്ടുപിന്നാലെ അയാളുടെ അക്കൗണ്ടും അപ്രത്യക്ഷമായി.