‘എന്റെ ജീവിതം എനിക്കുള്ളതാണ്’…ചാരിറ്റി ആഘോഷങ്ങളുടെ ഇര റഫ്‌സീന എന്ന മിടുക്കി പറയാതെ പറഞ്ഞു പോയത്….

0

ആത്മാഭിമാനം എല്ലാവര്ക്കും ഉണ്ട്…കണ്ണൂർ ശിവപുരത്തെ റഫ്‌സീന എന്ന മിടുക്കി പറയാതെ പറഞ്ഞു പോയതും അതാണ്‌. റഫ്‌സീനയെ നമ്മളില്‍ പലരും അറിയും.  ഈ മാസം പതിനേഴാം തീയതിയാണ് അതുവരെ ആരും അറിയാതിരുന്ന ഈ മിടുക്കിയുടെ കഥ ലോകം അറിഞ്ഞത്.

വീട്ടിലെ എല്ലാ വിഷമതകളും അതിജീവിച്ചു പ്ലസ്‌ടു പരീക്ഷയില്‍1200ല്‍ 1180 മാര്‍ക്ക് നേടിയ റഫ്‌സീനയുടെ കഥ പ്രമുഖപത്രത്തിലാണ് അച്ചടിച്ചു വന്നത്. വാര്‍ത്ത‍ അറിഞ്ഞതോടെ റഫ്‌സീനയെ തിരക്കി നിരവധി അഭിനന്ദനങ്ങള്‍ എത്തി. അതുവരെ കണ്ടിട്ടും കാണാതെ പോയവര്‍ പോലും അവളെ കുറിച്ചു പറഞ്ഞു. നാട്ടില്‍ അഭിനന്ദനയോഗം കൂടി, സഹായവിതരണങ്ങള്‍ നടന്നു. വന്നവരും പോയവരും അവള്‍ക്കു സഹായഹസ്തം നല്‍കുന്ന ചിത്രങ്ങള്‍ പകര്‍ത്തി പബ്ലിസിറ്റി നേടി.

പക്ഷെ പത്രവാര്‍ത്ത അച്ചടിച്ചു വന്ന ദിവസം വൈകുന്നേരം അവള്‍ തന്റെ ജീവിതം ഒരു ഷാളിന്‍ തുമ്പില്‍ ഒടുക്കി. വീട്ടുവേല ചെയ്തു കുടുംബം പോറ്റുന്ന അവളുടെ ഉമ്മ വൈകുന്നേരം എത്തിയപ്പോള്‍ കണ്ടത് തൂങ്ങിയാടുന്ന അവളുടെ ശരീരമായിരുന്നു. ഒരു തുണ്ട് കടലാസില്‍ അവള്‍ ഇങ്ങനെ എഴുതി വെച്ചിരുന്നു.‘എന്റെ ജീവിതം എനിക്കുള്ളതാണ്. ഞാൻ പറഞ്ഞത് ആരും ചെവിക്കൊണ്ടില്ലല്ലോ?’…

എന്താണ് അവള്‍ പറയാതെ പറഞ്ഞു പോയത്….ആത്മാഭിമാനം, അതിനു അവള്‍ നല്‍കിയ വില, അത് ജീവനും മുകളിലായിരുന്നു. ‘ചാരിറ്റി ആഘോഷങ്ങളുടെ’ ഇരയാണ് അവള്‍ എന്ന് പറയാതെ വയ്യ. ദാരിദ്ര്യം ആഘോഷിപ്പെടാനുള്ളതല്ല. പഠിക്കാന്‍ മിടുക്കിയായിരുന്ന റഫ്‌സീന തന്റെ വീട്ടിലെ ദാരിദ്ര്യം അടുത്ത കൂട്ടുകാരെ പോലും അറിയിച്ചിരുന്നില്ല. അച്ഛനും അമ്മയും സഹോദരങ്ങളും അടങ്ങുന്ന ആ കുടുംബത്തിന്റെ അവസ്ഥ പുറം ലോകം അറിയാന്‍ റഫ്‌സീനയുടെ ഉന്നതവിജയം വേണ്ടിവന്നു.

ദാരിദ്ര്യം കൂട്ട്; എങ്കിലും റഫ്‌സീനയ്ക്ക് പ്ലസ്‌ടുവിന്‌ മിന്നുന്ന ജയം’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ നിട്ടാമ്പറമ്പ് കോളനിയിലെ ഒറ്റമുറി വീടിനു മുന്നിൽ നിൽക്കുന്ന റഫ്‌സീനയുടെ ചിത്രവും പ്രസിദ്ധീകരിച്ചിരുന്നു. റഫ്‌സീനയുടെ അക്കാദമിക് നേട്ടങ്ങൾ വിവരിക്കുന്ന വാർത്തയിൽ, റഫ്‌സീനക്ക് മെഡിക്കൽ പഠനത്തിനാണ് താൽപര്യമെന്നും എന്നാൽ സാമ്പത്തികപ്രയാസം തടസ്സമാണെന്നും പറയുന്നുണ്ട്. ‘റഫ്‌സീനയുടെ ദാരിദ്രാവസ്ഥ മനസ്സിലാക്കി സന്മനസ്സുള്ളവർ തുടർപഠനത്തിനും മറ്റും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് അവർ’ – എന്ന വാചകങ്ങളോടെയാണ് വാർത്ത അവസാനിക്കുന്നത്.

വാർത്ത പ്രസിദ്ധീകരിക്കപ്പെട്ട പതിനേഴാം തീയതി പതിനൊന്നു മണിയോടെ മാലൂർ മുസ്ലിം പള്ളിക്കമ്മിറ്റി ഭാരവാഹികളുടെ സംഘം റഫ്‌സീനയുടെ വീട്ടിലെത്തുകയും ‘പള്ളിക്കമ്മിറ്റിയുടെ അടിയന്തിര സഹായധനം’ കൈമാറുകയും ചെയ്‌തു. സഹായധന വിതരണത്തിന്റെ ഫോട്ടോയും ഇവർ എടുത്തിരുന്നു. പിന്നീട് വൈകീട്ട് അഞ്ചുമണിയോടെ ജോലികഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ മാതാവ് റഹ്മത്ത് ആണ് റഫ്‌സീനയെ വീട്ടിനകത്ത് ഷാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.

ആത്മാഭിമാനത്തിന്‌ കോട്ടം തട്ടാതെ തന്നെ, സാമ്പത്തിക ബുദ്ധിമുട്ട്‌ അനുഭവിക്കുന്ന ആ കുടുംബത്തെ സഹായിക്കാമായിരുന്നില്ലേ. സ്വന്തം ഗതികേട് മറ്റുള്ളവര്‍ അറിഞ്ഞതിലെ നൊമ്പരം അത് തന്നെയാകില്ലേ റഫ്‌സീന തന്റെ ജീവിതം അവസാനിപ്പിക്കാന്‍ ഉണ്ടായ കാരണം. ഒരു പെണ്‍കുട്ടിയുടെ ആത്മാഭിമാനത്തെ ഒറ്റമുറി വീടിന്റെ സഹതാപാവസ്ഥയിലേക്ക് തള്ളിയവര്‍  ഓര്‍ത്തില്ല ആത്മാഭിമാനം ഒരു പ്രദര്‍ശനവസ്തു അല്ലെന്നത്…അതിനു അവള്‍ ഉത്തരം നല്‍കിയത് തന്റെ മരണത്തിലൂടെയായി പോയി.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.