രാഹുൽ ഗാന്ധി ഒരു മാസത്തിനകം വീടൊഴിയേണ്ടി വരും; ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

0

ഡൽഹി: എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതോടെ രാഹുൽ ഗാന്ധി ദില്ലിയിലെ ഔദ്യോഗിക വസതി ഉടൻ ഒഴിയേണ്ടി വരും. ഒരു മാസത്തിനകം വീടൊഴിയാനാകും നോട്ടീസ് നൽകുക. വയനാട് ഉപതെരഞ്ഞെടുപ്പ് നടത്താൻ നിലവിൽ തടസ്സമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നുണ്ട്. നിയമ വിദഗ്ധരുമായി ആലോചിച്ച് തീരുമാനമെന്ന് വ്യക്തമാക്കുന്ന കമ്മീഷൻ ഒരു മണ്ഡലവും ഒഴിച്ചിടേണ്ടതില്ലെന്നാണ് നയമെന്നും വ്യക്തമാക്കുന്നു.

കോൺഗ്രസ് രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെ, വിഷയത്തിൽ നിലപാട് വ്യക്തമാക്കാൻ രാഹുൽഗാന്ധി. ഇന്ന് ഉച്ചക്ക് ഒരു മണിക്ക് ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ വാർത്താ സമ്മേളനം. അന്യായമായി അയോഗ്യനാക്കിയെന്ന വാദമാകും രാഹുൽ ഉയർത്തുക. അതേ സമയം സംസ്ഥാന കേന്ദ്രങ്ങളിൽ കോൺഗ്രസ് പ്രതിഷേധം തുടരും. ഛത്തീസ്ഘട്ടിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് ബി ജെ പി പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. തിങ്കളാഴ്ച മുതൽ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ സംസ്ഥാനത്ത് രാത്രി വൈകിയും വിവിധയിടങ്ങളില്‍ പ്രതിഷേധം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് കെഎസ്‍യു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കെഎസ്‍യു സംസ്ഥാന അധ്യക്ഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാര്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.