ചാവക്കാട് ഹോട്ടലുകളിൽ പരിശോധന; പിടിച്ചെടുത്തത്ത് പഴകിയ ഭക്ഷണം

0

തൃശൂർ : ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ പരിശോധന. ആറ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. ബ്ലാങ്ങാട് ബീച്ചിലെ എ കെ ആർ ഫാസ്റ്റ് ഫുഡ്, ഉഗ് വോയ്സ് മോമോസ്, ഹോട്ടൽ മുല്ല, ഹോട്ടൽ ഗ്രീൻ ഗാർഡൻ ബേക്കറി ആന്റ് ടീ ഷോപ്പ്, ഹോട്ടൽ സൗഹൃദ, ഗോപി തട്ടുകട എന്നിവിടങ്ങളിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ പിടികൂടിയത്.

പരിശോധനയിൽ പഴകിയ പൊറോട്ട, ഉള്ളിക്കറി, പൊറോട്ട മാവ്, ദോശമാവ്, മൈദ മാവ്, ചോറ്, ബീഫ് ഫ്രൈ, ഗ്രീൻപീസ് കറി, തൈര്, കരി ഓയിൽ പോലുള്ള എണ്ണ, തുടങ്ങിയവ ഹോട്ടലുകളിൽ നിന്ന് പിടിച്ചെടുത്തു. ആരോഗ്യ വിഭാഗം മേധാവി എം ജലീലിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പഴകിയ ഭക്ഷണം പിടികൂടിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിച്ചതായി ആരോഗ്യ വിഭാഗം അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ദിവസങ്ങൾക്കുള്ളിൽ രണ്ട് പേരാണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഹോട്ടലുകളിൽ പരിശോധന കർശനമാക്കിയിരിക്കുന്നത്. കുഴിമന്ത്രിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റാണ് കാസർകോട് തലക്ലായി സ്വദേശി അഞ്ജുശ്രീ പാർവതി മരിച്ചത്.

അഞ്ജുശ്രീയും സുഹൃത്തുക്കളും കഴിഞ്ഞ ഡിസംബർ 31 നാണ് അൽ റൊമൻസിയ ഹോട്ടലിൽ നിന്ന് ഓൺലൈനായി കുഴിമന്തി വാങ്ങി കഴിച്ചത്. ചിക്കൻ മന്തി, ചിക്കൻ 65, മയോണൈസ്, സാലഡ് എന്നിവയാണ് ഓർഡർ നൽകിയത്. ഭക്ഷണം കഴിച്ച് പിറ്റേന്ന് രാവിലെ അഞ്ജുശ്രീക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് പെൺകുട്ടിയെ ദേളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം പെൺകുട്ടി വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാവിലെ പെൺകുട്ടിക്ക് ബോധക്ഷയം ഉണ്ടാവുകയും തുടർന്ന് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചികിത്സയിലിരിക്കെയാണ് അഞ്ജുശ്രീ മരിച്ചത്.