‘ഇത്തവണ കിരീടം രാജസ്ഥാൻ റോയൽസിന്’; പ്രവചനവുമായി മൈക്കൽ വോൺ

0

വരുന്ന ഐപിഎൽ സീസണിൽ സഞ്ജു സാംസണിൻ്റെ രാജസ്ഥാൻ റോയൽസ് കിരീടം നേടുമെന്ന് ഇംഗ്ലണ്ടിൻ്റെ മുൻ ക്യാപ്റ്റനും കമൻ്റേറ്ററുമായ മൈക്കൽ വോൺ. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് വോണിൻ്റെ പ്രഖ്യാപനം. മാർച്ച് 31നാണ് ഐപിഎൽ സീസൺ ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും.

ഐപിഎൽ നാളെ ആരംഭിക്കാനിരിക്കെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഓസ്ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡ്, ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വൽ, ശ്രീലങ്കൻ ഓൾറൗണ്ടർ വനിന്ദു ഹസരങ്ക എന്നിവർ ആദ്യ മത്സരങ്ങളിൽ കളിക്കില്ലെന്നാണ് സൂചന. ഹേസൽവുഡിനും മാക്സ്‌വലിനും പരുക്കാണ് തിരിച്ചടിയെങ്കിൽ ഹസരങ്ക ന്യൂസീലൻഡിനെതിരായ പരിമിത ഓവർ പരമ്പരകളിൽ കളിക്കുകയാണ്. ടീമിലെ സുപ്രധാന താരങ്ങളായ താരങ്ങൾ ആദ്യ മത്സരത്തിൽ ഇറങ്ങിയില്ലെങ്കിൽ അത് ആർസിബിയ്ക്ക് കനത്ത തിരിച്ചടിയാകും.

ഹേസൽവുഡിന് ആദ്യ ചില മത്സരങ്ങൾ നഷ്ടമാവുമെന്നാണ് സൂചന. താരത്തിൻ്റെ കാലിനേറ്റ പരുക്ക് ഇതുവരെ പൂർണമായി ഭേദമായിട്ടില്ല. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ മെഡിക്കൽ ക്ലിയറൻസ് ലഭിക്കുമ്പോഴേ താരം ഇന്ത്യയിലെത്തി ആർസിബിയ്ക്കൊപ്പം ചേരൂ. ഇത് എപ്പോഴെന്ന് വ്യക്തമല്ലെങ്കിലും ഏറെ വൈകാതെ താരം ആർസിബിക്കൊപ്പം ചേരുമെന്നാണ് വിവരം.

മാക്സ്‌വൽ ആവട്ടെ, മുംബൈ ഇന്ത്യൻസിനെതിരായ ആദ്യ മത്സരത്തിൽ നിന്നാവും വിട്ടുനിൽക്കുക. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിൽ കളിച്ചെങ്കിലും മാക്സ്‌വൽ പൂർണമായ ശാരീരികക്ഷമത വീണ്ടെടുത്തിട്ടില്ല എന്നാണ് റിപ്പോർട്ട്. അങ്ങനെയെങ്കിൽ താരം ആദ്യ മത്സരത്തിൽ കളിക്കില്ല. ഹസരങ്ക ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് വിട്ടുനിൽക്കും. ഏപ്രിൽ 8ന് ശ്രീലങ്കയുടെ ന്യൂസീലൻഡ് പര്യടനം അവസാനിക്കും. ഏപ്രിൽ രണ്ടിനും ആറിനുമാണ് ആർസിബിയുടെ ആദ്യ രണ്ട് മത്സരങ്ങൾ.

പുത്തൻ മാറ്റങ്ങളുമായാണ് ഇത്തവണ ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ആരാധകർക്ക് മുന്നിൽ എത്തുന്നത്. മറ്റ് സീസണുകളിൽ ഇല്ലാതിരുന്ന ഇംപാക്ട് പ്ലേയർ നിയമം, പുതു രീതിയിലെ പ്ലേയിംഗ് ഇലവൻ പ്രഖ്യാപനം, ഡിസിഷൻ റിവ്യൂ സിസ്റ്റം, ഫീൽഡിങ് നിബന്ധന എന്നിവ ഈ സീയോനിലെ മാറ്റങ്ങളാണ്. കൂടാതെ, ഐപിഎല്ലിലെ മത്സരങ്ങൾ ഹോം – എവേ രീതിയിലേക്ക് തിരികെയെത്തുന്ന സീസൺ കൂടിയാണ് ഈ വർഷത്തേത്. നാളെ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. ഗുജറാത്ത് ജയൻ്റ്സിൻ്റെ ഹോം ഗ്രൗണ്ടായ അഹ്‌മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം.