രജനീകാന്തിന് പിന്നാലെ അദ്ദേഹത്തിന്റെ ഉപദേശകനും രാഷ്ട്രീയം വിട്ടു

0

ചെന്നൈ: രജനീകാന്ത് രാഷ്ട്രീയപ്രവേശത്തിൽനിന്ന് പിന്മാറിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഉപദേശകൻ തമിഴരുവി മണിയൻ രാഷ്ട്രീയം ഉപേക്ഷിച്ചു. ജീവിതാവസാനംവരെ രാഷ്ട്രീയത്തിലേക്കില്ലെന്ന് മണിയൻ അറിയിച്ചു.

കാമരാജിന്റെ കാലത്ത് കോൺഗ്രസിലൂടെ രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ മണിയൻ.ഗാന്ധി മക്കൾ ഇയക്കം പാർട്ടിസ്ഥാപകനാണ് കോൺഗ്രസ്, ജനതാപാർട്ടി, ജനതാദൾ, ലോക്ശക്തി പാർട്ടികളിൽ പ്രവർത്തിച്ചിരുന്നു. കാമരാജിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായാണു രാഷ്ട്രീയത്തിൽ എത്തിയതെന്നും സത്യസന്ധർക്കർക്കു സ്ഥാനമില്ലാത്ത ഇന്നത്തെ രാഷ്ട്രീയത്തിൽ ഇനിയൊന്നും ചെയ്യാനില്ലെന്നും മണിയൻ പറഞ്ഞു.

മരതകത്തിനെയും കല്ലിനെയും തിരിച്ചറിയാൻ കഴിയാത്ത രാഷ്ട്രീയത്തിൽ ഇനി ഒന്നും നേടാനില്ല. തന്റെ ആത്മാർത്ഥതയും സത്യസന്ധതയും തിരിച്ചറിയാൻ കഴിയാത്ത പാർട്ടിയിൽ നിന്നും മാറി നിൽക്കുകയാണ് ഉചിതം. ഇനി രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ രജനികാന്ത് രാഷ്ട്രീയ പ്രവേശത്തിൽ നിന്നും പിന്മാറിയതിനെക്കുറിച്ച് അദ്ദേഹം ഒരു പ്രസ്താവനയും നടത്തിയിട്ടില്ല.

രജനീകാന്തിനെ പിന്തുണച്ചതിന്റെ പേരിൽ താൻ നേരിട്ട അധിക്ഷേപങ്ങൾ കുടുംബാംഗങ്ങളെ ഏറെ ബാധിച്ചുവെന്നും രാഷ്ട്രീയം ഉപേക്ഷിക്കാനുള്ള തീരുമാനം വിശദീകരിച്ച മണിയൻ പറഞ്ഞു. പാർട്ടി കോ-ഓർഡിനേറ്ററായി നിയമിച്ച അർജുനമൂർത്തി, രജനീകാന്തിനൊപ്പം തുടരുമെന്ന് വ്യക്തമാക്കി. ബി.ജെ.പി.യിൽനിന്ന് രാജിവെച്ചാണ് മൂർത്തി രജനിയുമായി കൈകോർത്തത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ എൽ. മുരുകൻ വീണ്ടും പാർട്ടിയിലേക്ക് ക്ഷണിച്ചുവെങ്കിലും പ്രതിസന്ധിഘട്ടത്തിൽ രജനിയെ വിട്ടുപോകില്ലെന്ന് മൂർത്തി വ്യക്തമാക്കി.