രാഷ്ട്രപതിഭവന് പുതിയ അവകാശികൾ?

0

2011 സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്‌സഭാംഗങ്ങളുടെ എണ്ണം വർധിക്കും എന്നതിനാൽ 2016-നു ശേഷം നിലവിലുള്ള പാർലമെന്റ് മന്ദിരം മാറ്റിപ്പണിയേണ്ടി വരും എന്ന് ലോക്‌സഭാ സ്പീക്കർ സുമിത്രാ മഹാജൻ ഒരു നിർദ്ദേശം മുന്നോട്ടു വച്ചതോടെ ആയിരുന്നു അതിന്റെ തുടക്കം.
ഇന്ത്യയുടെ പ്രഥമ പൗരന്റെ ഇരിപ്പിടമായ രാഷ്ട്രപതി ഭവൻ അടക്കമുള്ള സമുച്ചയം റെയ്‌സിന, മാൽച, ദാസ്ഗഢ്, താൽക്കത്തോറ, മോത്തിബാഗ് എന്നിങ്ങനെ ആറോളം ഗ്രാമങ്ങൾ ഏറ്റെടുത്തു കൊണ്ടാണ് നിർമ്മിച്ചത്. 189 കുടുംബങ്ങളാണ് മാൽചയിൽ മാത്രം ജീവിച്ചിരുന്നതെന്നു പറയുന്നു ഹരിയാനയിലെ മാൽചാ പട്ടിയിലെ 73-കാരനായ ജീത് സിംഗ്. ആ കാലഘട്ടത്തിലെ ഔദ്യോഗിക മുഗൾ, ബ്രിട്ടീഷ് രേകളുടെ പകർപ്പുകൾ സാക്ഷ്യപ്പെടുത്തിക്കൊണ്ടാണ് സിംഗ് ഇത് പറയുന്നത്. “ന്യൂദൽഹി ഇന്ന് നിൽക്കുന്ന ഇടം എന്റേതാണ്. എന്റേയും ഞങ്ങളുടെ ഗ്രാമീണരുടേയും പൂർവികരുടെ ഇടമാണ് അത്. 1910-ൽ അന്നത്തെ ഇന്ത്യൻ വൈസ്രോയ് ചാൾസ് ഹാർഡിംഗെ ആണ് ബ്രിട്ടീഷ് ഇന്ത്യയുടെ തലസ്ഥാനം കൽക്കട്ടയിൽ നിന്ന് ദൽഹിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം മുന്നോട്ടു വച്ചത്. 1911 നവംബർ 21-ന് പഞ്ചാബ് ചീഫ് സെക്രട്ടറി എം ഡബ്ല്യു ഫെന്റൺ ഈ ഭൂമി ഏറ്റെടുക്കുകയാണെന്ന് പഞ്ചാബ് ഗസറ്റിൽ ഉത്തരവും ഇറക്കി,” സിംഗ് പറയുന്നു. 1912 ഒക്‌ടോബർ 10-ന് പഞ്ചാബ് സർക്കാരിന്റെ ഉത്തരവ് ശരി വച്ചു കൊണ്ട് ഇന്ത്യൻ സർക്കാർ ഉത്തരവിറക്കുകയും ഔപചാരികമായി ഭൂമി ഏറ്റെടുക്കലിന് വഴി തെളിയുകയും ചെയ്തു. 1894-ലെ ഭൂമി ഏറ്റെടുക്കൽ നിയമം ഉപയോഗിച്ചാണ് ഈ ഭൂമി ഏറ്റെടുത്തത്. 2013 വരെ പ്രാബല്യത്തിലുണ്ടായിരുന്നു ഈ നിയമം. 2014 ജനുവരി 1-നാണ് റൈറ്റ് ടു ഫെയർ കോംപൻസേഷൻ ആന്റ് ട്രാൻസ്പരൻസി ഇൻ ലാൻഡ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ ആന്റ് റീസെറ്റിൽമെന്റ് ആക്ട് നിലവിൽ വരുന്നത്. “പകരം ഭൂമി നൽകാമെന്ന് ബ്രീട്ടിഷുകാർ ഞങ്ങളോട് പറഞ്ഞു. ഇന്നത്തെ പാകിസ്ഥാനിലെ പഞ്ചാബിലായിരുന്നു ഞങ്ങൾക്ക് ഭൂമി വാഗ്ദാനം ചെയ്തത്. പക്ഷേ ഫലത്തിൽ ഒന്നും ഞങ്ങൾക്ക് ലഭിച്ചില്ല.”
1912-13-ൽ നഷ്ടപരിഹാരത്തുക നിക്ഷേപിച്ചിട്ടുണ്ടോ എന്ന് അറിയാൻ സിംഗും അദ്ദേഹത്തിന്റെ അഡ്വക്കേറ്റ് സഞ്ജയ് രതിയും വിവരാവകാശ നിയമപ്രകാരം ദൽഹിയിലെ ഡിവിഷണൽ ജഡ്ജിയുടെ കോടതിക്കു മുമ്പാകെ ഒരു അപേക്ഷ സമർപ്പിച്ചു. “ഞങ്ങൾ സുപ്രീം കോടതിയോടും ദൽഹി ഹൈക്കോടതിയോടും നിയമ-നീതി മന്ത്രാലയത്തോടും ദൽഹി ജില്ലാ കോടതിയോടും കാര്യം അന്വേഷിച്ചെങ്കിലും ആരും വിശദീകരണം നൽകിയില്ല,” സിംഗ് പറയുന്നു. ഒരു പക്ഷേ പണം ട്രഷറിയിൽ നിക്ഷേപിച്ചിട്ടുണ്ടാകാം എന്നാണ് സിംഗ് പറയുന്നത്. ബ്രിട്ടീഷുകാർ മൂന്ന് ബാങ്കുകളാണ് ആരംഭിച്ചത്- ബാങ്ക് ഓഫ് കൽക്കട്ടയും ബാങ്ക് ഓഫ് മദ്രാസും ബാങ്ക് ഓഫ് ബോംബെയും. ബാങ്ക് ഓഫ് കൽക്കട്ട പിന്നീട് ബാങ്ക് ഓഫ് ബംഗാൾ ആയി. 1911-ൽ കൽക്കട്ടയിൽ നിന്ന് തലസ്ഥാനം മാറ്റാൻ ബ്രിട്ടീഷുകാർ തീരുമാനിക്കുന്നതു വരെ ഇതായിരുന്നു ഇന്ത്യയുടെ ദേശീയ ബാങ്ക്. അതിനാൽ തന്നെ ബാങ്ക് ഓഫ് ബംഗാളിലാകും ഈ പണം നിക്ഷേപിച്ചിട്ടുണ്ടാവുക. 1923-ൽ ബാങ്ക് ഓഫ് ബംഗാളും മദ്രാസും ബോംബെയും ലയിച്ച് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ ആയി. സ്വാതന്ത്ര്യത്തിനു ശേഷം ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയെ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് പുനർനാമകരണം ചെയ്തു. അതായത് ഈ നഷ്ടപരിഹാരത്തുക എസ് ബി ഐയിൽ ആണ് ഉള്ളത്,” സഞ്ജയ് പറയുന്നു.
എന്നാൽ രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റും പാർലമെന്റും അടക്കം നിലകൊള്ളുന്ന റെയ്‌സ്‌നാ ഗ്രാമത്തിൽ താമസിച്ചിരുന്ന ചില കർഷകർ കൂടി ഇപ്പോൾ ദൽഹി ഹൈക്കോടതിയെ സമീപിച്ചതോടു കൂടിയാണ് വിഷയം വാർത്തയിൽ നിറയുന്നത്. ഒന്നുകിൽ ഭൂമി അല്ലെങ്കിൽ നഷ്ട പരിഹാരം എന്ന ആവശ്യവുമായാണ് ഇവർ കോടതിയെ സമീപിച്ചിരിക്കുന്നത്. റവന്യൂ രേഖകൾ പ്രകാരം 100 ഏക്കർ തന്റെ പൂർവികരായ കാളുവിനും മകൻ നാഥുവിനും സ്വന്തമാണെന്ന് അവകാശപ്പെട്ട് എത്തിയിരിക്കുന്ന കർഷകനായ മഹാവീർ ആണ് ഇവരിലൊരാൾ. കാളുവിനും നാഥുവിനും നഷ്ടപരിഹാരം പ്രഖ്യാപിച്ചെങ്കിലും അത് നൽകിയിട്ടില്ലെന്ന് റവന്യൂ രേഖകൾ കാട്ടി പറയുന്നു മഹാവീർ. വാദം കേട്ട കോടതിയുടെ പരാമർശം ഇങ്ങനെ, ”100 ഏക്കറിലധികം ഭൂമി തിരികെക്കൊടുക്കുകയാണെങ്കിൽ രാഷ്ട്രപതിഭവനും എന്തിന് ഹൈക്കോടതി കെട്ടിടവും തിരികെക്കൊടുക്കേണ്ടി വരും.’ 2014-ൽ പ്രാബല്യത്തിലായ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഈ നിയമം പ്രാബല്യത്തിലായി അഞ്ചു വർഷത്തിനുള്ളിലോ അതിനു മുമ്പോ ഒരു വിധി വരികയും എന്നാൽ ഭൂമി സർക്കാർ ഏറ്റെടുക്കാതിരിക്കുകയോ നഷ്ടപരിഹാരം നൽകാതിരിക്കുകയോ ചെയ്യുകയും ചെയ്താൽ ആ ഏറ്റെടുക്കൽ അസാധുവാകും എന്നാണ്. ഇതാണ് കർഷകരെ ഇപ്പോൾ കോടതിയിലെത്തിച്ചിരിക്കുന്നത്. വിധി കർഷകർക്ക് അനുകൂലമായാൽ രാഷ്ട്രപതിഭവൻ ‘കർഷക ഭവൻ’ ആയി മാറും.
കടപ്പാട്: ഡൗൺ ടു എർത്ത്, ദി ഹിന്ദു റിപ്പോർട്ടുകൾ