മധുരമുള്ള, മണമുള്ള, മഴ പോലെയാണ് ചില ഓര്‍മ്മകള്‍. ഒരിക്കലും  പെയ്തു തീരരുത് എന്ന് കൊതിച്ചു പോകും. എന്നാല്‍ ഒരു മഴയും അവസാനമില്ലാതെ വന്നു പോകുന്നില്ല. ഓര്‍മ്മച്ചെപ്പുകളില്‍ മറക്കാനാവാത്ത ചില മഴകള്‍, വേര്‍പാടിന്‍റെ നൊമ്പരവുമായിട്ടാവും പെയ്യുക. ആ മഴകള്‍ക്ക് ഒരു കഥ പറയാന്‍ ഉണ്ടാവും.

മഴ പെയ്തു നില്‍ക്കുന്ന ഒരു ദിവസം ആണ് അക്ബര്‍ മാഷിനെ കണ്ടതും. കഥകളുടെയും, എഴുത്തിന്‍റെയും ലോകത്ത് സുല്‍ത്താനെപ്പോലെ കേട്ടിരുന്ന പേരാണ് കണ്മുന്നില്‍ നില്‍ക്കുന്നത്. കൂടെ പി കെ പാറക്കടവും, സുഭാഷ്‌ ചന്ദ്രനും. പ്രവാസി എക്സ്പ്രസ്സ്‌ “അക്ഷര പ്രവാസം” സാഹിത്യശില്‍പശാലയില്‍ പങ്കെടുക്കാന്‍ സിംഗപ്പൂരില്‍ എത്തിയതാണ്.
താമസം ഒരു ഫ്ലാറ്റില്‍. മൂന്നു വലിയ എഴുത്തുകാരും, പ്രവാസി എക്സ്പ്രസ് ചീഫ് എഡിറ്റര്‍ ശ്രീ രാജേഷും, ഞാനും. കടുത്ത പനിയില്‍ പുതച്ചുമൂടി സുഭാഷ്‌ ചന്ദ്രന്‍. ഒരു കൈലിമുണ്ട് മാത്രം ഉടുത്ത് എപ്പോഴും കത്തുന്ന സിഗരറ്റുമായി  അക്ബര്‍ മാഷ്‌. സ്വതസിദ്ധമായ അച്ചടക്കത്തില്‍ പാറക്കടവ്. രാത്രി ഏറെ, എത്ര നേരം സംസാരിച്ചു എന്നറിയില്ല. കുറെ കാര്യങ്ങള്‍….  എഴുത്തും ജോലിയും യാത്രയും ഒക്കെ. ഗള്‍ഫില്‍ പരിപാടിക്ക് പോയ കഥകള്‍. സിനിമാ കഥ വിശേഷങ്ങള്‍! ചില കഥകള്‍ എഴുതിയ കാര്യങ്ങള്‍… സ്കൂള്‍ കുട്ടികളുമായുള്ള ചങ്ങാത്തം. ആദ്യമായി കണ്ട എന്നെ ഒരു അടുത്ത സുഹൃത്തിനെപ്പോലെ പെരുമാറുന്ന പ്രശസ്തനായ ഒരു എഴുത്തുകാരന്‍. പണ്ടെങ്ങോ വായിച്ചത് ഓര്‍മ്മയില്‍ വന്നു. ഏതോ കൂട്ടുകാരന്‍ പറഞ്ഞത്! അക്ബര്‍ സൗഹൃദങ്ങളുടെ സുല്‍ത്താന്‍ ആയിരുന്നു എന്നും. അവിടെ പ്രായം ഒരു വിലങ്ങല്ല. ആരെയും തന്‍റെ കൂട്ടിന്‍റെ കൂട്ടില്‍ കൂടെ കൂട്ടുന്ന സുല്‍ത്താന്‍. നാളെ ചടങ്ങില്‍ വേണ്ട കാര്യങ്ങള്‍ ഓരോന്നായി രാജേഷിനോട് പറഞ്ഞു കൊണ്ടേയിരിക്കുന്നു. അക്കാദമിയുടെ വൈസ് പ്രസിഡണ്ട്‌ എന്ന പദവിയുടെ ഉത്തരവാദിത്തങ്ങള്‍ ആ തയ്യാറാക്കലില്‍ കാണാമായിരുന്നു.

“എനിക്ക് ഒരു ചായ കുടിക്കണം എന്നുണ്ട്. നീ ഒരു ചായ ഇട്ടു തരാമോ?” ചോദ്യം എന്നോടായി. “അത് കൊള്ളാം അതിനെന്താ” എന്നായി ഞാന്‍. അപ്പോള്‍ കയ്യില്‍ ഞാന്‍ കൊടുത്ത എന്‍റെ ബുക്ക്‌ (ദേവമേഘങ്ങള്‍) ഉണ്ടായിരുന്നു. കിച്ചണില്‍ വന്ന്, “പാല്‍ കുറച്ചു, നല്ല കടുപ്പത്തില്‍ വേണം ചായ”, എന്ന് പറഞ്ഞു. കയ്യില്‍ അപ്പോഴും സിഗരറ്റു പുകയുന്നുണ്ടായിരുന്നു. ഉള്ളില്‍ അടുപ്പം കൂടുതല്‍ ആയപോലെ… അതുകൊണ്ട് ചോദിച്ചു.
മാഷേ, എന്തിനാ ഇങ്ങനെ വലിക്കുന്നേ?..
മറുപടി ചുമയോടെ ആയിരുന്നു. “വല്ലപ്പോഴേ ഉള്ളു…” അപ്പോള്‍ പാറക്കടവ് ഇടപെട്ടു. “വല്ലപ്പോഴുമല്ല, എപ്പോഴും വലി തന്നെ..” “ഞാന്‍ കണ്ടതല്ലേ ഇപ്പൊള്‍ തന്നെ എത്ര എണ്ണം ആയി” -ഞാനും പിന്‍താങ്ങി. ഗള്‍ഫില്‍ പോയപ്പോള്‍ ചാര്‍മിനാര്‍ കൊണ്ട് പോയ കഥ പറഞ്ഞുതന്നു ഞങ്ങള്‍ക്ക്.
പുറത്തെ മഴയെ നോക്കി ചായ ഊതിക്കുടിച്ച് നില്‍ക്കുന്ന അക്ബര്‍മാഷിനെ എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ആ നില്‍പ്പിലും ഒരു വേവലാതി നിറഞ്ഞിരുന്നു. സുഭാഷ്‌ ചന്ദ്രന്‍റെ പനി. എത്ര തവണ മാഷ്‌ ഉള്ളില്‍ പോയി നെറ്റിയിലെ ചൂട് നോക്കി എന്നറിയില്ല. കൂടപ്പിറപ്പിനെപ്പോലെ, അല്ലെങ്കില്‍ അച്ഛനെപ്പോലെ, ഏട്ടനെപ്പോലെ പനിച്ചൂടിനെ പേടിയോടെ തൊട്ടുനോക്കുന്ന അക്ബര്‍ മാഷ്‌…. സ്നേഹത്തിന്‍റെ ആള്‍രൂപം പോലെ മുറിയില്‍ നടന്നു.

യുണിവേഴ്സല്‍ സ്റ്റുഡിയോയിലെ കാഴ്ചകള്‍ ഒരു കുട്ടിയെപ്പോലെ നടന്നു കാണുമ്പോള്‍ ഞാനും ഉണ്ടായിരുന്നു. കൂടെ പി കെ പാറക്കടവും പെരുമ്പടവം സാറും…
“നടന്നു കാലു വേദനിക്കുന്നു, എനിക്ക് വയ്യാ നീ വാ, പോകാം എന്ന് പറഞ്ഞു അക്ബര്‍ മാഷ്‌ ആണ് തിരികെ പോകാന്‍ ആദ്യം പറഞ്ഞത്” അപ്പോഴും വലി കൂടുതല്‍ ആണ്, അതാ ക്ഷീണം എന്ന് ഓര്‍മ്മിപ്പിക്കാന്‍ മറന്നില്ല.
മുപ്പതു വര്‍ഷത്തിലേറെ കുട്ടികളുടെ സ്വന്തം അക്ബര്‍ മാഷായി കഥകളുടെയും നോവലുകളുടെയും എഴുത്തുകാരനായി എഴുത്തുകാരുടെ പ്രിയ കൂട്ടുകാരനായി ഇപ്പോഴും ചിരിച്ചും തമാശകള്‍ പറഞ്ഞും നടന്ന മാഷ്‌ ഈ ലോകം വിട്ട് പോയിട്ട് ഒരു വര്‍ഷം.

മരണം എന്ന കഥാകാരന്‍  പാത്രസൃഷ്ടിക്ക് മനുഷ്യരെ തിരഞ്ഞെടുക്കുമ്പോള്‍ പലപ്പോഴും അതിനു അളവുകോലുകള്‍ അവിശ്വസനീയമായതായിരിക്കും. രംഗബോധം നല്ലപോലെ ഉള്ള നാടകമാണ് ആ മരണകല. അതിനു കഥ കൂട്ടുനല്‍കാന്‍ മരണം അക്ബര്‍ മാഷിനെയും കൂട്ട് പിടിച്ചത് ഫെബ്രുവരിയുടെ നടുവില്‍. നവംബറില്‍  നാട്ടില്‍ വരുമ്പോള്‍ വിളിക്കാം എന്നായിരുന്നു വാട്ട്‌സ്ആപ്പില്‍ അവസാനം അയച്ച മെസ്സേജ്. ഒരു മാഗസിനു വേണ്ടി ഒരു കഥ അയച്ചു തന്നു. അക്കാദമി ഒരു പ്രവാസി പ്രോഗ്രാം ചെയ്യുന്നു, അപ്പോള്‍ വിളിക്കാം, വരണം എന്ന് പറഞ്ഞു.. തീര്‍ച്ചയായും വരാം എന്ന് വാക്കും നല്‍കി.
ഏറ്റ വാക്കുകള്‍ പൂര്‍ത്തിയാക്കാന്‍ നില്‍ക്കാതെ മരണം ആ കൂട്ടുകാരനെ, ബഹുമാന്യനായ, സ്നേഹ നിധിയായ അദ്ധ്യാപകനെ തിരികെ കൊണ്ടുപോയി.

മലയാള സാഹിത്യ ലോകത്ത് സര്‍വീസ് സ്റ്റോറികള്‍ എന്ന കഥാ വിഭാഗം തന്നെ തുടങ്ങിയത് അക്ബര്‍ കക്കട്ടില്‍ എന്ന എഴുത്തുകാരന്‍ ആണ്. അദ്ധ്യാപക സര്‍വീസ് കഥകള്‍ക്ക് ആരാധകര്‍ ഉണ്ടായത് ആ എഴുത്തിലൂടെയാണ്. കഥയും നോവലും ഉപന്യാസവും ഒരേ പോലെ കൈകാര്യം ചെയ്ത മാഷിനെ തേടി രണ്ടു തവണ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് വന്നു. 1992-ല്‍ സ്കൂള്‍ ഡയറി,  2003-ല്‍ വടക്ക് നിന്നൊരു കുടുംബ വൃത്താന്തം (നോവല്‍)  പതിനാലാം വയസ്സ് മുതല്‍ കഥകള്‍ എഴുതിയ മാഷിന്‍റെ ആദ്യകഥ പൊതിച്ചോറ് മാതൃഭൂമിയില്‍ അടിച്ചു വന്നു. അവിടെ എഴുത്തിന്‍റെ ലോകം പിടിച്ചെടുക്കുകയായിരുന്നു മാഷ്. അന്‍പത്തിനാലോളം ബുക്കുകള്‍ മാഷിന്‍റെതായി മലയാളത്തില്‍ ഉണ്ട്. കഥ, നോവല്‍, നോവലൈറ്റ്, ഉപന്യാസം, നാടകം, വിമര്‍ശനം, ലേഖനം, അഭിമുഖം, മാഷിന്‍റെ എഴുത്തുവഴികള്‍ അങ്ങനെ ഏറെ ഉണ്ടായിരുന്നു. നര്‍മ്മത്തില്‍ കുരുക്കിയ സ്കൂള്‍ ഡയറി ദൂരദര്‍ശന്‍ സീരിയല്‍ ആയി. അവാര്‍ഡും നേടി. കേന്ദ്ര സര്‍ക്കാര്‍ ഫെല്ലോഷിപ്പ്, എസ് കെ പൊറ്റക്കാട് അവാര്‍ഡ്, അങ്കണം അവാര്‍ഡ്, രാജീവ്ഗാന്ധി പീസ്‌ ഫൌണ്ടേഷന്‍ അവാര്‍ഡ്, ടി വി കൊച്ചുവാവ അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്‌, മനോരമ പ്രൈസ് അങ്ങനെ നിരവധി പുരസ്കാരങ്ങള്‍ നല്‍കി മലയാളം മാഷിനെ ആദരിച്ചു.

യാത്ര പറയാതെ പോകുന്ന വഴികളില്‍ ഇരുണ്ട പുകച്ചുരുളുകള്‍ പോലെ ആ ഓര്‍മ്മകള്‍… ഇനി വരുന്ന മഴക്കാറുകളില്‍ മാഷിന്‍റെ ഓര്‍മ്മകള്‍…. വായിക്കാനായി ഞങ്ങള്‍ക്ക് തന്നിട്ട് പോയ പുസ്തകക്കൂട്ടത്തില്‍ ക്ലാസ് മുറിയുടെ ചിരി മുഴങ്ങി കേള്‍ക്കാം….. കുട്ടികള്‍ ഓടിക്കളിക്കുന്ന സ്കൂള്‍ മുറ്റം നോക്കി മാഷ്‌ സ്വര്‍ഗ്ഗത്തില്‍ നില്‍ക്കുന്നുണ്ടാവും…. മഴയുള്ള ഏതെങ്കിലും രാത്രിയില്‍, ഒരു പനിയുടെ ചൂടെന്നെ വേട്ടയാടുമ്പോള്‍, മാഷിന് ഇനിയൊരിക്കലും ഒരു ചായക്കൂട്ട്‌ ഉണ്ടാക്കി നല്‍കാന്‍ പറ്റില്ല എന്നത് ഒരു സ്വകാര്യദുഃഖം.

വാക്കുകള്‍ കൊണ്ട് കഥയുടെ ലോകം വരച്ച പോലെ ഹൃദയം കൊണ്ട് സൗഹൃദത്തിന്‍റെ മായിക ലോകം തീര്‍ത്ത എഴുത്തിന്‍റെ കോഴിക്കോടന്‍ സുല്‍ത്താന് ഒരായിരം സ്മരണാഞ്ജലികള്‍.