താണു പത്മനാഭൻ – അസ്തമയമില്ലാത്ത ശാസ്ത്ര സൂര്യൻ

0

വരും തലമുറയ്ക്ക് പ്രചോദനമാകാൻ സാധിച്ച ശാസ്ത്രജ്ഞൻ എന്ന് അറിയപ്പെടാൻ ആഗ്രഹിച്ച, ഇന്ത്യ ജന്മം നൽകിയ പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞൻ താണു പത്മനാഭൻ ഇനി നക്ഷത്രത്തിളക്കമായി ശാസ്ത്രലോകത്തിൽ തിളങ്ങി നിൽക്കും.

വിദേശ വിദ്യാഭ്യാസം നേടുകയോ പാശ്ചാത്യ ലോകത്തെ പേരെടുത്ത സർവ്വകലാശാലകളിൽ ഗവേഷണം നടത്തുകയോ ചെയ്യാതെ ഭാരതത്തിൻ്റെ പുത്രനായി ഇന്ത്യയിൽ തന്നെ പ്രവർത്തിച്ച് ശാസ്ത്ര ഗവേഷണത്തിൻ്റെ ഉയരങ്ങൾ കീഴടക്കിയ താണു പത്മനാഭൻ ശാസ്ത്രലോകത്തിന് നൽകിയ സംഭാവനകൾ വിലമതിക്കാൻ കഴിയാത്തതാണ്.

ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ സൈദ്ധാന്തിക ഭൗതിക ശാസ്ത്രത്തിൻ്റെ ഗതി നിശ്ചയിക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെന്നത് ഭാരതത്തിന് അഭിമാനം തന്നെ. ശാസ്ത്രം ജീവിതരീതിയായി മാറ്റിയെടുത്ത താണു പത്മനാഭൻ അന്തരാഷ്ട്ര ജേണലുകളിൽ മുന്നൂറോളം പേപ്പറുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി ശാസ്ത്ര പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2007 ൽ രാഷ്ട്രം പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചിട്ടുണ്ട്. ശാസ്ത്ര രംഗത്തെ ആയുഷ്ക്കാല സംഭാവനകൾ പരിഗണിച്ചുള്ള 2021 ലെ കേരള ശാസ്ത്ര പുരസ്കാരമാണ് ഏറ്റവും ഒടുവിലായി അദ്ദേഹത്തെ തേടിയെത്തിയിരുന്നത്.

ന്യൂട്ടനെപോലെ, ഐൻസ്റ്റീ നെ പോലെ ഒരു ഇന്ത്യൻ ശാസ്ത്രജ്ഞൻ്റെ പേരും പ്രകാശഗോപുരം പോലെ പ്രഭ ചൊരിയുന്നത് ഇന്ത്യൻ ശാസ്ത്രലോകത്തിന് എക്കാലവും അഭിമാനിക്കാൻ വകയുള്ളത് തന്നെ.