‘അവള്‍ക്കൊപ്പം’; കുറ്റാരോപിതന് വേണ്ടി ജയിലിനു പുറത്തു പ്രമുഖ താരങ്ങള്‍ കാത്തുനില്‍ക്കുമ്പോള്‍ സഹപ്രവര്‍ത്തകയ്ക്കു വേണ്ടി സംസ്ഥാന ചലച്ചിത്ര വേദിയില്‍ പരസ്യ പ്രതിഷേധവുമായി റിമ കല്ലിങ്കല്‍

0

കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ നൃത്തത്തിനിടെ പിന്തുണയര്‍പ്പിച്ച് നടിയും നര്‍ത്തകിയുമായ റിമ കല്ലിങ്കല്‍. ചടങ്ങില്‍ നൃത്തം അവതരിപ്പിച്ചതിന് ശേഷമാണ് അവള്‍ക്കൊപ്പം എന്ന് കുറിച്ചിരിക്കുന്ന ബാനറുമായി റിമ കല്ലിങ്കല്‍ വേദിയിലെത്തിയത്. കാണികള്‍ നിറഞ്ഞ ഹര്‍ഷാരവത്തോടെയാണ് റിമയുടെ ബാനറിന് പിന്തുണയര്‍പ്പിച്ചതും. നടിമാരുടെ സിനിമാ സംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് വേദിയിലെ സജീവ അംഗം കൂടിയാണ് റിമ.

നേരത്തെ ചലച്ചിത്ര പുരസ്‌കാര ചടങ്ങ് ആരംഭിക്കുന്നതിനു മുന്നോടായായി സംഘടനയുടെ നേതൃത്വത്തില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് വിമന്‍ കളക്ടീവ് അംഗങ്ങള്‍ ഒപ്പുശേഖരണം നടത്തിയിരുന്നു. ഒരു വശത്ത് ദിലീപിന് പിന്തുണയര്‍പ്പിച്ച് താരങ്ങള്‍ വരുമ്പോഴാണ് വിമന്‍ കളക്ടീവിന്റെയും മറ്റു ചില സിനിമപ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടിക്കുവേണ്ടിയുള്ള പിന്തുണ ശക്തമാക്കുന്നത്. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിച്ചതിന് ശേഷമുളള ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമായിരുന്നു ഇന്നലെ കണ്ണൂരില്‍ അരങ്ങേറിയത്. നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് വേണ്ടി കൂടുതല്‍ താരങ്ങള്‍ രംഗത്ത് വന്ന സാഹചര്യത്തില്‍ ആണ് റിമയുടെ ഈ വ്യത്യസ്ത പ്രതിഷേധം എന്നതും ശ്രദ്ധേയമാണ്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.