കണ്ണ് തള്ളി പ്രവാസികൾ; ഗൾഫിൽ നിന്നും നാട്ടിലെത്താൻ വിമാന ടിക്കറ്റിന് വില അരലക്ഷം!

0

ഗൾഫിൽ നിന്നും നാട്ടിലെത്താനുള്ള വിമാന ടിക്കറ്റിന്റെ വിലകേട്ട് കണ്ണുതള്ളി മലയാളി പ്രവാസികൾ. എത്യോപ്യയിലെ വിമാനാപകടത്തിന്റെ പേരുപറഞ്ഞ് വിമാനക്കമ്പനികൾ കൊള്ളലാഭത്തിൽ ടിക്കറ്റ് വില വർദ്ധിപ്പിച്ച് പ്രവാസികളെ ദുരിതത്തിലാഴ്ത്തുകയാണ്. ഏപ്രിൽ ഒന്നിന് അരലക്ഷത്തിലേറെ രൂപയ്ക്കടുത്തുവരെയാണ് ഗൾഫിൽ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക്. 7000 മുതൽ 15000 രൂപ വരെ ആയിരുന്ന നിരക്കാണ് ഈ നിലയിൽ വർദ്ധിപ്പിച്ചത്.

എത്യോപ്യയിലെ അപകടത്തെത്തുടർന്ന്‌ ബോയിംഗ്-737 മാക്സ് വിമാനങ്ങൾക്ക് നിരോധനം വന്നതോടെ, സർവീസുകൾ വെട്ടിക്കുറച്ചാണ് കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത്. യു.എ.ഇ, ഒമാൻ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള ഇരുനൂറിലേറെ വിമാനങ്ങൾ പറക്കൽ നിറുത്തി. ഫ്ലൈദുബായ്, ജെറ്റ് എയർവെയ്സ്, സ്പൈസ് ജെറ്റ് കമ്പനികൾ സർവീസ് കുറച്ചു. വിമാനഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിന് 10 ശതമാനം വിലവർദ്ധന കൂടിയുണ്ടായതോടെ അവധിക്കാലത്ത് നാട്ടിലേക്കുള്ള യാത്രാനിരക്കിന് ഒരു നിയന്ത്രണവും ഇല്ലാതായി.

വിമാന സെര്വീസുകൾ കുറയുന്നതോടെ യാത്രക്കാരുടെ തിരക്കു കൂടുന്നത് സ്വാഭാവികമാണ് ഈ അവസരം മുതലെടുത്താണ് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത്.നിരക്കുകൂട്ടൽ കുതന്ത്രം നടപ്പിലാക്കുന്നത്. തിരുവനന്തപുരത്തേക്കാണ് ഏറ്റവുമധികം സർവീസുകൾ കുറവുള്ളത്. 17.3 ശതമാനത്തിലേറെ സർവീസുകളാണ് പിൻവലിച്ചത്.

സൗദിയ, സ്പൈസ് ജെറ്റ് , ഫ്ലൈദുബായ് കമ്പനികൾ സർവീസ് അവസാനിപ്പിച്ചു. കണ്ണൂർ, കരിപ്പൂർ വിമാനത്താവളങ്ങളിലേക്കാണ് സർവീസ് മാറ്റിയത്. ബോയിംഗ്-737 മാക്സ് നിരോധനത്തോടെ കരിപ്പൂർ-മസ്കറ്റ് റൂട്ടിൽ ഒമാൻ എയറിന്റെ സർവീസ് മുടങ്ങിയിരുന്നു. ഏറെ തിരക്കുള്ള റൂട്ടിൽ വിമാനം മാറ്റി അവർ സർവീസ് പുനരാരംഭിച്ചിട്ടുണ്ട്.

നെടുമ്പാശേരിയിലെ 19 സർവീസുകളാണ് ജെറ്റ് എയർവേയ്സ് നിർത്തലാക്കിയത്. അഞ്ച് രാജ്യാന്തര സർവീസുകളും നിറുത്തി. ഇൻഡിഗോയ്ക്ക് മതിയായ പൈലറ്റുകൾ ഇല്ലാത്തതും,ജെറ്റിന്റെ കടക്കെണിയും ഇവരെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. കേരളത്തിൽ അവധിക്കാലമാകുമ്പോൾ കുടുംബത്തോടൊപ്പം ഗൾഫിൽ പോകുന്നവരും അവിടന്ന് നാട്ടിലേക്ക് വരുന്നവരും ഒരുപോലെ പ്രതിസന്ധിയിലായിരിക്കുകയാണ്.

ഏപ്രിൽ ഒന്നിലെ കൊച്ചിയിൽ നിന്നുള്ള നിരക്കുകൾ

ബഹറിൻ (ഗൾഫ്എയർ): 44911 രൂപ, മസ്കറ്റ് (ഒമാൻഎയർ)- 36378, ഷാർജ (എയർഅറേബ്യ)-32740, റിയാദ് (എയർഇന്ത്യ)- 37405, റിയാദ് (സൗദിയ)- 31228, ദോഹ (ഖത്തർഎയർവേയ്സ്)-49650, ദോഹ (എയർഇന്ത്യ എക്സ്‌പ്രസ്)- 32422, ബഹറിൻ (എയർഇന്ത്യ എക്സ്‌പ്രസ്)-31851, ബഹറിൻ (ഗൾഫ്എയർ)- 41331, കുവൈറ്റ് (ഇൻഡിഗോ)- 22722, കുവൈറ്റ് (കുവൈറ്റ് എയർ)-67486, ഷാർജ (എയർഅറേബ്യ)- 30119, ദുബായ് (സ്പൈസ്ജെറ്റ്)- 25399, ദുബായ് (എയർഇന്ത്യ)- 35320, അബുദാബി (ഇത്തിഹാദ്)- 41970, അബുദാബി (ഇൻഡിഗോ)- 23642.തിരുവനന്തപുരം-ദുബായ് നിരക്ക് 38954 രൂപ വരെ. ദോഹയിലേക്ക് 46193, കുവൈറ്റിലേക്ക് 70378, ഷാർജയിലേക്ക് 24340, ബഹറിനിലേക്ക് 41343 രൂപ.