ലോകത്തെ പത്താമത്തെ വലിയ സമ്പന്നനായ അല്‍ വലീദ് ബിന്‍ തലാല്‍ ഉള്‍പെടെ സൗദിയില്‍ അറസ്റ്റിലായ പ്രമുഖരെയെല്ലാം പാര്‍പ്പിച്ചിരിക്കുന്നത് ഈ ‘ആഡംബരജയിലില്‍’; ഇതാണ്  റിയാദിലെ റിറ്റ്‌സ് കാര്‍ട്ടന്‍

0

അഴിമതിയുടെ പേരില്‍ അറസ്റ്റിലായ സൗദി അറേബ്യയിലെ രാജകുമാരന്മാര്‍ക്കും ബിസിനസ് മാധ്യമ മേധാവികളും താമസിക്കുന്നതെവിടെയാണെന്ന് മാധ്യമങ്ങള്‍ നിര്‍ത്താതെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതാ അതിനുത്തരം ലഭിച്ചു കഴിഞ്ഞു. ലോകത്തെ ഏറ്റവും വലിയ ആഡംബര റിസോര്‍ട്ട് ഹോട്ടലുകളിലൊന്നായ റിയാദിലെ റിറ്റ്‌സ് കാര്‍ട്ടനിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.

ആഡംബരഹോട്ടല്‍ ഒക്കെ ശരി തന്നെ പക്ഷെ ഇത് നിലവിലൊരു ആഡംബര ജയില്‍ ആക്കി മാറ്റിയിരിക്കുകയാണ്. അഴിമതിയുടെ പേരിലാണ് മന്ത്രിമാരെ പുറത്താക്കിയതും രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരെ തടങ്കലിലാക്കിയതും. കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്തത്തിലാണ്

കഴിഞ്ഞ ദിവസം സൌദിയിലെ 11 രാജകുമാരന്മാരെ തടവിലാക്കിയത്.   ഇതിന്റെ ഭാഗമായി നൂറോളം അതിഥികളെ ഹോട്ടലില്‍ നിന്ന് ഒഴിപ്പിച്ചു. മന്ത്രിമാരും ഗവണ്‍മെന്റ് ഉദ്യാഗസ്ഥരുമടക്കം 500 പേര്‍ തടവിലായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. രാജകുടുംബാംഗങ്ങളായ അമ്പതോളം പേരാണ് റിറ്റ്‌സ് കാള്‍ട്ടണില്‍ തടവിലുള്ളത്.  ഈ ആഡംബര ഹോട്ടലില്‍ വേറെ അതിഥികളെ പ്രവേശിപ്പിക്കുന്നില്ല. ഹോട്ടലിലേക്കുള്ള ഫോണ്‍ ബന്ധവും വിച്ഛേദിച്ചിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കു മുന്‍പ് അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍ കാള്‍ട്ടനില്‍വച്ചു നടന്നിരുന്നു. 3000 ബിസിനസുകാരും ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്.

ഒരു ചെറിയ കുറ്റത്തിന് പോലും വിട്ടുവീഴ്ചയില്ലാതെ അർഹിക്കുന്ന ശിക്ഷ കൊടുക്കുന്ന സൗദി അറേബ്യ പോലുള്ള രാജ്യങ്ങളിലും പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും ചെയ്യാം എന്നതിനുള്ള തെളിവാണ് ഈ ഫൈവ് സ്റ്റാര്‍ ജയില്‍.

ലോകത്തെ പത്താമത്തെ വലിയ സമ്പന്നനായ അല്‍ വലീദ് ബിന്‍ തലാല്‍ അടക്കമുള്ളവര്‍ ഇവിടെ തടവില്‍ കഴിയുന്നുണ്ട്. കണ്‍സ്ട്രക്ഷന്‍ രംഗത്തെ അതികായന്‍ ബാകിര്‍ ബിന്‍ ലാദന്‍, അറബ് ചാനല്‍ നെറ്റ്‌വര്‍ക്കായ എംബിസിയുടെ ഉടമ വലീദ് അല്‍ ഇബ്രാഹിം തുടങ്ങിയവര്‍ ഇക്കൂട്ടത്തിലുണ്ട്. മറ്റ് താമസക്കാരെ റിയാദിലെ മറ്റ് ഹോട്ടലുകളിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ചരിത്രത്തിലെ അപൂര്‍വമായ ആഡംബര കൂട്ട തടങ്കലാണ് സൗദിയില്‍ ഇപ്പോള്‍ നടക്കുന്നത്.