കൊച്ചി – വടക്കൻ കേരളം ഗതാഗതം പൂർണമായി സ്തംഭിച്ചു

1

കളമശേരി അപ്പോളോ ടയേഴ്സിനു മുൻപിൽ കൊച്ചി – സേലം ദേശീയപാതയിൽ എല്ലാ വാഹനങ്ങളും തടഞ്ഞിട്ടിരിക്കുന്നു. മുൻപോട്ടുള്ള റോഡിൽ വെള്ളം കയറി അതിഗുരുതരാവസ്ഥ. കൊച്ചിയും വടക്കൻ കേരളവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ട അവസ്ഥയാണിപ്പോൾ.

പറവൂർ വഴി പടിഞ്ഞാറൻ മേഖലയിലൂടെയും പെരുമ്പാവൂർ, കാലടി വഴി കിഴക്ക് എംസി റോഡിലൂടെയും വടക്കൻ ജില്ലകളിലേക്കു പോകാനാവാത്ത സ്ഥിതിയാണ്. എറണാകുളത്തേക്കു തൃശൂരിൽനിന്നുമുള്ള ദേശീയ പാത പൂർണ്ണമായും അടച്ചു. കേരളം നടുക്കുവച്ച് രണ്ടായി മുറിഞ്ഞ അവസ്ഥയാണ്.

ഇടമലയാറില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 169 മീറ്ററിനെക്കാള്‍ അല്‍പം താഴ്ന്നതോടെ അണക്കെട്ടില്‍നിന്നു പുറന്തള്ളുന്ന വെള്ളത്തിന്റെ അളവ് 1200 ഘനമീറ്റര്‍ ആയി കുറച്ചു. ഇപ്പോള്‍ ജലനിരപ്പ് 168.96 മീറ്ററാണ്. 36 മീറ്റര്‍ വരെ ഉയര്‍ന്ന ഭൂതത്താന്‍കെട്ട് അണക്കെട്ടിലെ ജലവിതാനം 34.70 ആയി കുറഞ്ഞു. പെരിയാറില്‍ ജലനിരപ്പ് അല്‍പം താഴ്ന്നു എന്നു സൂചനയുണ്ടെങ്കിലും പ്രളയദുരിതത്തിന് ഒട്ടും കുറവില്ല. വാഹനങ്ങള്‍ ഒന്നും ആലുവ വഴി ഓടുന്നില്ല. ജില്ലയിലെ ചിലയിടങ്ങളില്‍ രാവിലെ വെയില്‍ തെളിഞ്ഞിട്ടുണ്ട്.