ദുബായില്‍ വാഹനം വാടകക്ക് നല്‍കുന്ന മുഴുവന്‍ സ്ഥാപനങ്ങളും ആര്‍.ടി.എയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം

0

ദുബായില്‍ വാഹനം വാടകക്ക് നല്‍കുന്ന മുഴുവന്‍ സ്ഥാപനങ്ങളും റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദേശം. യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ മാത്രമല്ല ചരക്കുകള്‍ കൊണ്ടുപോകുന്ന വാഹനങ്ങളും ആര്‍.ടി.എയുടെ അനുമതി നേടിയിരിക്കണം.

റെന്റ് എ കാര്‍ കമ്പനികള്‍ക്ക് പുറമെ ബസ്, ട്രക്ക്, വിനോദ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍, മോട്ടോര്‍ സൈക്കിളുകള്‍, സൈക്കിളുകള്‍ തുടങ്ങിയവയെല്ലാം വാടകക്ക് നല്‍കുന്ന സ്ഥാപനങ്ങള്‍ ആര്‍.ടി.എയുടെ അനുമതി നേടിയിരിക്കണം എന്നാണ് നിര്‍ദേശം.

യാത്രക്കാര്‍, ചരക്കുകള്‍, ഭക്ഷണസാധനങ്ങള്‍, പാക്കേജുകള്‍ തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളും ആര്‍.ടി.എയുടെ നിയന്ത്രണത്തിലാക്കും. ഇത്തരം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങളുടെ സുരക്ഷ, സാങ്കേതിക മികവ് എന്നിവ പരിശോധിച്ചായിരിക്കും അനുമതി നല്‍കുക.

അനുമതികളുടെ പരിധികളില്‍ നിന്നാണോ ഇത്തരങ്ങള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് എന്ന് ആര്‍.ടി.എ പരിശോധിക്കും. നിയമലംഘനത്തിന് പിഴയുണ്ടാകും. ഓരോ മേഖലയിലും പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ ഡാറ്റാബേസുണ്ടാക്കാന്‍ കൂടി നടപടി ലക്ഷ്യമിടുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.