ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു

0

ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു. 2022 ലേവര്‍ കപ്പിനുശേഷം ടെന്നീസ് മതിയാക്കുമെന്ന് ഫെഡറര്‍ പറഞ്ഞു.തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ആരോഗ്യം പരിഗണിച്ചാണ് തീരുമാനമെന്ന് ഫെഡറർ അറിയിച്ചു. അടുത്ത ആഴ്ച ലണ്ടനിൽ നടക്കുന്ന ലാവർ കപ്പ് ആവും ഫെഡററുടെ അവസാന ടൂർണമെൻ്റ്. കഴിഞ്ഞ 24 വർഷമായി ടെന്നിസിൽ നിറഞ്ഞുനിൽക്കുന്ന ഫെഡററുടെ വിരമിക്കൽ പ്രഖ്യാപനം കായിക പ്രേമികൾക്കൊക്കെ നിരാശയാണ്.

ടെന്നീസിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഫെഡറര്‍ 20 തവണ ഗ്രാന്‍ഡ്സ്ലാം കിരീടം നേടി ചരിത്രം കുറിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡ് സ്വദേശിയായ ഫെഡറര്‍ ദീര്‍ഘകാലം ലോക ഒന്നാം നമ്പറായിരുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പരിക്കുമൂലം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു ഫെഡറര്‍. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തിന് പലപ്പോഴും വില്ലനായത്. 24 വര്‍ഷത്തെ കരിയറാണ് താരം അവസാനിപ്പിച്ചത്. 103 കിരീടങ്ങള്‍ ഇക്കാലയളവില്‍ നേടി.