എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് തിവാരിയുടെ മരണം; ഭാര്യ അറസ്റ്റില്‍

2

ഡൽഹി: ഉത്തര്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെകൊലപാതകത്തിൽ ഭാര്യ അപൂർവ ശുക്ല അറസ്റ്റിൽ.കഴിഞ്ഞ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മരണവുമായി ബന്ധപ്പെട്ട് രണ്ടു വീട്ടുജോലിക്കാരും പോലീസ് കസ്റ്റഡിയിലാണ്.

കൊലപാതകത്തിൽ അപൂർവയെ തന്നെയാണ് പൊലീസ് പ്രധാനമായും സംശയിക്കുന്നത്.സംശയത്തെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച അപൂര്‍വയെയും രണ്ട് വീട്ടുജോലിക്കാരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഏകദേശം എട്ടുമണിക്കൂറോളമാണ് ക്രൈംബ്രാഞ്ച് ഇവരെ ചോദ്യം ചെയ്തത്. ഇതിന് തുടർച്ചയായാണ് അറസ്റ്റ്.

കഴിഞ്ഞ ഏപ്രില്‍ 16 നാണ് ദില്ലിയിലെ ഡിഫന്‍സ് കോളനിയിലെ വസതിയിൽ ഗുരുതരാവസ്ഥയില്‍ രോ​​​ഹിത്തിനെ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിക്കൊലപ്പെടുത്തിയതാണെന്ന് തെളിയുകയായിരുന്നു.

പിന്നാലെ രോഹിതിന്റെ അമ്മ മരുമകൾക്കെതിരെ നൽകിയ മൊഴിയാണ് കേസിൽ വഴിത്തിരിവായത്. രോഹിതിന്‍റെ സ്വത്താണ് അപൂര്‍വയുടെ ലക്ഷ്യമെന്നും മകനും മരുമകളും നല്ല ബന്ധത്തിലല്ലായിരിന്നുവെന്നുമാണ് ഇവർ പൊലീസിനെ അറിയിച്ചത്. ഇതിനെ തുടർന്നാണ് സംശയം അഭിഭാഷകയായ അപൂര്‍വയിലേക്ക് നീണ്ടത്. ഇതേത്തുടര്‍ന്ന് സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ അപൂര്‍വയെയും വീട്ടിലെ രണ്ട് ജോലിക്കാരെയും ദില്ലി പൊലീസ് ചോദ്യം ചെയ്ചുകയായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിലാണ് അപൂര്‍വയെ പൊലീസ് അറസ്റ്റ് ചെയ്തത്.

യുപി മുന്‍ മുഖ്യമന്ത്രി എന്‍ ഡി തിവാരി, തന്‍റെ അച്ഛനാണെന്ന് തെളിയിക്കാന്‍ നടത്തിയ നിയമപോരാട്ടത്തിലൂടെയാണ് രോഹിത് രാജ്യത്തിന്‍റെ ശ്രദ്ധ നേടിയത്. രോഹിത്തിന്‍റെ പിതൃത്വം ആദ്യം നിഷേധിച്ച എന്‍ ഡി തിവാരിക്കെതിരെ രോഹിത് 2007 ല്‍ ദില്ലി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം നടത്തിയ ഡിഎൻഎ പരിശോധനയില്‍ തിവാരി തന്നെയാണ് അഛനെന്ന് വ്യക്തമാകുകയായിരുന്നു. പിന്നീട് ഇക്കാര്യം പരസ്യമായി സമ്മതിച്ച തിവാരി, രോഹിതിന്‍റെ അമ്മ ഉജ്ജ്വലയെ വിവാഹം കഴിക്കുകയും ചെയ്തു.