സിംഗപ്പൂരിലെ ഓണാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് RP പൊന്നോണം 2019 ആഗസ്റ്റ് 11-ന് ജുറോങ്ങില്‍

0

ജുറോങ്ങ് : ഓണത്തെ വരവേല്‍ക്കാന്‍ റിപ്പബ്ലിക് പോളിടെക്നിക്കിലെ മലയാളീ വിദ്യാര്‍ഥികള്‍ തയ്യാറായിക്കഴിഞ്ഞു.കഴിഞ്ഞ വര്‍ഷം സിംഗപ്പൂരിനെ ഇളക്കിമറിച്ച ഓണഘോഷമായി മാറിയ RP പൊന്നോണം കൂടുതല്‍ കരുത്തോടെ ,മികച്ച വിഭവങ്ങളോടെ വീണ്ടും തിരിച്ചെത്തുന്നു .RP മലയാളീസ്‌ അവതരിപ്പിക്കുന്ന ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ 2019 ആഗസ്റ്റ് മാസം 11, ഞായറാഴ്ച രാവിലെ 10 മുതല്‍ ജുറോങ്ങിലെ TA ഹബില്‍ വച്ച് നടത്തപ്പെടുന്നു . പ്രവര്‍ത്തനത്തിലും നടത്തിപ്പിലും അവതരണത്തിലും നിലവാരത്തിലും എന്നും മുമ്പില്‍ നിന്നിരുന്ന റിപ്പബ്ലിക്ക് പോളിയിലെ വിദ്യാര്‍ഥികള്‍ സിംഗപ്പൂരിലെ മലയാളികള്‍ക്ക് മുന്നിലേക്ക്‌ വീണ്ടും തിരിച്ചെത്തുന്നത് ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.കഴിഞ്ഞ വര്‍ഷത്തെ ഓണാഘോഷത്തിന്റെ വിജയം നല്‍കിയ ആവേശവുമായാണ് RP പൊന്നോണം വീണ്ടും ജനഹൃദയങ്ങളിലേക്കെത്തുന്നത്.കഴിഞ്ഞവര്‍ഷം മെഗാബോക്സിലെ സെപ്പില്‍ വച്ച് നടന്ന പരിപാടിയില്‍ യുവതീയുവാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു . ഒരുപറ്റം വിദ്യാര്‍ഥികളുടെ അശ്രാന്തപരിശ്രമത്തിന്‍റെ ഫലമായാണ്‌ ഈ വര്‍ഷവും RP പൊന്നോണം അരങ്ങേറുന്നത്.പതിവുപോലെ തന്നെ സിംഗപ്പൂര്‍ മലയാളികള്‍ക്ക് ഓണനാളുകളില്‍ മഹോത്സവത്തിന്റെ അനുഭൂതിയും പ്രതീതിയുമാണ് ഒരുക്കി വച്ചിരിക്കുന്നത്.യുവതീയുവാക്കളെ കൂടാതെ കുടുംബപ്രേക്ഷകരെ കൂടെ ലക്ഷ്യംകണ്ടുകൊണ്ടുള്ള പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

മറ്റ് ഓണാഘോഷങ്ങളില്‍ നിന്ന് വിഭിന്നമായി സിംഗപ്പൂരില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന ഓണാഘോഷം എന്ന നിലയില്‍ RP പൊന്നോണം ഏറെ ശ്രദ്ധേയമായിട്ടുണ്ട് . പഠനത്തിന്റെയും പാര്‍ട്ട്‌‌ ടൈം ജോലിയുടെയും തിരക്കിനിടയില്‍ കണ്ടെത്തിയ സമയം കൊണ്ട് വിദ്യാര്‍ഥികള്‍ അണിയിച്ചൊരുക്കിയ ഓണവിരുന്നിന് പല കോണുകളില്‍ നിന്നും ഇതിനോടകം തന്നെ അഭിനന്ദനങള്‍ ലഭിക്കുന്നുണ്ട്. തനത് കലാ രൂപങ്ങളോടൊപ്പം നൂതനമായ സിനിമാറ്റിക് ഡാന്‍സുകള്‍ ,ഗാനമേള എന്നിവയും ഈ പ്രോഗ്രാമിന് മാറ്റ് കൂട്ടും .കഴിഞ്ഞ കുറച്ചു മാസങ്ങളോളം നീണ്ടു നിന്ന കഠിന പരിശ്രമത്തിന്റെ ഫലമാണ്‌ ഇത്തരം ഒരു ഓണാഘോഷം നടത്തുവാന്‍ കഴിഞ്ഞതെന്ന് സംഘാടകര്‍ പറഞ്ഞു .രാവിലെ പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഉത്ഘാടനവും ശേഷം വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിട്ടുണ്ട്.ഉച്ചകഴിഞ്ഞു വടം വലിയുള്‍പ്പെടെയുള്ള തനത് നാടന്‍ കളികളും കൂടെയാകുമ്പോള്‍ ഓണാഘോഷം കൂടുതല്‍ ഊര്‍ജിതമാകും.

ചെണ്ട മേളത്തോടെ ആരംഭിക്കുന്ന ആവേശകരമായ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുവാനായി തൈക്കുടം ബ്രിഡ്ജ് എന്ന ജനകീയ മ്യൂസിക്‌ ബാന്‍ഡിലൂടെ മലയാളിഹൃദയം കീഴടക്കിയ സിദ്ധാര്‍ഥ് മേനോന്‍ അവതരിപ്പിക്കുന്ന സംഗീതവിസ്മയം കൂടെ ഒത്തുചേരുന്നു. കൂടാതെ സിംഗപ്പൂര്‍ യുവാക്കളുടെ ഇടയില്‍ ഏറെ സുപരിചിതനായ ഡിജെ MONTANA ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ കലാശക്കൊട്ടിനോടനുബന്ധിച്ചുള്ള ഡിജെ സന്ധ്യക്ക് നേതൃത്വം നല്‍കും.പ്രദീപ് പൂലാനി അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്ത് കാണികള്‍ക്ക് ഒരു നവ്യ അനുഭവമായി മാറും. ഉണ്ണി അവതരിപ്പിക്കുന്ന നൃത്തവും ജാങ്കോസ് അവതരിപ്പിക്കുന്ന ബാന്‍ഡും കൂടെ ചേരുമ്പോള്‍ കാണികള്‍ക്ക് മറക്കാനാവാത്ത ഒരു അനുഭവമായി ഈ ഓണാഘോഷം മാറുമെന്ന ഉറച്ച വിശ്വാസത്തിലാണ് സംഘാടകര്‍.

മറുനാട്ടിലെ മലയാളി സംഘടനകളുടെ ഓണാഘോഷ പരിപാടികളാണ് പ്രവാസികളുടെ ഗൃഹാതുരതകള്‍ക്കു കൂടുതല്‍ മിഴിവേകുന്നത്.സിംഗപ്പൂരിലെ തിരക്കിട്ട ജീവിതത്തിലും ഓണത്തിന്‍റെ തനത് ആഘോഷം മലയാളികളോടൊപ്പം തന്നെ മറു രാജ്യങ്ങളിലെ ആളുകളിലെക്കും എത്തിക്കുവാന്‍ RP പൊന്നോണത്തിനു സാധിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് RP പൊന്നോണത്തിനായി സിംഗപ്പൂര്‍ കാത്തിരിക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : 8149 5847 , 8264 7971
സന്ദര്‍ശിക്കുക : https://www.facebook.com/RpPonnonam2019/