സെലെന്‍സ്കിയെ വധിക്കാന്‍ റഷ്യ കൂലിപ്പടയെ ഇറക്കി

1

കീവ്: പ്രസിഡന്റ് വൊളോദിമിർ സെലെൻസ്കിയെയും മന്ത്രിമാരെയും വധിച്ച് യുക്രൈന്റെ അധികാരം പിടിക്കാനായി റഷ്യ നാനൂറിലേറെ കൂലിപ്പട്ടാളക്കാരെ ഇറക്കിയിട്ടുണ്ടെന്ന് റിപ്പോർട്ട്. ആഫ്രിക്കയിൽനിന്ന് അഞ്ചാഴ്ച മുമ്പാണ് യുക്രൈൻ തലസ്ഥാനമായ കീവിൽ ഇവരെയെത്തിച്ചത്. റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡമിര്‍ പുടിന്‍റെ സ്വകാര്യ സുരക്ഷ വിഭാഗം ‘ദ വാഗ്നര്‍ ഗ്രൂപ്പാണ്’ ഇതിന് പിന്നില്‍ എന്നാണ് വിവരം.

ശനിയാഴ്ച രാവിലെയാണ് യുക്രൈൻ സർക്കാരിന് ഇതേക്കുറിച്ച്‌ വിവരം കിട്ടിയത്. അതിനാലാണ് കീവിൽ 36 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തിയത്. റഷ്യൻ കൂലിപ്പടയെ ഇല്ലാതാക്കുകയായിരുന്നു ഉദ്ദേശ്യം. കർഫ്യൂ ലംഘിച്ച് പുറത്തിറങ്ങുന്ന ആരെയും റഷ്യൻ ഏജന്റായി കണ്ട് ഉടൻ വെടിവെക്കുമെന്ന് മുന്നറിയിപ്പു നൽകിയതും ഇതിനാണെന്ന് റിപ്പോർട്ടിൽ പറയുന്നു.

അതേ സമയം അന്താരാഷ്ട്ര തലത്തിൽ രാജ്യത്തിന് കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വന്നതോടെ റഷ്യയിലെ സാമ്പത്തികരംഗം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. റഷ്യൻ കറൻസിയായ റൂബിൾ മൂല്യം കുത്തനെ ഇടിഞ്ഞതോടെ പലിശ നിരക്കുകൾ ഉയർത്തി ഈ തകർച്ചയെ പ്രതിരോധിക്കാനാണ് രാജ്യത്തെ ധനകാര്യ മാനേജ്മെന്റ് സംവിധാനങ്ങൾ ശ്രമിക്കുന്നത്. റൂബിളിനെ ജനം കൈയ്യൊഴിയുന്നത് ഒഴിവാക്കാൻ രാജ്യത്തെ പൗരന്മാർ വിദേശത്തേക്ക് പണം അയക്കരുതെന്ന് ഉത്തരവിടുകയും ചെയ്തിരിക്കുകയാണ് വ്ലാഡിമർ പുടിൻ.