യുക്രൈനില്‍ റഷ്യ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോ​ഗിച്ചു; ബൈഡൻ

1

അധിനിവേശം തുടരുന്നതിനിടെ യുക്രൈനില്‍ റഷ്യ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. സിഎന്‍എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘റഷ്യക്കെതിരെയായി കൂടുതല്‍ ലോകരാജ്യങ്ങള്‍ ഉപരോധമടക്കം ഏര്‍പ്പെടുത്തി പ്രതികരിക്കുകയാണ്. എന്നാല്‍ ഞങ്ങളുടെ ഈ ഐക്യമോ ശക്തിയോ റഷ്യ പ്രതീക്ഷിച്ചുകാണില്ല. പക്ഷേ ഈ സാഹചര്യത്തില്‍ അവര്‍ പ്രയോഗിക്കാവുന്ന തന്ത്രങ്ങള്‍ വീണ്ടും ഗൗരവതരമാകും’. യുക്രൈനും സഖ്യകക്ഷികള്‍ക്കും അമേരിക്ക നല്‍കിയ സഹായങ്ങളെക്കുറിച്ചും ബൈഡന്‍ വിവരിച്ചു.

യുക്രൈനില്‍ രാസായുധങ്ങളുണ്ടെന്ന റഷ്യയുടെ വാദം തെറ്റാണെന്ന് ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.യുക്രൈനിലെ റഷ്യയുടെ അധിനിവേശത്തോടുള്ള അന്താരാഷ്ട്ര പ്രതികരണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബൈഡന്‍ വെള്ളിയാഴ്ച പോളണ്ടിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അധിനിവേശം തുടങ്ങിയതിന് ശേഷം 2 ദശലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ യുക്രൈനില്‍ നിന്ന് പോളണ്ടിലേക്ക് പലായനം ചെയ്തിട്ടുണ്ട്.

യുദ്ധ പശ്ചാത്തലത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മ്മനിയിലെ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എന്നിവരുമായി ബൈഡന്‍ സംസാരിക്കുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.