‘ആഡംബര ഹോട്ടലിലെ ചായയിൽ പൊളോണിയം കലർത്തി; മുൻ ചാരനെ കൊന്ന് റഷ്യൻ ഭരണകൂടം’

1

ലണ്ടൻ: ആഡംബര ഹോട്ടലിലെ കട്ടൻചായയിൽ റേഡിയോ ആക്ടീവ് വിഷവസ്തുവായ പൊളോണിയം കലർത്തി അലക്സാണ്ടർ ലിത്വിനെങ്കോയെന്ന മുൻ റഷ്യൻ ചാരനെ കൊന്നത് റഷ്യൻ ഭരണകൂടം തന്നെയെന്ന് യുറോപ്യൻ മനുഷ്യാവകാശ കോടതി വിധിച്ചു. 2006 ൽ ലണ്ടനിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് ലിത്വിനെങ്കോയുടെ വിധവ മറീന നൽകിയ കേസാണിത്. കൊലപാതകത്തിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പങ്ക് തുടക്കം മുതൽ ആരോപിക്കപ്പെട്ടിരുന്നു.

റഷ്യൻ രഹസ്യാന്വേഷണ ഏജൻസിയായ കെജിബിയിൽ പ്രവർത്തിച്ചിരുന്ന ലിത്വിനെങ്കോയെ ലണ്ടനിലെ മിലേനിയം ഹോട്ടലിൽ കാണാനെത്തിയവർ അദ്ദേഹത്തിന്റെ ചായയിൽ വിഷം കലർത്തുകയായിരുന്നെന്ന് ബ്രിട്ടിഷ് അന്വേഷണ ഉദ്യോഗസ്ഥർ 2016 ൽ കണ്ടെത്തിയിരുന്നു. ലിത്വിനെങ്കോയെ സന്ദർശിച്ച കെജിബി മുൻ ജീവനക്കാരനായ ആന്ദ്രെ ലുഗോവോയും മറ്റൊരു റഷ്യക്കാരൻ ദിമിത്രി കോവ്‌തനും ഈ കൃത്യം നടത്തിയത് ഭരണകൂടത്തിന്റെ ഏജന്റുമാരായിട്ടാണെന്നാണ് ബ്രിട്ടിഷ് ഉദ്യോഗസ്ഥരുടെ നിഗമനം ശരിവച്ചുകൊണ്ട് യൂറോപ്യൻ കോടതി വിധിച്ചത്. മറീനയ്ക്ക് 1,22,500 പൗണ്ട് റഷ്യ നഷ്ടപരിഹാരം നൽകണമെന്നും ഉത്തരവിലുണ്ട്.

കൊലപാതകത്തിന്റെ ഉത്തരവാദിത്തം റഷ്യ ഇപ്പോഴും നിഷേധിക്കുന്നു. കെജിബി വിട്ട് ബ്രിട്ടനിലേക്കു കുടിയേറുകയും അവിടത്തെ പൗരത്വം സ്വീകരിക്കുകയും ചെയ്ത ലിത്വിനെങ്കോ ബ്രിട്ടിഷ് രഹസ്യാന്വേഷണ ഏജൻസിയായ എംഐ 6നു വേണ്ടി പ്രവർത്തിച്ചു വരികയായിരുന്നു.