വീണ്ടും പുതിയൊരു സ്കൂള്‍വര്‍ഷം തുടങ്ങാന്‍ പോവുകയാണ്. പുത്തനുടുപ്പും  വര്‍ണ്ണക്കുടയുമായി വെങ്ങോലയിലെ സര്‍ക്കാര്‍ സ്കൂളിലേക്ക് ചേട്ടന്‍റെയും ചേച്ചിയുടെയും വേലമ്മാവ്കുടിയിലെ മിനിയുടെയും ഒക്കെ  കൂടെ പാടത്തൂടെ നടന്നുപോയത് ഇന്നലത്തെ പോലെ ഓര്‍ക്കുന്നു. ഒന്നാം ദിവസം തന്നെ മഴയായിരുന്നു. വറുഗീസ് സാര്‍ ആണ് ക്ലാസ്സ് ടീച്ചര്‍. പിന്നങ്ങോട്ട് എത്രയെത്ര സ്കൂള്‍ തുറക്കലുകള്‍, എല്ലാം മഴയില്‍ കുതിര്‍ന്ന്,  എല്ലാം സന്തോഷമുള്ളത് തന്നെ ആയിരുന്നു.!

എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഓരോ സ്കൂള്‍ തുറക്കലിനെയും പേടിയോടെയാണ് നോക്കിക്കാണുന്നത്.  ഒന്നാമത്തെ ദിവസം തന്നെ കുട്ടികള്‍  സ്‌കൂളിലോ സ്‌കൂളിലേക്കുള്ള യാത്രയിലോ അപകടത്തില്‍ പെടുന്നതും മരിക്കുന്നതും  ഇപ്പോള്‍ എല്ലാക്കൊല്ലവും പതിവായിരിക്കുന്നു. ഇതൊരു അതിശയമല്ല കാരണം സ്വന്തം അച്ഛനമ്മാമാരുടെ കൺ വെട്ടത്തു  ജീവിച്ചിരുന്ന ലക്ഷക്കണക്കിന് കുട്ടികള്‍   പരിചയമുള്ള അന്തരീക്ഷത്തില്‍ നിന്ന് മാറിയാണ്  സ്‌കൂളില്‍ എത്തുന്നത്. അവിടേക്കുള്ള യാത്ര ഉള്‍പ്പടെ എല്ലാം പുതുമയാണ്. കുട്ടികള്‍ ആകെ എക്സൈറ്റഡ് ആയിരിക്കും വേണ്ടത്ര മേല്‍നോട്ടം കൊടുക്കാന്‍ ചുറ്റുമുള്ളവര്‍ക്ക് സാധിക്കുകയും ഇല്ല.  ഒരു ചെറിയ പിഴവ് മതി അപകടവും ദുരന്തവും ഉണ്ടാക്കാന്‍.

ഏതൊരു മരണവും ദുഃഖം തന്നെയാണെങ്കിലും കുട്ടികളുടെ മരണം ആണ് ഏറ്റവും ദുഖകരം. ഇതത്രയും നിസാരമായി ഒഴിവാക്കപ്പെടാവുന്നതാണല്ലോ എന്നാലോചിക്കുമ്പോഴാണ് എന്‍റെ സങ്കടം ഇരട്ടിക്കുന്നത്.

സ്‌കൂളുമായി ബന്ധപ്പെട്ടും അല്ലാതെയും സ്‌കൂള്‍ പ്രായത്തില്‍ ഉള്ള കുട്ടികളുടെ അപകടമരണം സംഭവിക്കാം. ഉദാഹരണത്തിന്,

സ്‌കൂളിനകത്ത് സംഭവിക്കുന്ന അപകടങ്ങള്‍ (ഭിത്തി ഇടിഞ്ഞു വീണ്, കിണറ്റിലോ കുളത്തിലോ വീണ്, കാമ്പസിലെ മരം വീണ്, ക്ലാസ്സില്‍ അലമാര ദേഹത്ത് വീണ്, രണ്ടാമത്തെ നിലയില്‍ നിന്നും താഴെ വീണ്, വൈദ്യുതി ആഘാതം സംഭവിച്ച് ഒക്കെ കേരളത്തില്‍ സ്‌കൂളിനുള്ളില്‍ മരണം ഉണ്ടായിട്ടുണ്ട് )

സ്‌കൂളിലെ ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട (വിനോദയാത്ര, കായികപ്രകടനങ്ങള്‍) അപകടങ്ങള്‍.

സ്‌കൂളിലേക്കും തിരിച്ചുമുള്ള യാത്രയിലെ അപകടങ്ങള്‍

അവധി ദിവസങ്ങളിലെ മുങ്ങി മരണങ്ങള്‍

പൊതുവിലുള്ള വാഹനാപകടനങ്ങളില്‍ പെട്ട് മരിച്ചു പോകുന്ന കുട്ടികള്‍

ഒരു വര്‍ഷം സ്‌കൂള്‍ പ്രായത്തിലുള്ള എത്ര കുട്ടികള്‍ കേരളത്തില്‍ അപകടത്തില്‍ പെടുന്നുണ്ട് എന്നതിനെ പറ്റി ഒരു കണക്കും ഒരിടത്തും ലഭ്യമല്ല.  ഒരു സ്‌കൂളിലെ  കുട്ടി സ്‌കൂളിന്  മരിച്ചാല്‍ ഒരവധി, അനുശോചനം, ചുവന്നമഷി കൊണ്ട് ഹാജര്‍ബുക്കില്‍നിന്ന് പേരുവെട്ടല്‍. കഴിഞ്ഞു കാര്യം. അതെ സമയം നമ്മുടെ സ്‌കൂളുകളില്‍ മൊത്തമായി  എത്ര സ്‌കൂള്‍ കുട്ടികള്‍ അപകടത്തില്‍ പെടുന്നുണ്ട് എന്നൊന്ന് അന്വേഷിച്ചിരുന്നെങ്കില്‍ ഇതിന്‍റെ വ്യാപ്തി മനസ്സിലാക്കാമായിരുന്നു. എന്‍റെ വിശ്വാസം വര്‍ഷത്തില്‍ മുന്നൂറു മുതല്‍ അഞ്ഞൂറ് വരെ സ്‌കൂള്‍ പ്രായത്തിലുള്ള കുട്ടികള്‍ കേരളത്തില്‍ അപകടത്തില്‍ മരിക്കുന്നു എന്നാണ് (കൂടുതലും സ്‌കൂളിന് പുറത്തുള്ള അപകടങ്ങള്‍ ആണ്). ഇതില്‍ ഭൂരിഭാഗവും കുട്ടികള്‍ക്ക് അടിസ്ഥാനമായ സുരക്ഷാ പരിശീലനം നല്‍കിയാല്‍ ഒഴിവാക്കാവുന്നതും ആണ്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസവകുപ്പിനോട്  ഞാന്‍ പറയുന്ന ഒരു ചെറിയ ആവശ്യമുണ്ട്. സ്‌കൂള്‍ തുറക്കുന്നതിന് ഒരാഴ്ച മുന്‍പേ സ്‌കൂളിലെ അധ്യാപകരും പി ടി എ പ്രവര്‍ത്തകരും ചേര്‍ന്ന് സ്‌കൂളില്‍ ഒരു സുരക്ഷാ ഓഡിറ്റ് നടത്തുക. സ്‌കൂളിനകത്ത് എന്തെങ്കിലും അപകട സാധ്യത ഉണ്ടോ എന്ന് പരിശോധിക്കുക, ഉണ്ടെങ്കില്‍ അവ പരിഹരിക്കുക,  സ്‌കൂള്‍ തുറക്കുന്ന അന്ന് തന്നെ പ്രവേശനോത്സവത്തിന്‍റെ ഭാഗമായി അരമണിക്കൂറെങ്കിലും കുട്ടികളോട് സുരക്ഷയെപ്പറ്റി സംസാരിക്കുക. സ്‌കൂള്‍ എന്നത് കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു പുതിയ ഇടം തന്നെയാണ്. അതിനുചുറ്റും അപകടസാധ്യതകളുമുണ്ട്.  (കിണര്‍, മരങ്ങള്‍, സ്‌കൂള്‍ കെട്ടിടത്തിനു മുകളിലൂടെ പോകുന്ന ഇലക്ട്രിക് ലൈനുകള്‍, സ്‌കൂള്‍ കെട്ടിടത്തിലോ കാമ്പസിലോ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍, രണ്ടാം നിലയിലേക്കും മുകളിലേക്കും ആവശ്യത്തിന് കൈവരികളില്ലാത്തത്, ക്ലാസ്സ്മുറിയിലും വരാന്തയിലും വെച്ചിരിക്കുന്ന വലിയ അലമാരകള്‍,  എന്നിങ്ങനെ പല അപകടസാധ്യതകളും സ്‌കൂളില്‍ത്തന്നെയുണ്ട്). അതൊക്കെ കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തണം. സ്‌കൂളിലേക്കുള്ള യാത്രയിലെ സുരക്ഷ , ജലസുരക്ഷ, എന്നതിനെപ്പറ്റിയൊക്കെ അധ്യാപകര്‍ പറയുമ്പോള്‍ കുട്ടികള്‍ക്കത് വേദവാക്യമാണ്. ഒരിക്കലും മറക്കാതെ അതവര്‍ ജീവിതകാലം മുഴുവന്‍ ഓര്‍ത്തു  പെരുമാറും.  ഈ ഒരു ചെറിയ പ്രവൃത്തികൊണ്ട് ഒരുവര്‍ഷം നൂറു ജീവനുകളെങ്കിലും നമുക്ക് രക്ഷിക്കാന്‍ സാധിക്കും.

ഓരോ സ്‌കൂളിലും ആഡിറ്റും പരിശീലനവും കൂടി ചെയ്യാന്‍ രണ്ടു മണിക്കൂര്‍ മതി. ആരെങ്കിലും ഒന്ന് മുന്‍കൈ എടുക്കണം എന്ന് മാത്രം. അതിനുള്ള ലഘുലേഖ ഞാന്‍ രണ്ടായിരത്തി പതിമൂന്നില്‍ തന്നെ വിദ്യാഭ്യാസ വകുപ്പിന് നല്‍കിയിട്ടുണ്ട്. പക്ഷെ ഈ വര്‍ഷവും അത് നടപ്പിലാക്കിയിട്ടില്ല.

എന്‍റെ വായനക്കാരില്‍ അധ്യാപകരായിട്ടുള്ളവര്‍ ഈ പുസ്തകം ഒന്നു  വായിച്ചുനോക്കി നിങ്ങളുടെ സ്‌കൂളിന് ചുറ്റും ഒന്ന് നടന്നു നോക്കുക. സ്‌കൂളില്‍ സ്പോര്‍ട്സും ആനിവേഴ്സറിയും വിനോദയാത്രയും ഒക്കെ നടത്തുമ്പോള്‍ എന്താണ് സുരക്ഷാ പ്രശ്നങ്ങള്‍ എന്ന് ചിന്തിക്കുക. എന്നിട്ട്  കുട്ടികള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്ളീസ്.

സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ ഉള്ളവര്‍ ഈ പുസ്തകം ഒന്ന് വായിക്കണം. സ്‌കൂള്‍ തുറക്കുന്നതിന്‍റെ തലേ ദിവസം കുട്ടികളോട് സുരക്ഷയെ പറ്റി പറയണം. നമ്മുടെ കുട്ടികള്‍ക്ക് നമ്മളേ ഉള്ളൂ, നമുക്ക് അവരും.  അപകടം മറ്റുള്ളവര്‍ക്ക് വരുന്ന ഒന്നല്ല. ഈ വര്‍ഷം സ്‌കൂള്‍ തുറക്കുമ്പോള്‍ പേര് വെട്ടുന്ന ഒരു കുട്ടിയുടെ മാതാപിതാക്കളും കഴിഞ്ഞ വര്‍ഷം അങ്ങനെ സംഭവിക്കും എന്ന് ചിന്തിച്ചിട്ടുണ്ടാവില്ല. .

കുട്ടികള്‍ക്ക് സുരക്ഷിതമായൊരു സ്‌കൂള്‍വര്‍ഷം ആശംസിക്കുന്നതിനൊപ്പം  ഒന്നാം ദിവസം വിഷമിപ്പിക്കുന്ന വാര്‍ത്തകളൊന്നും ഉണ്ടാകല്ലേയെന്നും ആഗ്രഹിക്കുന്നു.