ആ ഫോണ്‍ വിളി കാത്തു; നടന്‍ നാദിർഷായുടെ സഹോദരനും കുടുംബത്തിനും ഇതു രണ്ടാംജന്മം

0

സിനിമാ സംവിധായകനും നടനുമായ നാദിര്‍ഷായുടെ സഹോദരനായ സാലിയും കുടുംബവും വലിയൊരു അപകടത്തില്‍ നിന്നും രക്ഷപെട്ടത് ഒരൊറ്റ ഫോണ്‍ വിളി നിമിത്തം. ജോലികഴിഞ്ഞു പാതിരാത്രി തിരിച്ചുവരുന്ന സുഹൃത്തിന്റെ ഒരു ടെലിഫോൺ വിളിയാണ് സാലിക്കും കുടുംബത്തിനും ജീവിതം തിരിച്ചു നൽകിയത്.

സാലിയുടെ സഹപ്രവര്‍ത്തകനും സുഹൃത്തുമായ അനീസ് രാത്രി രണ്ടു മണിക്കു ജോലി കഴിഞ്ഞ് തിരികെ പോകുമ്പോള്‍ സാലിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തില്‍ തീയും പുകയും കണ്ടു. ഇതേ തുടര്‍ന്ന് അനീസ് സാലിയെ ഫോണ്‍ വിളിച്ചു. ‘നീ താമസിക്കുന്ന കെട്ടിടത്തിനു താഴെ വലിയ ജനക്കൂട്ടവും ആംബലുന്‍സും ഉണ്ട്. നീ ഇപ്പോള്‍ എവിടെയാണ് ?’

അനീസിന്റെ ഫോണ്‍ സന്ദേശം ലഭിച്ച സാലി എഴുന്നേറ്റ് കെട്ടിടത്തിന്റെ താഴെക്ക് നോക്കി. വലിയ ജനക്കൂട്ടം മുകളിലേക്ക് നോക്കി നില്‍കുന്ന കണ്ട സാലി അപകടം മണത്തു. ഉടന്‍ തന്നെ ഉറങ്ങികിടന്ന ഭാര്യയേയും മൂന്നു മക്കളെയും വിളിച്ചു ഉണര്‍ത്തി താഴെ ഇറങ്ങാനായി ശ്രമിച്ചു. പക്ഷേ വാതില്‍ തുറന്നപ്പോള്‍ കറുത്ത പുക കാരണം പുറത്ത് ഇറങ്ങാന്‍ കഴിയാത്ത അവസ്ഥ. പുറത്തേയ്ക്ക് കടക്കാൻ യാതൊരു നിർവാഹവുമില്ല. വാതിലടച്ചു കുട്ടികളെയും കൂട്ടി കെട്ടിടത്തിന്റെ ബാൽക്കണിയിൽ അഭയംതേടി. താഴെയുള്ളവരോട് രക്ഷിക്കാൻ അഭ്യർത്ഥിച്ചു. പലരും താഴെനിന്നു സാന്ത്വനപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. മരണം മുഖാമുഖം കണ്ടു കുട്ടികളും നിലവിളിക്കാൻ തുടങ്ങി.

അല്പസമയത്തിനു ശേഷം അടഞ്ഞ വാതില്‍ തള്ളി തുറന്ന് വന്ന സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനാണ് സാലിയേയും കുടുംബത്തെയും രക്ഷിച്ചത്. തന്നെ പിന്തുടരാന്‍ നിര്‍ദേശം നല്‍കിയ ശേഷം അയാള്‍ തങ്ങളെയും കൂട്ടി ഇരുളിനെ വകഞ്ഞു മാറ്റി പുകയിലൂടെ നടന്ന് താഴെ എത്തിക്കുകയായിരുന്നു. സാലി സഅബീല്‍ ഓഫിസിലാണ് ജോലിചെയ്യുന്നത്. ഒരു സുഡാനി കുടുംബം താമസിക്കുന്ന തൊട്ടടുത്ത ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുള്ളവരെല്ലാം പുറത്തിറങ്ങിയിരുന്നെങ്കിലും ഉറക്കത്തിൽ സാലിയും കുടുംബവും ഒന്നും അറിഞ്ഞിരുന്നില്ല. ഫ്ലാറ്റ് ജീവിത സംസ്കാരത്തിൽ ആർക്കും പരസ്പരം ടെലിഫോൺ നമ്പർ അറിയാത്തതിന്റെ ഗൗരവം ഇത്തരം സന്ദർഭങ്ങളിലാണ് അനുഭവിച്ചറിയുകയെന്നു സാലി പറയുന്നു.