മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം കൊല്ലപ്പെട്ട കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ വിധിച്ചു

1

മെല്‍ബണില്‍  സാം എബ്രഹാം കൊല്ലപ്പെട്ട കേസില്‍ ഭാര്യ സോഫിയ, ഇവരുടെ കാമുകന്‍ അരുണ്‍ കമലാസന്‍ എന്നിവര്‍ക്കുള്ള ശിക്ഷ പ്രഖ്യാപിച്ചു. വിക്ടോറിയന്‍ സുപ്രീംകോടതിയുടേതാണ് വിധി.

സോഫിയയ്ക്ക് 22 വര്‍ഷവും അരുണ്‍ കമലാസന് 27 വര്‍ത്തെ തടവു ശിക്ഷയുമാണ് ലഭിച്ചിരിക്കുന്നത്. പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം എബ്രബാമിനെ ഇരുവരുെ ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കോടതി കണ്ടെത്തിയിരുന്നു.

മെല്‍ബണില്‍ യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനായിരുന്ന പുനലൂര്‍ കരുവാളൂര്‍ ആലക്കുന്നില്‍ സാം ഏബ്രഹാമിനെ 2015 ഒക്ടോബര്‍ 13ന് ആണ് എപ്പിങ്ങിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദ്രോഗം മൂലമായിരുന്നു മരണമെന്നായിരുന്നു വീട്ടികാരെയും നാട്ടുകാരെയും സോഫിയ ധരിപ്പിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ച ശേഷം മകനൊപ്പം മെല്‍ബണിലേക്ക് മടങ്ങുകയും ചെയ്തു. ആര്‍ക്കും ഒരു സംശയവും തോന്നിയിരുന്നുമില്ല.

എന്നാല്‍ പിന്നീട് പോലീസ് രഹസ്യമായി അന്വേഷണം ആരംഭിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍, രക്തത്തിലും കരളിലും അമിത അളവില്‍ സയനൈഡ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. തീവ്ര പ്രണയത്തിലായിരുന്ന സോഫിയയും അരുണും ഒരുമിച്ചു ജീവിക്കുന്നതിനായി സാമിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും ഓറഞ്ച് ജ്യൂസില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണു പ്രോസിക്യൂഷന്‍ കേസ്.