താരങ്ങളോടൊപ്പം സമന്തയും രാഷ്ട്രീയത്തിലേക്ക്?

0

താരങ്ങള്‍ രാഷ്ട്രീയത്തിലിറങ്ങുന്ന കാലമാണിത്. അതിനാല്‍ സമന്തയും രാഷ്ട്രീയച്ചുവട് വയ്ക്കുകയാണ്. നാഗചൈതന്യയെ വിവാഹം കഴിച്ച് ഹൈദരാബാദില്‍ കുടിയേറിയ സമന്തയുടെ മേല്‍ തെലങ്കാന രാഷ്ട്ര സമിതിയുടെ സ്ഥാപക നേതാവും മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖര്‍ റാവുവിന് മുമ്പേ ഒരു കണ്ണ് ഉണ്ടായിരുന്നു. സെക്കന്തരാബാദ് മണ്ഡലത്തില്‍ പണ്ട് വൈ എസ് രാജശേഖര റെഡ്ഡി നടി ജയസുധയെ നിര്‍ത്തി ജയിപ്പിച്ച അതേ തന്ത്രമാണ് വരുന്ന തെരഞ്ഞെടുപ്പില്‍ ചന്ദ്രശേഖര്‍ റാവുവും പയറ്റാന്‍ ആലോചിക്കുന്നത്. അതിനാല്‍ തന്നെ മത്സരം ജയസുധയ്‌ക്കെതിരെ ആയിരിക്കുകയും ചെയ്യാം. ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായ ഇവിടം സമന്തയുടെ കൈകളില്‍ സുരക്ഷിതമാകും എന്നാണ് അദ്ദേഹം ചിന്തിക്കുന്നത്. അതിന്റെ മുന്നൊരുക്കമെന്നോണം കൈത്തറിയുടെ ബ്രാന്‍ഡ് അംബാസിഡറായി സമന്തയെ തെലങ്കാന സര്‍ക്കാര്‍ തെരഞ്ഞെടുത്തു കഴിഞ്ഞു. സിനിമയിലെ പ്രശസ്തിയും ജാതിയുടെ പിന്‍ബലവും അക്കിനേനി കുടുംബത്തിന്റെ പെരുമയുമെല്ലാം വോട്ടായി മാറും എന്നാണ് പാര്‍ട്ടി വൃത്തങ്ങളും പ്രതീക്ഷിക്കുന്നത്. പൊതുവില്‍ നാഗേശ്വര റാവു-നാഗാര്‍ജുന കുടുംബം രാഷ്ട്രീയത്തില്‍ നിന്ന് കൃത്യമായ അകലം പാലിക്കുന്നവരാണ്. അതിനാല്‍ തന്നെ നാഗാര്‍ജുനയുടെ എതിര്‍പ്പ് മറികടക്കാനുള്ള രാഷ്ട്രീയ നീക്കങ്ങളും അണിയറയില്‍ തുടങ്ങിക്കഴിഞ്ഞുവത്രെ. ഇത്തരത്തില്‍ വാര്‍ത്തകള്‍ തെലങ്കാനയിലും ആന്ധ്രപ്രദേശിലും എന്തിന് കോളിവുഡിലും പടര്‍ന്നു കഴിഞ്ഞിട്ടുണ്ടെങ്കിലും സമന്തയോ അക്കിനേനി കുടുംബമോ ഈ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് സ്ഥിരീകരണമൊന്നും നടത്തിയിട്ടില്ല. രാഷ്ട്രീയമല്ലേ, എന്തും സംഭവിക്കാം!

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.