ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ഇന്ത്യയിലും; ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

0

ന്യൂഡല്‍ഹി: ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ രാജ്യത്ത് ആദ്യമായി സ്ഥിരീകരിച്ചു. ബ്രിട്ടനില്‍ നിന്നെത്തിയ ആറ് യാത്രക്കാര്‍ക്കാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ബെംഗളൂരു നിംഹാന്‍സിന്‍ നടത്തിയ പരിശോധനയില്‍ മൂന്ന് പേര്‍ക്കും ഹൈദരാബാദില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പുണൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കുമാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ബ്രിട്ടനില്‍ നിന്നെത്തിയ ആറ് പേര്‍ക്ക് ജനിതകമാറ്റം വന്ന കൊറോണ വൈറസ് സ്ഥിരീകരിച്ചകാര്യം പുറത്ത് വിട്ടത്. നവംബർ 25നുശേഷം യുകെയിൽനിന്ന് ഇന്ത്യയിലെത്തിയ 33,000 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതിൽ 114 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഈ മുഴുവൻ പേരുടെയും സ്രവ സാംപിളുകൾ ജനിതക ശ്രേണീകരണത്തിനായി നൽകിയിരുന്നു. ഇതിൽ 6 പേർക്കാണ് യുകെയിൽ കണ്ടെത്തിയ അതീവ വ്യാപനശേഷിയുള്ള വൈറസ് വകഭേദത്തിൽനിന്ന് കോവിഡ് പിടിപെട്ടത്.

ഈ ആറുപേരേയും നിരീക്ഷണത്തിലാക്കിയെന്നും ഇവരുമായി ബന്ധപ്പെട്ട എല്ലാവരേയും ക്വാറന്റീനിലേക്ക് മാറ്റിയെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. അതത് സംസ്ഥാനങ്ങളിലാണ് ജനിതകമാറ്റം വന്ന കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് വ്യക്തമല്ല.