സൗദിയിൽ മലയാളിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു: ഒഴിവായത് വൻ ദുരന്തം

0

റിയാദ്: സൗദി അറേബ്യയിൽ മലയാളിയുടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി എ.എസ്.സജീറിന്റെ സാംസങ് എസ് 6 എഡ്‌ജ് പ്ലസ് ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടതോടെ സജീർ ഫോൺ അൽപം ദൂരേക്ക് മാറ്റിവച്ചതിനാൽ ഒഴിവായത് വൻ ദുരന്തമാണ്. സൗദിയിലെ ജുബൈലിലാണ് സംഭവം.

ശനിയായ്‌ച ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് ഫോൺ അമിതമായി ചൂടാകുന്നത് ശ്രദ്ധയിൽ പെട്ടത്. ഇന്റർനെറ്റ് ഓൺ ആയതിനാലാകും ഫോൺ ചൂടാകുന്നതെന്ന് കരുതി ഉടൻ തന്നെ നെറ്റ് ഓഫ് ചെയ്‌തു. എന്നാൽ ഫോൺ ചൂടാകുന്നത് തുടർന്നതോടെ സ്വിച്ച് ഓഫ് ചെയ്‌തു. അപകടം മണത്ത സജീർ സാധനങ്ങൾ വാങ്ങാൻ കയറിയ കടയിലെ മേശപ്പുറത്ത് ഫോൺ വച്ചു.

നിമിഷ നേരത്തിനകം ഫോൺ പുകയുകയും തീപിടിക്കാൻ തുടങ്ങുകയും ചെയ്‌തു. സംഭവം പന്തിയല്ലെന്ന് കണ്ട ഇയാൾ ഫോൺ എടുത്ത് പുറത്തേക്ക് എറിയുകയായിരുന്നു. എല്ലാം നേരിട്ട് കണ്ടതിനാൽ വൻ ദുരന്തം ഒഴിവായിയെന്ന് സജീർ പിന്നീട് പ്രതികരിച്ചു. ഉറങ്ങുമ്പോഴോ വാഹനത്തിലോ ആയിരുന്നെങ്കിലോ വൻ അപകടം സംഭവിക്കുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒന്ന് രണ്ട് തവണ ഫോൺ നിലത്ത് വീണിരുന്നതായും സജീർ വ്യക്തമാക്കി.