കേരളത്തില്‍ ഞാന്‍ വംശീയവിവേചനത്തിന് ഇരയായി; അർഹിച്ച പണം നല്കിയില്ല: വെളിപ്പെടുത്തലുമായി സുഡാനി നായകന്‍

0

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിന്റെ നിർമാതാക്കൾക്കെതിരെ കടുത്ത ആരോപണങ്ങളുമായി ചിത്രത്തിലെ നായകതുല്യ കഥാപാത്രം ചെയ്ത ആഫ്രിക്കന്‍ നടന്‍ സാമുവല്‍ റോബിന്‍സണ്‍. താന്‍ വംശീയമായ വിവേചനം നിര്‍മാതാക്കളില്‍ നിന്നും നേരിട്ടെന്നും ഒറു കറുത്തവര്‍ഗക്കാരനായതുകൊണ്ട് തനിക്ക് മറ്റുള്ളവരേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് നല്‍കിയതെന്നും വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിച്ചെന്നുമാണ് നൈജീരിയ സ്വദേശിയായ സാമുവല്‍ നാട്ടില്‍ തിരികെ എത്തിയശേഷം തന്റെ ഫെയ്‌സബുക്കില്‍ കൂടി വെളിപ്പെടുത്തിയിരിക്കുന്നത്.

സാമുവല്‍ റോബിന്‍സണ്‍ അബിയോളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്;

എല്ലാവരോടുമായി ഒരു പ്രത്യേക വിഷയം പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

കേരളത്തിലെ നിര്‍മാതാക്കളില്‍ നിന്നും എനിക്ക് വംശീയമായ വിവേചനംനേരിടേണ്ടി വന്നു. ഇതു ഞാന്‍ നേരത്തെ തുറന്നു പറയാന്‍ തയ്യാറാകാതെ സ്വയം നിയന്ത്രിക്കുകയായിരുന്നു. ഇപ്പോള്‍ ഞാന്‍ ഇതേക്കുറിച്ച് പറയാന്‍ തയ്യാറാണ്.

നാളെ മറ്റൊരു കറുത്ത വര്‍ഗ്ഗക്കാരനായ നടനും ഇതേ അവസ്ഥ സംഭവിക്കരുത് എന്ന ആഗ്രഹം കൊണ്ടാണ് ഇപ്പോള്‍ ഞാനിത് പറയന്നത്. കേരളത്തില്‍ വച്ച് എനിക്ക് നേരിടേണ്ടി വന്നത് വംശീയ വിവേചനമായിരുന്നു. അത് ആക്രമണം ഒന്നുമായിരുന്നില്ല. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ അഭിനയിച്ചതിന് എനിക്ക് തന്നത്, എന്നെക്കാള്‍ അനുഭവപരിചയം കുറഞ്ഞ ഇന്ത്യന്‍ താരങ്ങളേക്കാള്‍ വളരെ കുറഞ്ഞ തുകയാണ്. എനിക്ക് സാധാരണ കിട്ടുന്ന വേതനത്തെക്കാള്‍ കുറവ്.

മറ്റു യുവതാരങ്ങളുമായി പ്രതിഫലത്തെക്കുറിച്ച് സംസാരിച്ചപ്പോഴാണ് എനിക്കിതിനെ കുറിച്ച് മനസിലായത്. എന്റെ തൊലിയുടെ നിറം കറുപ്പായതുകൊണ്ടും ദരിദ്രരായ ആഫ്രിക്കകാര്‍ക്ക് പണത്തിന്റെ വിലയറിയില്ല എന്ന പൊതുധാരണ കൊണ്ടുമാണ് ഇങ്ങനെ സംഭവിച്ചതെന്നു ഞാന്‍ കരുതുന്നു. സംവിധായകനും രചയിതാവുമായ സക്കറിയ അദ്ദേഹത്തെക്കൊണ്ട് കഴിയുന്നതുപോലെ സഹായിച്ചിരുന്നു., അദ്ദേഹമായിരുന്നില്ല സിനിമയ്ക്കു വേണ്ടി പണം മുടക്കിയ ആള്‍, അതുകൊണ്ട് തന്നെ വളരെ കുറിച്ച് കാര്യമെ അദ്ദേഹത്തിന് ചെയ്യാന്‍ കഴിഞ്ഞുള്ളൂ. സക്കറിയ സ്‌നേഹമുള്ളവനും കഴിവുള്ള സംവിധായകനുമാണ്.

ചിത്രം വിജയിച്ചാല്‍ കൂടുതല്‍ പ്രതിഫം നല്‍കാമെന്നാണ് ചിത്രീകരണം നടക്കുമ്പോള്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ വാഗ്ദാനം. പക്ഷേ ഒന്നും പാലിക്കപ്പെട്ടില്ല, ഇപ്പോള്‍ ഞാന്‍ തിരിച്ചു നൈജീരിയയില്‍ എത്തുകയും ചെയ്തു. ചിത്രത്തിന്റെ ഷൂട്ടിംഗും പ്രമോഷന്‍ പരിപാടികളുമായി കഴിഞ്ഞ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍, ഈ വര്‍ഷം ജനുവരി, മാര്‍ച്ച് എന്നിങ്ങനെ അഞ്ച് മാസം എന്നെ കേരളത്തില്‍ തന്നെ പിടിച്ചു നിര്‍ത്താനുള്ള ഗൂഡലക്ഷ്യത്തോടെയായിരുന്നു ആ വാഗ്ദാനങ്ങളെല്ലാം എന്നാണ് ഞാനിപ്പോള്‍ വിശ്വസിക്കുന്നത്. ചിത്രം ഇപ്പോള്‍ വലിയ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.

എനിക്ക് ആരാധകര്‍ തന്നെ സ്‌നേഹത്തിനും, ഉജ്ജ്വലമായ കേരള സംസ്‌കാരം അനുഭവിക്കാന്‍ നല്‍കിയ അവസരത്തിനും എല്ലാവരോടും നന്ദിയുണ്ട്. പക്ഷേ ഇതേക്കുറിച്ച് ഇനിയും മൗനം പാലിക്കാന്‍ എനിക്കാവില്ല. അടുത്ത തലമുറയിലെ കറുത്ത വര്‍ഗ്ഗക്കാരായ നടന്‍മാര്‍ക്കെങ്കിലും ഇത്തരം പ്രതിസന്ധികള്‍ നേരിടേണ്ടി വരാതിരിക്കാന്‍ ഇതിനെതിരെ പ്രതികരിക്കേണ്ട ഉത്തരവാദിത്തം ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ എന്ന നിലയില്‍ എനിക്കുണ്ട്…. വംശീയവും ജാതീയവുമായ വിവേചനങ്ങള്‍ക്കെതിരെ അരുത് എന്നു തന്നെ നമ്മള്‍ പറയണം.

സാമുവല്‍ അബിയോള റോബിന്‍സണ്‍

സാമുവലിന്റെ ഈ പോസ്റ്റിനെതിരേ കേരളത്തില്‍ നിന്നും പല എതിരഭിപ്രായങ്ങളും ഉയര്‍ന്നു വന്ന സാഹചര്യത്തില്‍, താന്‍ പറഞ്ഞതില്‍ വ്യക്തവരുത്തി സാമുവല്‍ മറ്റൊരു ഫെയ്‌സ്ബുക്ക് പോസ്റ്റ് കൂടി ഇട്ടു. ഇതിലും താന്‍ സിനിമയുടെ നിര്‍മാതാക്കളില്‍ നിന്നും വംശീയമായ വിവേചനം നേരിട്ടു എന്ന കാര്യത്തില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയാണ്.

സാമുവലിന്റെ രണ്ടാമത്തെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

എന്റെ മുന്‍ പ്രസ്താവനയ്‌ക്കെതിരേ ഫെയ്‌സ്ബുക്കിലൂടെ ധാരാളം നെഗറ്റീവ് കമന്റുകള്‍ എനിക്കു കിട്ടി.

മലയാളത്തിലെ പുതുമുഖങ്ങള്‍ക്ക് സാധാരണ കിട്ടുന്ന പ്രതിഫലത്തെക്കാള്‍ കുറഞ്ഞ വേതനമാണ് എനിക്ക് കിട്ടിയത്, അത് വാസ്തവമാണ്. നൈജീരിയയില്‍ ഞാന്‍ വാങ്ങിക്കുന്നതിനെക്കാള്‍ കുറഞ്ഞ പ്രതിഫലത്തില്‍ ഈ സിനിമയില്‍ അഭിനയിക്കാന്‍ തയ്യാറായത് ഇത് ചെറിയ ബഡ്ജറ്റില്‍ ചെയ്യുന്ന ഒരു സ്വതന്ത്ര സിനിമയാണെന്ന പരിഗണനയിലാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പലയിടത്തു നിന്നും ഞാന്‍ മനസിലാക്കിയത് സാമന്യം ഭേദപ്പെട്ട ബഡ്ജറ്റ് തന്നെയാണ് ഈ ചിത്രത്തിനുമെന്നാണ്. നൈജീരിയിലേക്ക് ഞാന്‍ തിരിച്ചു പോകുന്നതിനു മുമ്പായി എനിക്ക് കൂടുതല്‍ പണം നല്‍കും എന്ന വാഗ്ദാനം വിശ്വസിച്ച് ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കായി ഞാന്‍ അകമഴിഞ്ഞ പിന്തുണ നല്‍കി. വെറും ഏഴുദിവസം കൊണ്ട് മുടക്കു മുതലിന്റെ രണ്ടിരട്ടിയാണ് ചിത്രം ബോക്‌സ് ഓഫിസില്‍ നിന്നും നേടിയത്.

കേരളത്തിലെ ജനങ്ങള്‍ വംശവെറിക്കാരാണെന്ന് ഞാന്‍ കരുതുന്നില്ല. അവിടുത്തെ പൊതുജനത്തില്‍ നിന്നും ഒരുതരത്തിലുമുള്ള വംശവിരോധവും എനിക്ക് നേരിടേണ്ടിയും വന്നിട്ടില്ല. കേരളം ഞാന്‍ ഏറെ ആസ്വദിച്ചു, അവിടുത്തെ സംസ്‌കാരം, ബിരിയാണി, അങ്ങനെയെല്ലാം…

ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വളരെ എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതായിട്ടും മാന്യമായ പ്രതിഫലം എനിക്ക് തരാതിരുന്നതത് എന്നെ മാനസികമായി മുറിവേല്‍പ്പിച്ചിട്ടുണ്ട്. ഒരു ബിഗ് ബഡ്ജറ്റ് സിനിമയ്‌ക്കെന്നപോലെ പ്രമോഷന്‍ പരിപാടികള്‍ക്കും മറ്റും പിന്തുണകൊടുത്തു ചിത്രത്തിന് വലിയ പ്രചാരം നേടിക്കൊടുത്ത എനിക്ക് ഒട്ടും അനുഭവപരിചയമില്ലാത്ത ഒരു പുതുമുഖതാരത്തേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് നല്‍കിയത്. ഇത്തരമൊരു സമീപനം വംശീയവിചേനം തന്നെയാണെന്ന് ഞാന്‍ കരുതുന്നു.

കേരളത്തെ ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നു, എനിക്ക് തുടര്‍ന്നും തന്നുകൊണ്ടിരിക്കുന്ന പിന്തുണയേയും ഞാന്‍ അഭിനന്ദിക്കുന്നു.