കലിപ്പ് തീര്‍ത്ത് കപ്പുയര്‍ത്തി കേരളം; പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം സന്തോഷ് ട്രോഫിയില്‍ മുത്തമിട്ടു കേരളം

0

സന്തോഷ് ട്രോഫിയില്‍ കേരളത്തിന് ആറാം കിരീടം. എക്‌സ്ട്രാ ടൈമും കഴിഞ്ഞ് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍ ബംഗാളിനെ 4-2ന് മറികടന്നാണ് കേരളം കീരീടം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചപ്പോള്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. പെനാല്‍റ്റിയില്‍ അഞ്ചില്‍ നാല് അവസരങ്ങളും കേരളം ബംഗാളിന്റെ ഗോള്‍വല കുലുക്കി. ബംഗാളിന് രണ്ട് ഗോളുകള്‍ മാത്രമാണ് നേടാനായത്.

പൂർണ സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. തുടർന്നാണ് മത്സരം പെനൽ‌റ്റിയിലേക്കു പോയത്. പെനൽറ്റിയിൽ സമഗ്രാധിപത്യം പുലർത്തിയ കേരളം കലിപ്പും അടക്കി, കപ്പും അടിച്ചു.

പന്തടക്കത്തിലും കളി മികവിലും ബംഗാൾ മുന്നിട്ടു നിന്നെങ്കിലും ആദ്യപകുതിയിൽ ഗോൾ നേടാൻ അവർക്കായില്ല. എന്നാൽ ലഭിച്ച അവസരം കൃത്യമായി വിനിയോഗിച്ച കേരളം 19–ാം മിനിറ്റിൽ ലീഡെടുത്തു. എം.എസ്. ജിതിനാണ് കേരളത്തിനായി ആദ്യ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ലീഡ് വഴങ്ങിയതോടെ ബംഗാൾ കൂടുതൽ സമ്മർദ്ദത്തിലായി. സെറ്റ്പീസുകള്‍ ലക്ഷ്യത്തിലെത്തിക്കുന്നതിലും അവർ പരാജയപ്പെട്ടു. എന്നാൽ രണ്ടാം പകുതിയിൽ 67–ാം മിനിറ്റിൽ ജിതൻ മുർമു ബംഗാളിനായി ഗോൾ നേടി.

കളി അധിക സമയത്തേക്ക് നീട്ടിയിട്ടും പെനൽറ്റിയിലേക്കു നീങ്ങുമെന്നു തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു പിന്നീട്. എക്സ്ട്രാ ടൈമിൽ പകരക്കാരനായിറങ്ങിയ മിനിറ്റുകൾക്കകം വിപിന്‍ തോമസ് കേരളത്തിനായി ലക്ഷ്യം കണ്ടു. എന്നാൽ ബംഗാൾ വീണ്ടും സമനില പിടിച്ചു. തുടർന്ന് പെനൽറ്റി ഷൂട്ടൗട്ടിൽ 4–2ന് കേരളം ജയം പിടിച്ചെടുക്കുകയായിരുന്നു.