സമൂഹമാധ്യമങ്ങളില്‍ തരംഗമായി ‘സറാഹാ’

0

കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങൾ കൊണ്ട് ഏറ്റവുമധികം രജിസ്റ്റർ ചെയ്യപ്പെട്ട ആപ്ലിക്കേഷൻ എതാണെന്ന് ചോദിച്ചാല്‍ അതിനു ഒരുത്തരമേയുള്ളൂ , സറാഹാ (sarahah). സറാഹായെ ഒറ്റവാക്കില്‍ ഒരു ‘മുഖമില്ലാത്ത ആപ്പ്’ എന്ന് പറയാം.

പല പ്രത്യേകതകള്‍  നിമിത്തം ഇന്ന് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച നടക്കുന്ന വിഷയങ്ങളിലോന്നായി മാറിക്കഴിഞ്ഞു ഈ ആപ്പ്. സ്ത്രീകള്‍ ആണ് ഇത് ഏറ്റവുമധികം ഉപയോഗിക്കുന്നത് എന്നതും കൌതകകരമാണ്. പേര് വെളിപ്പെടുത്താതെ ഒരാൾക്ക് മെസേജ് അയക്കാനുള്ള മാർഗ്ഗമാണ് സറാഹ എന്ന ആപ്ലിക്കേഷൻ ഒരുക്കുന്നത്. മുഖത്ത് നോക്കി പറയാൻ മടിക്കുന്ന രഹസ്യങ്ങൾ ഒരാളോട് തുറന്നു പറയാം. സൗദി അറേബ്യൻ പ്രോഗ്രാമർ സൈൻ അലബ്ദിൻ തൗഫീഖ് ആണ് ഈ ആപ്ലിക്കേഷൻ തുടങ്ങിയതെന്ന് പറയപ്പെടുന്നു. മെസേജുകൾ അയക്കപ്പെടുക എന്നത് തന്നെയായിരുന്നു ഈ ആപ്ലിക്കേഷന്റെ നിർമ്മാണത്തിന് പുറകിൽ.

ആരാണെന്ന് വെളിപ്പെടുത്താതെ ആര്‍ക്കെങ്കിലും സന്ദേശം അയക്കണമെങ്കില്‍ ഈ ആപ്പില്‍ ഒരു പ്രൊഫൈല്‍ ഉണ്ടാക്കേണ്ട താമസമെയുള്ളൂ.ലോഗിന്‍ ചെയ്യാതെ സറാഹാ ആപ്പ് ഉപയോഗിക്കാം. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്നതിനോടൊപ്പം ഉപയോക്താക്കള്‍ക്ക് അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള അവസരവും ആപ്പിലുണ്ട്. വരുന്ന സന്ദേശങ്ങള്‍ ആപ്പിലേ ഇന്‍ബോക്‌സിലാണ് എത്തുക. അവ നിങ്ങള്‍ക്ക് ഫ്‌ളാഗ് ചെയ്യുകയോ ഡിലീറ്റ് ചെയ്യുകയോ അതിന് മറുപടി നല്‍കുകയോ പിന്നീട് എളുപ്പത്തില്‍ കണ്ടെത്താന്‍ വേണ്ടി ഫേവറേയിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യാം. ഈ ആപ്പ് ആന്‍ഡ്രോയിഡ് ഐഓഎസ് പതിപ്പുകളില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.

സറാഹ രജിസ്റ്റർ ചെയ്തവരൊക്കെ മെസേജുകൾ ഫെയ്‌സ്ബുക്കിൽ പങ്കുവയ്ക്കാനും തുടങ്ങിക്കഴിഞ്ഞു. അങ്ങനെയൊരു ഓപ്‌ഷൻ സറാഹ രജിസ്റ്റർ ചെയ്യുന്നവർക്ക് നൽകുന്നുമുണ്ട്. മെസേജുകളയക്കുന്നവർക്ക് മറുപടി നൽകാനുള്ള മാർഗ്ഗം നിലവിൽ ഇല്ലാത്തതിനാൽ സമൂഹമാധ്യമങ്ങൾ വഴി ആ വ്യക്തിയ്ക്ക് മറുപടി പബ്ലിക്ക് ആയി നൽകാം. ആ വ്യക്തിയുടെ പ്രൊഫൈൽ പിന്തുടരുന്ന ആളാണ് സന്ദേശമയച്ചതെങ്കിൽ മറുപടി കാണുകയും ചെയ്യും. പക്ഷെ വളരെ സ്വകാര്യമായി അയയ്ക്കുന്ന കുറിപ്പുകൾ പബ്ലിക്ക് ആക്കുന്നതിനോട് വിരോധം ഉള്ളവരുമുണ്ട്.

ബിബിസി റിപ്പോര്‍ട്ട് അനുസരിച്ച് 3 കോടി ഉപയോക്താക്കള്‍ സറാഹാ ആപ്പ് ഉപയോക്താകളായിട്ടുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പതിനായിരത്തോളം ആളുകള്‍ ആളുകള്‍ ആപ്പിന് 5 സ്റ്റാര്‍ നല്‍കിയപ്പോള്‍ 9,652 ആളുകള്‍ വണ്‍ സ്റ്റാര്‍ മാത്രമാണ് നല്‍കിയിരിക്കുന്നത്. അജ്ഞാതരായി നില്‍ക്കാന്‍ കഴിയുമെന്നതിനാല്‍ ആപ്പ് പലവിധത്തിലും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയും ഏറെയാണ്.

ആരൊക്കെ എന്തൊക്കെ പറയുന്നു എന്നറിയാനുള്ള കൗതുകം. ഇതുവരെ പറയാൻ മടിച്ചതെന്തെങ്കിലും ആരെങ്കിലും പറയുമോ എന്നറിയാനുള്ള കൗതുകം.അങ്ങനെ നിരവധി കൌതുകങ്ങള്‍ നിറച്ചു സറാഹ കത്തിക്കെറുകയാണ് ഇപ്പോള്‍.  താൽക്കാലികമായ കൗതുകം  ഇല്ലാതായി കഴിഞ്ഞാൽ സറാഹയുടെ ഗതി എന്താകുമെന്നു കണ്ടറിയണം.