പാസ്സുണ്ടായിട്ടും യാത്ര സൗകര്യമില്ല; ബെംഗളൂരുവിൽനിന്ന് വയനാട്ടിലേക്ക് നടക്കാനൊരുങ്ങി സംവിധായകൻ

0

ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് നാട്ടിൽ പോകാനുള്ള പാസ് ലഭിച്ചിട്ടും യാത്രാസൗകര്യം ലഭിക്കുന്നില്ലെന്ന ആരോപണവുമായി സംവിധായകനും എഴുത്തുകാരനുമായ ശരത്ചന്ദ്രൻ. കന്നഡ സിനിമയുമായി ബന്ധപ്പെട്ട് മാർച്ച് ആദ്യമാണ് ഇദ്ദേഹം ബംഗളൂരിലെത്തിയത്.

തുടർന്ന് ലോക്ഡൗൺകാരണം നാട്ടിൽ പോകാൻ കഴിയാതെ ബെംഗളൂരു സദാശിവനഗറിൽ താമസിക്കുകയായിരുന്നു. ഇതിനിടെ കേരളത്തിന്റെയും കർണാടകത്തിന്റെയും പാസ് കിട്ടിയിട്ടും യാത്രയ്ക്കുള്ള സൗകര്യം ആരും ചെയ്തുതന്നില്ലെന്ന് ഫെയ്സ്ബുക്ക് വീഡിയോയിലൂടെ ശരത്ചന്ദ്രൻ വ്യക്തമാക്കിയിരുന്നു.

പല പ്രമുഖരുമായും ബന്ധപ്പെട്ടിട്ടും യാത്രാസൗകര്യം ലഭിച്ചില്ല. അതിനാൽ തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിൽനിന്ന് മുത്തങ്ങയിലേക്കു നടന്നുപോകാനാണ് തീരുമാനമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് വീഡിയോയിൽ പറഞ്ഞു. പ്രായമായ അമ്മയെ കാണാനും ആശുപത്രിയിൽ പോകാനുമാണ് നാട്ടിലേക്കു പോകുന്നതെന്നും നടന്നുപോകാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.