സരിത എസ് നായർ വയനാട്ടിൽ രാഹുലിനെതിരെയും മത്സരിക്കും

0

തിരുവനന്തപുരം: എറണാകുളത്തിന് പുറമേ വയനാട്ടിൽ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് സരിത എസ് നായർ. കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട സോളാർ തട്ടിപ്പ് കേസിൽ പാർട്ടി നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് മത്സരം.

വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാനുള്ള ഒരുക്കങ്ങൾ സരിത തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി ഇരു മണ്ഡലങ്ങളിലും സ്ഥാനാർഥിയാകുമെന്ന് വ്യക്തമാക്കി കേസുകളുടെ വിശദാംശങ്ങൾ ഉൾപ്പെടുത്തി സരിതാ നായർ പത്രപ്പരസ്യം നൽകി.

നേരത്തെ എറണാകുളത്ത് ഹൈബി ഈഡൻ എംഎൽഎ ക്കെതിരെ മത്സരിക്കുമെന്ന് സരിത വ്യക്തമാക്കിയിരുന്നു. എറണാകുളത്ത് മത്സരിക്കാൻ സരിത കളക്ട്രേറ്റിലെത്തി പത്രിക വാങ്ങുകയും ചെയ്തിരുന്നു.

രാഹുൽ ഗാന്ധി വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തിയതോടെയാണ് സരിത വയനാട്ടിലും മത്സരിക്കാനൊരുങ്ങുന്നത്.കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി മെയിലുകളും ഫാക്സുകളും അയക്കുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ല.

ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാവാന്‍ മത്സരിക്കുന്ന ആള്‍ ഇങ്ങനെയാണോ ഒരു സ്ത്രീയുടെ പരാതിയോട് പ്രതികരിക്കേണ്ടതെന്നും സരിത എസ് നായർ എറണാകുളത്ത് പത്രിക വാങ്ങാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരോട് ചോദിച്ചു.