ശശികല തമിഴ്‌നാട്ടിലേക്ക് പുറപ്പെട്ടു, യാത്ര അണ്ണാഡിഎംകെയുടെ കൊടിവച്ച വാഹനത്തിൽ

0

ബം​ഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയില്‍മോചിതയായ വി കെ ശശികല തമിഴ്നാട്ടിലേക്ക് തിരിച്ചു.നാലുവര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കി വി.കെ. ശശികല തമിഴ്‌നാട്ടില്‍ തിരിച്ചെത്തുന്നതോടെ വരും ആഴ്ചകളില്‍ തമിഴ്‌നാട് രാഷ്ട്രീയം സംഭവബഹുലമാകും.

അണ്ണാഡിഎംകെയുടെ കൊടി വച്ച കാറിലാണ് ശശികല മടങ്ങുന്നത്. കൊടി ഉപയോഗിക്കരുതെന്ന് പൊലീസ് നിർദേശം ഉണ്ടായിരുന്നു. കാറിന്‍റെ മുൻസീറ്റിൽ ജയലളിതയെപ്പോലെത്തന്നെ പച്ച സാരി ധരിച്ച് മടങ്ങുകയാണ് ശശികല. ശശികലയുടെ വരവിനോട് അനുബന്ധിച്ച് നിരവധി നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വന്‍പോലീസ് സന്നാഹമാണ് കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയിലുള്ളത്.

ബെംഗളൂരു മുതൽ ചെന്നൈ വരെ 32 ഇടങ്ങളിലാണ് സ്വീകരണ പരിപാടികള്‍ എന്നാണ് ഔദ്യോ​ഗിക അറിയിപ്പെങ്കിലും 65ലേറെ ഇടങ്ങളിൽ ചിന്നമ്മയെ വരവേൽക്കാൻ പരിപാടികൾ ഒരുക്കിയിട്ടുണ്ടെന്നാണ് അണികൾ പറയുന്നത്.

ജയലളിത അടക്കം പ്രതിയായിരുന്ന അഴിമതിക്കേസുകളിൽ സുപ്രീംകോടതിയാണ് ശശികലയെ തടവുശിക്ഷയ്ക്ക് വിധിച്ചത്. ബെംഗളുരുവിലെ പരപ്പന അഗ്രഹാര ജയിലിലായിരുന്നു ശശികല. നാല് വർഷത്തെ തടവുശിക്ഷ കഴിഞ്ഞ് ജനുവരി 7-നാണ് ശശികല പുറത്തിറങ്ങിയത്. അതിന് ശേഷം നടത്തിയ പരിശോധനയിൽ അവർക്ക് കൊവിഡുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന്, അവരെ ചികിത്സയ്ക്കായി ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗമുക്തയായ ശശികല നാല് വർഷത്തിന് ശേഷം ചെന്നൈയിലേക്ക് മടങ്ങുകയാണ്.

ജയലളിതയുടെ സമാധിയിലെത്തി ശക്തിപ്രകടനം നടത്താനൊരുങ്ങുകയാണ് ചിന്നമ്മ. എന്നാൽ റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്. എന്നാൽ വിലക്ക് ലംഘിച്ചും സമാധിയിലെത്തും എന്നാണ് ശശികലയുടെ നിലപാട്. ശശികലയുടെ മടങ്ങിവരവ് പാർട്ടിയുടെ ശക്തി തെളിയിക്കുന്ന വൻപ്രകടനമാക്കി മാറ്റാനൊരുങ്ങുകയാണ് ടിടിവി ദിനകരൻ.