പ്രവാസികൾക്ക് ആശ്വാസം; ഇന്ത്യയിലെ കോവിഷീല്‍ഡ് വാക്സിന് സൗദിയില്‍ അംഗീകാരം

1

ജിദ്ദ: ഇന്ത്യയിൽ നിലവിൽ വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്സിന് സൗദി ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന കോവിഷീല്‍ഡ് വാക്സിന്‍ സൗദിയിലെ ആസ്ട്രസെനെക വാക്സിന്‍ തന്നെയെന്ന് സൗദി അധികൃതര്‍ അംഗീകരിച്ചതായി റിയാദ് ഇന്ത്യന്‍ എംബസി അറിയിച്ചു. പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകുന്ന ഈ തീരുമാനത്തോടെ കോവിഷീൽഡ് വാക്സിനെടുത്ത് സൗദിയിലെത്തുന്ന ഇന്ത്യൻ പ്രവാസികൾക്ക് ക്വാറന്റീനില്ലാതെ രാജ്യത്ത് പ്രവേശിക്കാൻ വഴിയൊരുങ്ങും.

സൗദി അറേബ്യയില്‍ അംഗീകരിച്ച നാല് കോവിഡ് വാക്‌സിനുകളില്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ‘ആസ്ട്രസെനെക’ എന്ന പേരിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ആസ്ട്രസെനെക എന്ന കമ്പനിയുടെ വാക്സിന്റെ പേരാണ് കോവിഷീല്‍ഡ്.

ഇന്ത്യയിലും സൗദിയിലും ഒരേ വാക്‌സിന്‍ രണ്ട് പേരുകളില്‍ അറിയപ്പെടുന്നത് വിവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നും വാക്‌സിന്‍ എടുത്തു സൗദിയിലേക്ക് യാത്രചെയ്യേണ്ട പ്രവാസികള്‍ക്ക് ലഭിച്ചിരുന്ന സര്‍ട്ടിഫിക്കറ്റില്‍ കോവിഷീല്‍ഡ് എന്ന് മാത്രം രേഖപ്പെടുത്തിയിരുന്നതിനാല്‍ അത്തരക്കാര്‍ സൗദിയിലെത്തിയാല്‍ ഒരാഴ്ചത്തെ ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീന്‍ നിര്‍ബന്ധമായിരുന്നു.

ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് നേരിട്ടുള്ള പ്രവേശനം നിലവിൽ സാധ്യമല്ല. എന്നാൽ മറ്റ് രാജ്യങ്ങളിലൂടെ ഇന്ത്യക്കാർ സൗദിയിലെത്തുന്നുണ്ട്. ആരോഗ്യമന്ത്രാലയം അംഗീകരിച്ച വാക്സിനുകളിൽ ഏതെങ്കിലും സ്വീകരിച്ചവർക്ക് ക്വാറന്റീൻ വേണ്ടെന്ന് സൗദി അറിയിച്ചിരുന്നു. എന്നാൽ ഇന്ത്യയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അസ്ട്രസെനക്കയുമായി ചേർന്ന് നിർമിക്കുന്ന വാക്സിന് കോവിഷീൽഡ് എന്ന് പേരായത് സൗദി അംഗീകരിച്ചിരുന്നില്ല. ഇന്ത്യൻ എംബസി അധികൃതർ ഇടപെട്ടാണ് രണ്ട് വാക്സിനുകളും അംഗീകരിക്കപ്പെടുന്നത്. അസ്ട്രസെനക്ക കൂടാതെ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ്‌ ജോൺസൺ എന്നിവയാണ് സൗദി അംഗീകരിച്ച മറ്റു വാക്സിനുകൾ.