പ്രവാസികൾക്ക് സൗദിയിൽ ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷ തുടങ്ങി; പ്രൊഫഷണലുകള്‍ക്ക് പരീക്ഷ നിര്‍ബന്ധമാകും

1

റിയാദ് ∙ വിദേശത്തുനിന്നുള്ള വിദഗ്ധതൊഴിലാളികളുടെ പരിജ്ഞാനം ഉറപ്പുവരുത്താൻ സൗദി അറേബ്യ പ്രഫഷനൽ പരീക്ഷയ്ക്കു തുടക്കം കുറിച്ചു. മതിയായ യോഗ്യതയും തൊഴില്‍ ചെയ്യാനുള്ള കഴിവുമുള്ള വിദേശികളെ മാത്രം രാജ്യത്തേക്ക് റിക്രൂട്ട് ചെയ്യാനും യോഗ്യതകളില്ലാത്തവരെ ഒഴിവാക്കാനും കൂടിയാണ് പുതിയ നടപടി.

പുതുതായി ജോലിക്ക് അപേക്ഷിക്കുന്നവർക്കു സ്വന്തം നാട്ടിലായിരിക്കും പരീക്ഷ. നിലവിൽ പ്രഫഷനൽ തസ്തികയിൽ ജോലി ചെയ്യുന്നവർ ജൂലൈ മുതൽ പരീക്ഷ എഴുതി യോഗ്യത നേടണം. യോഗ്യത തെളിയിക്കാൻ പറ്റാത്തവരെ ഒഴിവാക്കും.

തൊഴില്‍ രംഗത്തെ ഗുണനിലവാരം ഉറപ്പുവരുത്തുകയാണ് പരീക്ഷാ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. വിദേശ മന്ത്രാലയം, സാങ്കേതിക വിദ്യാഭ്യാസ – തൊഴില്‍ പരീശീലന കോര്‍പറേഷന്‍ എന്നിവയുമായി സഹകരിച്ച് സൗദി മാനവ വിഭവശേഷിസാമൂഹിക വികസന മന്ത്രാലയമാണ് പരീക്ഷ നടത്തുന്നത്.

പുതിയതായി സൗദിയിലേക്ക് വരുന്ന വിദേശികൾ, അവരവരുടെ രാജ്യത്ത് വച്ച് തന്നെ തെരഞ്ഞെടുക്കപ്പെട്ട അന്താരാഷ്ട്ര പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്ന തൊഴിൽ നൈപുണ്യ പരീക്ഷ പാസായാൽ മാത്രമേ തൊഴിൽ വിസ സ്റ്റാമ്പ് ചെയ്യുകയുള്ളൂ.

ഇതിന്‍റെ മുന്നോടിയായി നിലവിൽ സൗദിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ പരീക്ഷക്ക് തയാറാക്കാൻ മാനവശേഷി സാമൂഹിക വികസന മന്ത്രാലയം സൗദിയിലെ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. തൊഴിലുടമക്ക് എസ്.വി.പി ഡോട്ട് ക്യൂ ഐ ഡബ്ല്യൂ എ ഡോട്ട് എസ്.എ എന്ന വെബ്സൈറ്റ് വഴി, തൊഴിലാളികളെ പരീക്ഷക്ക് ഹാജരാക്കാൻ ഉദേശിക്കുന്ന സ്ഥാപനങ്ങൾ തെരഞ്ഞെടുക്കാം.

കൂടാതെ പരീക്ഷ നടത്താൻ താത്പര്യമുള്ള സ്ഥാപനങ്ങൾക്കും ഇതേ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. 23 ഫീൽഡുകളിലായി ആയിരത്തിലധികം പ്രഫഷനുകളിലുള്ളവർക്ക് പരീക്ഷ പാസാകേണ്ടി വരുമെന്നാണ് സൂചന.