കോവിഡ് –19: വിലക്ക് കാരണം ഉംറ മുടങ്ങിയ തീർഥാടകർക്ക് ഫീസ് തിരിച്ച് നൽകും

0

റിയാദ്: കൊവിഡ് 19 ഭീഷണിയെത്തുടര്‍ന്ന് സൗദിയിലേക്ക് ഉംറ തീർഥാടകരുടെ പ്രവേശനം താൽക്കാലികമായി നിർത്തിവെച്ച പശ്ചാത്തലത്തിൽ നിലവിൽ അപേക്ഷിച്ചവരുടെ വിസ ഫീസും സർവിസ് ഫീസും തിരികെ നൽകും. അതത് രാജ്യങ്ങളിലെ ഉംറ ഏജൻസികൾ വഴിയാണ് തിരികെ നൽകുകയെന്നും റീഫണ്ട് ലഭിക്കുന്നതിന് അപേക്ഷ ഓൺലൈൻ വഴി നൽകാമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് മന്ത്രാലയത്തിലെ സേവന കേന്ദ്രവുമായി 00966-920002814 എന്ന നമ്പറിലോ [email protected] എന്ന ഇ–മെയിൽ ഐഡിയിലോ ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഉംറയ്‌ക്കായി വരുന്നവർക്കും മദീനയിലെ പ്രവാചക പള്ളി സന്ദർശിക്കുന്നവർക്കുമായി സൗദി അറേബ്യ രാജ്യത്തിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിർത്തിവച്ചിരുന്നു. കൊറോണ വൈറസ് അപകടകരമായി പടരുന്ന രാജ്യങ്ങളിൽ നിന്ന് വരുന്ന ടൂറിസ്റ്റ് വീസ ഉടമകളുടെ പ്രവേശനവും രാജ്യം താൽക്കാലികമായി വിലക്കിയിരുന്നു. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്ന് പുണ്യനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും പൗരന്മാരുടെ പ്രവേശനവും റദ്ദ് ചെയ്തതിനെ തുടർന്നാണ് ഈ പ്രഖ്യാപനം.

തുടർച്ചയായി 14 ദിവസമായി രാജ്യത്ത് തുടരുന്നതും കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കാണിക്കാത്തതുമായ ജിസിസി പൗരന്മാരെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും അവർക്ക് ഉംറ നിർവഹിക്കുന്നതിന് ഹജ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്നു പെർമിറ്റ് നേടാമെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

എം‌പ്ലോയ്‌മെന്റ് വീസ, വർക്ക് വിസിറ്റ് വീസ, ബിസിനസ് വിസിറ്റ് വീസ, ഫാമിലി വിസിറ്റ് വീസ എന്നിവ കൈവശമുള്ള യാത്രക്കാരെ രാജ്യം ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്ന് സൗദി അധികൃതർ വ്യക്തമാക്കി. മേൽപ്പറഞ്ഞ എല്ലാ വീസ ഉടമകളെയും കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കും.