ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ പദ്ധതിയുമായി സൗദി അറേബ്യ

1

ജിദ്ദ: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കായി സൗദി അറേബ്യ പുതിയ വിസാ പദ്ധതി ഉടൻ അവതരിപ്പിക്കും. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യ 2019ൽ ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും വിനോദ സഞ്ചാരത്തിനായി രാജ്യത്തേക്ക് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൗദി ടൂറിസം മന്ത്രി, ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കായി പ്രത്യേക വിസ കൊണ്ടുവരുമെന്ന വിവരം പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് സൗദി അറേബ്യയിലെ ടൂറിസം മേഖലയില്‍ 40 ശതമാനം ഇടിവുണ്ടായി.

2019ൽ രാജ്യത്തെ ടൂറിസം രംഗത്തെ തൊഴിലവസരങ്ങൾ മൂന്ന് ശതമാനമായിരുന്നെങ്കില്‍ 2030ഓടെ ഇത് 10 ശതമാനത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ ടൂറിസം മേഖലയിൽ 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. 2019ൽ സൗദി അറേബ്യയുടെ മൊത്ത ആഭ്യന്തര വരുമാനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന മൂന്ന് ശതമാനമായിരുന്ന സ്ഥാനത്തു നിന്ന് 2030ഓടെ അത് 10 ശതമാനത്തില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.