ഇനി പ്രവാസികൾക്ക് ആശ്വസിക്കാം; ലെവി ഇളവിന് മന്ത്രിസഭയുടെ അംഗീകാരം

0

പ്രവാസികൾക്ക് ആശ്വാസമായി സൗദിയിൽ വ്യവസായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസികൾക്കായുള്ള ലെവി ഇളവിന് മന്ത്രിസഭയുടെ അംഗീകാരം. വ്യാവസായിക ലൈസൻസോടെ പ്രവർത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ലെവി ഇളവ് അനുവദിക്കാനാണ് സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗ തീരുമാനം.അടുത്ത മാസം മുതൽ അഞ്ച് വർഷത്തേക്കാണ് വ്യവസായ സ്ഥാപങ്ങളിലെ വിദേശ തൊഴിലാളികളെ ലെവിയിൽ നിന്ന് ഒഴിവാക്കുക.

പുതിയ തീരുമാനപ്രകാരം വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളിയുടെ അഞ്ചു വർഷത്തെ ലെവി തുക സർക്കാരാണ് വഹിക്കുക. സ്വദേശികളേക്കാൾ കൂടുതൽ വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളിയുടെ പ്രതിമാസ ലെവി ഈ വർഷം 600 റിയാലും സ്വദേശികളേക്കാൾ കുറവ് വിദേശികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി 500 റിയാലുമാണ്.എന്നാൽ അടുത്ത വർഷം ഇത് യഥാക്രമം 800 റിയാലും 700 റിയാലയും ഉയരും.

സ്വകാര്യ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന സ്വദേശികളുടെ എണ്ണത്തേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 800 റിയാലും സ്വദേശികളുടെ എണ്ണത്തിന് തുല്യമോ അതിൽ കുറവോ ആയ വിദേശികൾക്ക് പ്രതിമാസം 700 റിയലുമാണ് ലെവി.വ്യവസായ മേഖലയിൽ നിക്ഷേപം വർദ്ധിപ്പിക്കാനും കയറ്റുമതി ഉയർത്താനും ലക്ഷ്യമിട്ടാണ് ലെവി ഒഴിവാക്കിയത്. രാജ്യത്തു സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന വിദേശികളിൽ 9.68 ശതമാനവും വ്യവസായ സ്ഥാപനങ്ങളിലാണ് ജോലിചെയ്യുന്നത്.