സൗദിയില്‍ അംഗീകാരമില്ലാത്ത വാഹനങ്ങളില്‍  യാത്രികരെ കൂടെകൂട്ടിയാല്‍ ചിലപ്പോള്‍ കിട്ടുക എട്ടിന്റെ പണി

0

സൗദിയില്‍ അംഗീകാരമില്ലാത്ത വാഹനങ്ങളില്‍  യാത്രികരെ കൂടെകൂട്ടിയാല്‍ ചിലപ്പോള്‍ കിട്ടുക എട്ടിന്റെ പണിയാകും. കഴിഞ്ഞ ദിവസം മലയാളി യുവാവിനു ഈ അബദ്ധം നിമിത്തം പിഴ ഒടുക്കേണ്ടി വന്നത് അയ്യായിരം റിയാലാണ്. ജിദ്ദയില്‍നിന്നും മക്കയിലേക്കുള്ള യാത്രയില്‍ മലയാളി യുവാവ് തന്റെ സ്വകാര്യ വാഹനത്തില്‍ കൂട്ടുകാരനെ കയറ്റിയതാണ് ഇതിന്റെ കാരണം.

ജിദ്ദ അടക്കമുള്ള സൗദിയിലെ വിവിധ പട്ടണങ്ങള്‍ക്കുള്ളിലും അംഗീകാരമില്ലാത്ത സ്വകാര്യ വ്യക്തികളുടെ വാഹനത്തില്‍ സഞ്ചരിക്കുന്നതും വാഹന ഉടമകക്ക് വലിയ പിഴ ലഭിക്കാന്‍ ഇടയാക്കും. കഴിഞ്ഞ ദിവസം ജിദ്ദയില്‍നിന്നും മക്കയിലേക്കുള്ള യാത്രക്കിടെ സുഹൃത്തായ മലയാളിയെ വാഹനത്തില്‍ കയറ്റിയ മറ്റൊരു മലയാളിക്ക് പിഴ ലഭിച്ചതും കള്ളടാക്‌സിയായി ഓടുന്നവരാണെന്ന സംശയത്തിലാണ്.

പരിചയത്തിന്റെ പേരിലും യാത്രയില്‍ ഒന്നിച്ചുള്ള ഒരു കൂട്ട് എന്ന് കരുതിയും പലരും തങ്ങളുടെ അടുത്ത ബന്ധുക്കളല്ലാത്തവരെ വാഹനത്തില്‍ കയറ്റി മക്കയിലേക്ക് പോകാറുണ്ട്. ഇത് ട്രാഫിക്ക് വിഭാഗം പോലീസിന് സംശയമുളവാക്കിയാല്‍ പണം സമ്പാദിക്കാന്‍ ഓടുന്നതാണെന്ന് കരുതി പിടികൂടാനും ഡ്രൈവര്‍ക്ക് പിഴ ഈടാക്കാനും സാധ്യത ഉണ്ട്. ഇത്തരത്തിലാണ് മലയാളി യുവാവിനു പിഴ ലഭിച്ചത്.

പൊതു ഗതാഗതത്തിന് സൗദിയില്‍ അനുവദനീയമായ വിവിധ വാഹനങ്ങളുണ്ട്. സാധാരണ പൊതുനിരത്തുകളില്‍ ഓടുന്ന ലിമോസിനുകള്‍ യാത്രക്കാരെ കയറ്റാവുന്നവയാണ്. ലിമോസിനുകള്‍ക്ക് അതാത് പ്രദേശങ്ങളിലാണ് ഓടുവാനുള്ള അനുമതിയുള്ളത്. മക്കയിലേക്കുള്ള യാത്രക്കായി സ്വദേശികള്‍ ഓടിക്കുന്ന വലിയ വാഹനങ്ങളും സാപ്റ്റ്‌കോ കമ്പനികളുടെ വലിയ ബസ്സുകളുമുണ്ട്. മുമ്പൊക്കെ മഞ്ഞ നിറത്തിലുള്ളതും സ്വദേശികള്‍ ഓടിക്കുന്നതുമായ വാഹനങ്ങള്‍ മക്കയിലേക്ക് യാത്രക്കാരെ കയറ്റിപോകാറുണ്ട്. എന്നാല്‍ ഇപ്പോള്‍ കൂടുതലായി സൗദി പൗരന്‍മാരുടെ സ്വകാര്യ കാറുകളിലും വാനുകളിലും മറ്റുമാണ് മക്കയിലേക്ക് യാത്രപോകുവാന്‍ ഉപയോഗിക്കുന്നത്.